- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയക്കാരുടെയും മതവിഭാഗങ്ങളുടെയും ജാഥകൾ നല്ലതാണ്; മറ്റുള്ളവരുടെ പ്രശ്‌നങ്ങൾ കൂടി മനസിലാക്കിയാൽ: മോഹൻലാലിനു പറയാനുള്ളത്
തിരുവനന്തപുരം: രാഷ്ട്രീയപാർട്ടികളുടെയും മതവിഭാഗങ്ങളുടെയും ജാഥകളും ആഘോഷങ്ങളും സാധാരണ മനുഷ്യർക്കു തടസം സൃഷ്ടിക്കുന്നതാകരുതെന്നു സൂപ്പർ താരം മോഹൻലാൽ. തന്റെ ബ്ലോഗിൽ എഴുതിയ കുറിപ്പിലാണു മോഹൻലാൽ ജാഥകളെക്കുറിച്ചു പറയുന്നത്. നേരുന്നു ശുഭയാത്രകൾ എന്ന തലക്കെട്ടിലാണു മോഹൻലാലിന്റെ കുറിപ്പ്. 'രാഷ്ട്രീയമായാലും മതമായാലും എല്ലാ ഘോഷയാത്ര
തിരുവനന്തപുരം: രാഷ്ട്രീയപാർട്ടികളുടെയും മതവിഭാഗങ്ങളുടെയും ജാഥകളും ആഘോഷങ്ങളും സാധാരണ മനുഷ്യർക്കു തടസം സൃഷ്ടിക്കുന്നതാകരുതെന്നു സൂപ്പർ താരം മോഹൻലാൽ. തന്റെ ബ്ലോഗിൽ എഴുതിയ കുറിപ്പിലാണു മോഹൻലാൽ ജാഥകളെക്കുറിച്ചു പറയുന്നത്.
നേരുന്നു ശുഭയാത്രകൾ എന്ന തലക്കെട്ടിലാണു മോഹൻലാലിന്റെ കുറിപ്പ്. 'രാഷ്ട്രീയമായാലും മതമായാലും എല്ലാ ഘോഷയാത്രകളും റോഡിലൂടെയാണ് എന്നത് നമ്മുടെ കാഴ്ചയായിട്ട് ഒരുപാട് കാലമായി. ഇപ്പോൾ അത് കൂടിവരുന്നതായിട്ടാണ് കാണുന്നത്. അല്ലെങ്കിൽ തന്നെ നമ്മുടെ റോഡുകൾ വളരെ ചെറുതാണ്. അതിൽ വെറുതെ നിന്നാൽ മതി ഗതാഗതം സ്തംഭിക്കാൻ'.- മോഹൻലാൽ പറയുന്നു.
'എത്രമാത്രം ബുദ്ധിമുട്ടിയാണ് സാധാരണക്കാരനായ ഒരു മലയാളി കൃത്യസമയത്ത് ഓഫിസിലും, കുട്ടികൾ സ്‌കൂളിലും, മറ്റു പലവിധ ജോലിക്കാർ അവരുടെ ജോലിസ്ഥലങ്ങളിലും എത്തുന്നത് എന്ന് എത്രയോ തവണ റോഡിൽ കുടുങ്ങി ഷൂട്ടിങ്ങിന് വൈകിയെത്തുന്ന എനിക്കറിയാം. അതുണ്ടാക്കുന്ന മാനസിക സമ്മർദമെത്രയാണ്. സാമ്പത്തിക നഷ്ടവും തൊഴിൽ നഷ്ടവുമെത്രയാണ്. ഊർജ നഷ്ടമെത്രയാണ്'-മോഹൻലാൽ ചോദിക്കുന്നു. ഇതിനെല്ലാം പരിഹാരം കാണുംവിധത്തിലാകണം ജാഥകളും ആഘോഷവുമെന്നും മോഹൻലാൽ പറയുന്നു.
