- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണത്തിനു മീതെ ലാലിനു പറക്കാനാകുമോ; ലാലിസത്തിനു ലഭിച്ച രണ്ടുകോടിയോ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നിന്നുണ്ടായ പോസിറ്റീവ് എനർജി? ഒപ്പിച്ചുവയ്ക്കൽ മൈതാനങ്ങൾ കായിക സംസ്കാരത്തെ പരിപോഷിപ്പിക്കുമോ?
തിരുവനന്തപുരം: ഇത്തവണത്തെ ദേശീയ ഗെയിംസ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പരിച്ഛേദമായി നിലകൊള്ളുമ്പോൾ പണിപൂർത്തിയാക്കാത്ത കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽനിന്ന് സൂപ്പർ താരം മോഹൻലാലിന് ലഭിച്ച പോസിറ്റീവ് എനർജി എന്തായിരിക്കും. അഴിമതിയുടെയും കൊള്ളയുടെയും കെടുകാര്യസ്ഥതയുടെയും കഥകൾ പറയുന്ന ദേശീയ ഗെയിംസുകളിൽ നിന്ന് വ
തിരുവനന്തപുരം: ഇത്തവണത്തെ ദേശീയ ഗെയിംസ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പരിച്ഛേദമായി നിലകൊള്ളുമ്പോൾ പണിപൂർത്തിയാക്കാത്ത കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽനിന്ന് സൂപ്പർ താരം മോഹൻലാലിന് ലഭിച്ച പോസിറ്റീവ് എനർജി എന്തായിരിക്കും. അഴിമതിയുടെയും കൊള്ളയുടെയും കെടുകാര്യസ്ഥതയുടെയും കഥകൾ പറയുന്ന ദേശീയ ഗെയിംസുകളിൽ നിന്ന് വ്യത്യസ്ത അനുഭവം സൃഷ്ടിക്കാൻ കേരളത്തിനു കഴിയുമെന്നായിരുന്നു 35-ാം ഗെയിംസ് ഈ കൊച്ചുസംസ്ഥാനത്തെ ഏൽപ്പിക്കുമ്പോൾ എല്ലാ മലയാളികളുടെയും പ്രതീക്ഷ. എന്നാൽ, ആ പ്രതീക്ഷ അസ്ഥാനത്തായെന്നത് ഏവർക്കും അറിയുന്ന സത്യവുമാണ്.
അഴിമതിയുടെയും പണിപൂർത്തിയാകാത്ത കളിസ്ഥലങ്ങളുടെയും വാർത്തകൾ പരക്കുന്നതിനിടെയാണ് ദേശീയ ഗെയിംസ് ഉദ്ഘാടന വേദിയായ കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം നടൻ മോഹൻലാൽ സന്ദർശിച്ചത്. അന്ന് തനിക്കൊരു പോസിറ്റീവ് അനുഭവമാണുണ്ടായതെന്നാണ് താരം പറഞ്ഞത്.
അഴിമതിയും, കെടുകാര്യസ്ഥതയും, സ്വജനപക്ഷപാതവും കൊണ്ട് 'സമ്പന്നമായ' ദേശീയ ഗെയിംസ് ഒരു പോസിറ്റീവ് അനുഭവവും മലയാളിക്ക് സമ്മാനിക്കുന്നില്ലായെന്ന യാഥാർത്ഥ്യം നിലനിൽക്കെയാണ് മോഹൻലാലിന്റെ 'പോസിറ്റീവിസം' എത്തിയത്.
മോഹൻലാൽ സന്ദർശിച്ച കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ പണികൾ പോലും ഇനിയും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലയെന്നു വ്യക്തമാണ്. പൂർത്തിയാക്കിയ പണികളാകട്ടെ ഗുണനിലവാര പരിശോധനേയതും ഇല്ലാതെയാണ് നടത്തിയിട്ടുള്ളതും. പൂർത്തിയായി എന്ന് വരുത്തിത്തീർക്കുക മാത്രമാണ് ഇതിന്റെ പിന്നിലെ ഇദ്ദേശ്യം. മോഹൻലാലിന്റെ ലാലിസം എന്ന ഷോയ്ക്ക് രണ്ടുകോടി ലഭിച്ചതുകൊണ്ട് പോസിറ്റീവ് അനുഭവം ഉണ്ടായിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. ആർക്ക് കാശ് കിട്ടിയാലും സമാന അനുഭവം ഉണ്ടാകും. മനോരമയ്ക്ക് 10 കോടി ലഭിച്ചപ്പോൾ അവർ അനുഭവിച്ച പോസിറ്റീവ് അനുഭവത്തിൽ നിന്നുണ്ടായ അത്യാഹ്ലാദവും ആവേശവും മലയാളികൾ കണ്ടതാണ്. ലോട്ടറിയടിക്കുന്നവന്റെ കാര്യവും വ്യത്യസ്തമല്ല.
ഇന്ത്യയിലെ കായിക മേഖലയിൽ പൊതുവെ ഉണ്ടായിട്ടുള്ള അഴിമതിയുടെയും കൊള്ളയുടെയും കഥകൾ നമ്മൾ വായിച്ചറിഞ്ഞിട്ടുള്ളവരാണ്. കേരളമെങ്കിലും ഇതിൽ നിന്നും വ്യത്യസ്തമായ ഒരു അനുഭവം സൃഷ്ടിക്കുമെന്നും ഇന്ത്യയ്ക്കാകെ മാതൃകയാകുമെന്നും നമ്മൾ പ്രതീക്ഷിച്ചു. ആ പ്രതീക്ഷയാണ് ഇപ്പോൾ അസ്ഥാനത്തായത്. നിറം പിടിച്ച മറ്റ് കോഴക്കഥകൾ കൊണ്ട് രാഷ്ട്രീയാന്തരീക്ഷം മുഖരിതമായതുകൊണ്ടാണ് തൽക്കാലം ഇവർ രക്ഷപ്പെട്ടു നിൽക്കുന്നത്.
