സൂപ്പർഹിറ്റ് ചിത്രമായ 'വെള്ളിമൂങ്ങ'യ്ക്ക് ശേഷം ജിബു ജേക്കബ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന് പേരിട്ടു. ചിത്രത്തിൽ പഞ്ചായത്ത് സെക്രട്ടറിയായ 'ഉലഹന്നാൻ' എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

കോഴിക്കോട് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നുവെന്നും ഒക്ടോബർ രണ്ടിന് കേരളത്തിലെ ഷൂട്ടിങ് പൂർത്തിയാകുമെന്ന് ജിബു ജേക്കബ് പറഞ്ഞു. പിന്നിട് കേരളത്തിന് പുറത്ത് ഒരു പാട്ടിന്റെ ചിത്രീകരണം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ദൃശ്യ'ത്തിന് ശേഷം മീന മോഹൻലാലിന്റെ നായികയായെത്തുന്ന ചിത്രമെന്നതും മുന്തിരിവള്ളിയുടെ പ്രത്യേകതയാണ്. ചെറുകഥാകൃത്ത് വി.ജെ ജെയിംസിന്റെ 'പ്രണയോപനിഷത്ത്' എന്ന ചെറുകഥയെ ആധാരമാക്കി ഒരുക്കുന്ന സിനിമയ്ക്ക് എം. സിന്ധുരാജാണ് തിരക്കഥ എഴുതുന്നത്.

അനൂപ് മേനോൻ, കലാഭവൻ ഷാമജാൺ, അലൻസിയർ, ലിഷോയ്, രാഹുൽ മാധവ്, സുരേഷ് കൃഷ്ണ, സുരാജ് വെഞ്ഞാറമ്മൂട്, സുധീർ കരമന, സോഹൻ സീനുലാൽ, ഷറഫൂദ്ദീൻ, ശൃന്ദ, മാസ്റ്റർ സനൂപ് സന്തോഷ് എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. റഫീക്ക് അഹമ്മദ്, മധു വാസുദേവൻ, ഡി.ബി അജിത്ത്കുമാർ എന്നിവരുടെ ഗാനങ്ങൾക്ക് എം. ജയചന്ദ്രനും ബിജിബാലുമാണ് സംഗീതം പകർന്നിരിക്കുന്നത്.

വീക്കെൻഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമ്മിക്കുന്നത്.