മോഹൻലാലിന്റെ ബ്ലോഗിന്റെ പൂർണരൂപം ഇങ്ങനെ:
കഴിഞ്ഞ മാസം എന്റെ ഒരു സുഹൃത്തിന് ഒരനുഭവമുണ്ടായി. തന്റെ കുഞ്ഞിന്റെ ചോറൂണിന് പങ്കെടുക്കാനായി അയാൾ കോഴിക്കോട്ടു നിന്നും പാലക്കാട്ടേക്ക് പോകുകകയാണ്. പിറ്റേന്ന് രാവിലെയാണ് ചോറൂണ്. സന്ധ്യകഴിഞ്ഞ സമയം. പെട്ടെന്നാണ് വഴിയിലൊരിടത്ത് യാത്ര തടയപ്പെട്ടത്. അയാൾ കാര്യം അന്വേഷിച്ചു. അയ്യപ്പൻ വിളക്കാണ്. ഒന്നര മണിക്കൂറിലധികം കാത്തിരുന്നിട്ടും വാഹനങ്ങളുടെ നിര മുന്നോട്ടു നീങ്ങിയില്ല. സഹിക്കെട്ട് പുറത്തിറങ്ങി പരിപാടിയുടെ വോളണ്ടിയർമാരോട് അയാൾ ഇതെപ്പം തീരും എന്ന് ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞു. ഇത് തീരണമെങ്കിൽ ചുരുങ്ങിയത് നാലു മണിക്കൂർ എങ്കിലുമെടുക്കും. അയാൾ മറ്റൊരു വഴിയിലൂടെ യാത്ര തിരിച്ചുവിട്ടു. എങ്ങിനെയൊക്കെയോ എന്റെ സുഹൃത്തും അയാളുടെ പ്രായമായ അച്ഛനും അമ്മയും പാതിരാത്രി കഴിഞ്ഞപ്പോൾ പാലക്കാട്ടെത്തി.
പിന്നീട് ഇതിനെപ്പറ്റി അയാളോട് സംസാരിച്ചപ്പോഴാണ് അറിഞ്ഞത്. കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുന്ന റോഡായിരുന്നു അത്. ദുബായിലേക്കും മറ്റും എത്രയോ വിമാനങ്ങൾ പോകുന്ന സമയമാണ്. എത്ര പേർക്ക് വിമാനയാത്ര നഷ്ടപ്പെട്ടിരിക്കും? അറിയില്ല.
ഞാനിത് പറയാൻ കാരണം വരും മാസങ്ങൾ രാഷ്ട്രീയപരമായും മതപരമായും കേരളത്തിലങ്ങോളമിങ്ങോളം നിരവധി പരിപാടികൾ നടക്കാൻ പോകുകയാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ജാഥകൾ കാസർകോടുനിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നു. ഉൽസവങ്ങൾ, നേർച്ചകൾ, പള്ളിപ്പെരുന്നാളുകൾ എല്ലാം ഈ മാസങ്ങളിലാണ്. ഇവയെല്ലാം നല്ലതുതന്നെ, നടക്കേണ്ടതുമാണ്. എന്നാൽ ഈ ആഘോഷങ്ങൾക്കിടയിൽ നമ്മുടെ രാഷ്ട്രീയ നേതാക്കളും മതനേതാക്കളും, അമ്പലത്തിന്റെയും പള്ളികളുടെയും ഭാരവാഹികളും സാധാരണക്കാരായ യാത്രക്കാരെ മറക്കരുത്. നിങ്ങളുടെ യാത്രകളും ഉൽസവങ്ങളും നേർച്ചകളും കാരണം അവരുടെ വഴി തടയപ്പെടരുത്.
രാഷ്ട്രീയമായാലും മതമായാലും എല്ലാ ഘോഷയാത്രകളും റോഡിലൂടെയാണ് എന്നത് നമ്മുടെ കാഴ്ചയായിട്ട് ഒരുപാട് കാലമായി. ഇപ്പോൾ അത് കൂടിവരുന്നതായിട്ടാണ് കാണുന്നത്. അല്ലെങ്കിൽ തന്നെ നമ്മുടെ റോഡുകൾ വളരെ ചെറുതാണ്. അതിൽ വെറുതെ നിന്നാൽ മതി ഗതാഗതം സ്തംഭിക്കാൻ. പിന്നെ നിറയെ വാഹനങ്ങളും, നിയമ ലംഘനങ്ങളും. എത്രമാത്രം ബുദ്ധിമുട്ടിയാണ് സാധാരണക്കാരനായ ഒരു മലയാളി കൃത്യസമയത്ത് ഓഫിസിലും, കുട്ടികൾ സ്‌കൂളിലും, മറ്റു പലവിധ ജോലിക്കാർ അവരുടെ ജോലിസ്ഥലങ്ങളിലും എത്തുന്നത് എന്ന് എത്രയോ തവണ റോഡിൽ കുടങ്ങി ഷൂട്ടിങ്ങിന് വൈകിയെത്തുന്ന എനിക്കറിയാം. അതുണ്ടാക്കുന്ന മാനസിക സമ്മർദമെത്രയാണ്. സാമ്പത്തിക നഷ്ടവും തൊഴിൽ നഷ്ടവുമെത്രയാണ്. ഊർജ നഷ്ടമെത്രയാൺ