കേരളം വളരെ പ്രതീക്ഷയോടെയാണ് 35-ാം ദേശീയ ഗെയിംസിനെ വരവേറ്റത്. ദേശീയ ഗെയിംസ് കഴിയുമ്പോഴേക്കും നമ്മുടെ സ്റ്റേഡിയങ്ങളും കായിക സാഹചര്യങ്ങളും മികവുറ്റതാകുമെന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു അത്. കേരളത്തിലെ സമ്പന്നമായ കായിക പാരമ്പര്യത്തെ ഉജ്ജീവിപ്പിക്കുമെന്നും മലയാളി സമൂഹം കരുതി. കേരളത്തിൽ സുതാര്യതയോടുകൂടി മേള നടത്തപ്പെടുമെന്ന ധാരണയും പൊതുവിൽ പരന്നിരുന്നു.
35-ാം ദേശീയ ഗെയിംസ് കേരളത്തിന് അനുവദിച്ച് കിട്ടിയിട്ട് 5 വർഷം കഴിഞ്ഞു. ഗുണനിലവാരം ഉറപ്പു വരുത്തിയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ധാരാളം സമയം ലഭിച്ചു എന്നർത്ഥം. എന്നാൽ ഈ ദീർഘമായ കാലയളവ് വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. അഴിമതിക്കാരുടെ ഏറ്റവും വലിയ തന്ത്രമാണ് ഇവിടെയും നാം കണ്ടത്. നിർമ്മാണപ്രവൃത്തികൾ ബോധപൂർവ്വം വൈകിപ്പിക്കുക, അവസാന നിമിഷം ധൃതിയിൽ പണി പൂർത്തീകരിച്ചു എന്ന് വരുത്തിത്തീർക്കുക എന്നതാണത്. കാരണം നിർദ്ദിഷ്ട സമയത്ത് പൂർത്തീകരിക്കുന്നതിനായി ഒട്ടേറെ ഇളവുകൾ അനുവദിച്ച് കിട്ടും. ടെണ്ടർ വ്യവസ്ഥകളിൽ ഇളവു വരുത്തും. കൃത്യമായ ഗുണനിലവാര പരിശോധന ഒഴിവാക്കപ്പെടും. ഇവിടെയും അതെല്ലാമാണ് നടന്നിട്ടുള്ളത്. എങ്ങനെയെങ്കിലും ഗെയിംസിന് സ്റ്റേഡിയങ്ങളെ സജ്ജമാക്കുക എന്നതുമാത്രമാണ് ഇപ്പോഴത്തെ ഉദ്ദേശ്യം. അങ്ങനെ ഒരു സാഹചര്യം സൃഷ്ടിക്കുക എന്നതാണ് അഴിമതിക്കാരുടെ ഉദ്ദേശ്യവും.
ദേശീയ ഗെയിംസ് കഴിഞ്ഞതിനുശേഷം എത്രകാലം ഈ സ്റ്റേഡിയങ്ങൾ നമുക്ക് ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഒരു പ്രധാന പ്രശ്‌നം. ഒപ്പിച്ചു വയ്ക്കലിന്റെ ദോഷങ്ങൾ കാണാൻ പോകുന്നതേയുള്ളൂ. 600 കോടിയുടെ ഗുണഫലങ്ങൾ കേരളത്തിലെ കായിക മേഖലയിൽ പ്രതിഫലിക്കുമോയെന്ന് കണ്ടറിയേണ്ടതാണ്. കേരളത്തിന് അഭിമാനമായ ധാരാളം കായികതാരങ്ങൾ 35-ാം ദേശീയ ഗെയിംസിന്റെ വെറും കാഴ്ചക്കാർ മാത്രമാണ്. മലയാളികളുടെ അഭിമാനമായ പി ടി ഉഷയെപ്പോലുള്ള നിരവധിപേർ തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
മനോരമയുടെ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന് 10 കോടി നൽകിയതിശേഷം മറ്റ് മാദ്ധ്യമങ്ങൾ കണ്ടെത്തിയ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കഥകൾക്ക് ഇപ്പോൾ അവസാനമായ മട്ടാണ്. ഇതര മാദ്ധ്യമങ്ങൾക്കും ചാനലുകൾക്കും പിആർഡിഡി പരസ്യം വാരിക്കോരി നൽകിയാണ് വിമർശനത്തിന്റെ മൂർച്ച കുറപ്പിച്ചത്. കാശ് ലഭിച്ചാൽ ഏതു വാർത്തയും നമസ്‌ക്കരിക്കുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. എന്നാൽ കാലം മാറിയെന്ന തിരിച്ചറിവ് ഇവർക്ക് ഉണ്ടാകുന്നത് നന്ന്. സോഷ്യൽ മീഡിയയിൽ കൂടിയുള്ള സമാന്തരമായ മറ്റൊരു ആശയ വിനിമയ മേഖല ശക്തി പ്രാപിച്ചു കഴിഞ്ഞിട്ടുണ്ട്. പൊതു സമൂഹത്തിന് ഇവരുടെ സഹായമില്ലാതെ തന്നെ കാര്യങ്ങൾ മനസ്സിലാക്കാനും പ്രതികരിക്കാനും സംവാദിക്കാനും കഴിയുമെന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാകേണ്ടതാണ്.
(റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് നാളെ (26-01-2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.)