തിരുവനന്തപുരം: തീയറ്റർ ഉടമകളുടെ സമരമരങ്ങൾക്ക് ശേഷം റിലീസായ മലയാള ചിത്രങ്ങൾക്കും ഉണർവ്. സമരത്തിന് ശേഷം പുറത്തിറങ്ങിയ രണ്ട് മലയാള ചിത്രങ്ങളാണ് ബോക്‌സോഫീസിൽ കുതിപ്പു തുടരുന്നത്. മോഹൻലാൽ ചിത്രമായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ അതിവേഗം കുതിക്കുമ്പോൾ പിന്നാലെ ദുൽഖർ-സത്യൻ അന്തിക്കാട് ചിത്രമായ ജോമോന്റെ സുവിശേഷങ്ങളും പിന്നാലെയുണ്ട്.

റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും മോഹൻലാൽ ചിത്രത്തിന് വൻ തിരക്കാണ്. സിനിമയുടെ ആദ്യ മൂന്നു ദിവസത്തെ കലക്ഷൻ പുറത്തു വന്നു. 8.65 കോടിയാണ് ചിത്രം ആദ്യ മൂന്നു ദിവസം കൊണ്ട് വാരിയിരിക്കുന്നതെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. ഈ അടുത്ത് ഒരു കുടുംബചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന കലക്ഷൻ കൂടിയാണിത്. ജിബു ജേക്കബിന്റെ സംവിധാനത്തിൽ ജനുവരി 20നാണ് ചിത്രം റിലീസ് ചെയ്തത്. നേരത്തെ പുലിമുരുകൻ 3 ദിവസം കൊണ്ട് 12 കോടിയിലേറെ രൂപയാണ് കലക്ട് ചെയ്തത്. പുലിമുരുകന്റെ അത്രയ്ക്ക് ആവേശമില്ലെങ്കിലും കുടുംബപ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചു കഴിഞ്ഞു.

മോഹൻലാൽ മീന ജോഡികളുടെ അഭിനയ പ്രകടനമാണ് സിനിമയുടെ പ്രധാന ആകർഷണം. അനൂപ് മേനോൻ, അലൻസിയർ , കലാഭവൻ ഷാജോൺ, ഐമ ,സനൂപ് എന്നിവരാണ് മറ്റു താരങ്ങൾ. തിരക്കഥ എം സിന്ധുരാജ്. വീക്കെൻഡ് ബ്ലോക്‌ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം.

19ന് റിലീസ് ചെയ്ത ദുൽഖർ സൽമാൻ ചിത്രം മൂന്ന് ദിവസം കൊണ്ട് 6.15 കോടി നേടി മികച്ച പ്രകടനം നടത്തുന്നുണ്ട്. കൊച്ചി മൾട്ടിപ്ലെക്‌സിൽ 4 ദിവസം കൊണ്ട 57 ലക്ഷം പിന്നിട്ട് അതിവേഗം 50 ലക്ഷം ഗ്രോസ് കടന്ന സിനിമകളിൽ മൂന്നാമതെത്തി. 3 ദിവസം കൊണ്ട് മുഴുവൻ റിലീസ് കേന്ദ്രങ്ങളിൽ നിന്നുമായി ചിത്രം 6കോടി 15 ലക്ഷം നേടിയെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. 200ലേറെ കേന്ദ്രങ്ങളായിരുന്നു ജോമോന്റെ സുവിശേഷങ്ങൾക്ക് റിലീസിന് ലഭിച്ചിരുന്നത്.

തിരുവനന്തപുരം ഏരീസിൽ നിന്ന് ദുൽഖർ സൽമാൻ ചിത്രം നാല് ദിവസം കൊണ്ട് 10.75 ലക്ഷം നേടിയതായി ബോക്‌സ് ഓഫീസ് ട്രാക്കേഴ്‌സായ ഫോറം കേരള റിപ്പോർട്ട് ചെയ്യുന്നു. കോഴിക്കോട്ടെ കേന്ദ്രങ്ങളിൽ അപ്‌സരയിൽ നിന്ന് 4 ദിവസം കൊണ്ട് 8.63 ലക്ഷവും ഫിലിം സിറ്റി മൾട്ടിപ്‌ളെക്‌സിൽ നിന്ന് 5.93 ലക്ഷവും സിനിമ ഷെയർ ആയി നേടി. വരും ദിവസങ്ങളിൽ രണ്ട് ചിത്രങ്ങളും എത്രത്തോളം മുന്നേറും എന്നതിനെ ആശ്രയിച്ചിരിക്കും സിനിമയുടെ വിജയം. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ വൻവിജയമായാൽ മോഹൻലാലിന് മലയാളത്തിൽ മോഹൻലാലിന്റെ ഹാട്രിക്് നേട്ടമാകും അത്.