ഇതു മാത്രമല്ല കാര്യം. എന്തെല്ലാം പ്രശ്‌നങ്ങളുമായാണ് ഓരോ മനുഷ്യരും റോഡിലൂടെ യാത്ര ചെയ്യുന്നത്. ജോലി, രോഗങ്ങൾ, മരണം തുടങ്ങി നമ്മുടെ രക്തത്തിൽ ചെന്നു തൊടുന്ന ഒരുപാട് പ്രശ്‌നങ്ങൾ. അത്തരക്കാരെയാണ് രാഷ്ട്രീയവും മതവും ചേർന്ന് മണിക്കൂറുകളോളം റോഡിൽ തടഞ്ഞ് വയ്ക്കുന്നത്. റോ!ഡിലിറങ്ങുന്ന മതങ്ങളോടും രാഷ്ട്രീയത്തോടും സാധാരണക്കാരനായ മനുഷ്യൻ ചോദിക്കുന്നത് ഇതായിരിക്കും എന്ന് എനിക്ക് തോന്നുന്നു. നിങ്ങളുടെ വിജയാഹ്ലാദങ്ങൾക്കും മതാഘോഷങ്ങൾക്കും വേണ്ടി ഞാൻ എന്തിനാണ് സഹിക്കുന്നത്? അല്ലെങ്കിൽ എന്റെ യാത്രയെ തടയാൻ നിങ്ങൾക്ക് എന്താണ് അവകാശം? നിങ്ങളാൽ തടയപ്പെട്ടിരിക്കുന്ന എന്റെ പ്രശ്‌നങ്ങളെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? ആഘോഷങ്ങൾക്ക് വേണ്ടി പൊതുവായ റോഡുകൾ മുടക്കുന്ന എല്ലാവരും ഈ ചോദ്യത്തിന് ഉത്തരം പറയാൻ ബാധ്യസ്ഥരാണ്.
ലോകത്ത് മറ്റൊരിടത്തും സാധാരണക്കാരന്റെ വഴിതടഞ്ഞുകൊണ്ടുള്ള ഇത്തരം ഇടപാട് ഉണ്ടെന്നു തോന്നുന്നില്ല. മറ്റുള്ളവന്റെ പ്രശ്‌നങ്ങളെക്കുറിച്ച് അറിയാതിരിക്കുക എന്നത് അടിസ്ഥാനപരമായി സംസ്‌കാരമില്ലായ്മ തന്നെയാണ്. സംഘബലമുള്ളതു കൊണ്ട് ഒരിക്കലും വ്യക്തിയെ കാണാതിരിക്കരുത്. രാഷ്ട്രീയം ചിന്തയിലും മതം ആരാധനാലയങ്ങളിലുമാണ് വേണ്ടത്. പൊതുവഴിയിലല്ല. ഓരോന്നിനും അതിന്റേതായ സ്ഥാനമുണ്ട് എന്നു പണ്ടുള്ളവർ പറയാറില്ലേ...
അതുകൊണ്ട് റോഡിലൂടെ !സഞ്ചരിക്കുന്ന ഒരു സാധാരണക്കാരനായ ഒരാൾ എന്ന നിലയിൽ എനിക്കിത്രമാത്രമേ പറയാനുള്ളൂ. രാഷ്ട്രീയ ജാഥകളും മതാഘോഷങ്ങളും എല്ലാം നമ്മുക്ക് വേണം. പക്ഷെ മറ്റുള്ളവരുടെ പ്രശ്‌നങ്ങൾ അറിയുക എന്ന നന്മയോടെ മാത്രം. മറ്റുള്ളവരെ മാനിക്കുകയെന്ന സംസ്‌കാരത്തോടെ മാത്രം. അതറിഞ്ഞില്ലെങ്കിൽ പിന്നെയെന്ത് രാഷ്ട്രീയം....മതം... അതുകൊണ്ട് ബഹുമാന്യരായ നിങ്ങളുടെ പരിപാടികൾ നടക്കട്ടെ, ഒപ്പം ഒരുപാട് ജീവിത പ്രശ്‌നങ്ങളുമായി ജനങ്ങൾ കടന്നു പൊയ്ക്കുള്ളുകയും ചെയ്യട്ടെ. അവരെ മണിക്കൂറുകളോളം തടഞ്ഞുവച്ചതുകൊണ്ട് ആരും കേമന്മാർ ആകുന്നില്ല. അവരുടെ വഴി തടയാത്തതുകൊണ്ട് നിങ്ങൾ ചെറിയവരും ആകുന്നില്ല. നിങ്ങളുടെ വലുപ്പം കൂടുകയേ ഉള്ളൂ. ആ വലിപ്പം കേരളത്തിന്റെ കൂടി വലിപ്പമായിരിക്കും.
ശുഭയാത്രകൾ നേർന്നുകൊണ്ട് സ്‌നേഹപൂർവം മോഹൻലാൽ