- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെല്ലുവിളികൾ നിറഞ്ഞകാലത്ത് നഴ്സുമാരും ഡോക്ടർമാരുമാണ് യഥാർത്ഥ ഹീറോകൾ; അവരുടെ ധൈര്യത്തെയും ത്യാഗത്തെയും നമ്മൾ അഭിനന്ദിക്കണം; ആശുപത്രി പശ്ചാത്തലമാക്കിയുള്ള സിനിമയോട് സഹകരിക്കുമെന്ന് മോഹൻലാൽ; യുഎഇയിലെ മുന്നണിപ്പോരാളികൾക്കുള്ള വാഗ്ദാനം നിറവേറ്റി സൂപ്പർസ്റ്റാർ എത്തിയപ്പോൾ
അബുദാബി: കഴിഞ്ഞ വർഷം അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ യുഎഇയിലെ കോവിഡ് മുന്നണിപ്പോരാളികൾക്ക് നൽകിയ വാക്ക് സൂപ്പർതാരം മോഹൻലാൽ മറന്നില്ല. 'ലാലേട്ടാ, യുഎഇയിലെത്തുമ്പോൾ ഞങ്ങളെയൊക്കെ ഒന്ന് കാണാൻ വരാമോ', എന്ന ആഗ്രഹം അന്ന് പങ്കുവച്ച രജിസ്ട്രേഡ് നഴ്സ് സോണിയ ചാക്കോയ്ക്കും സഹപ്രവർത്തകർക്കും വൻ സർപ്രൈസൊരുക്കി മോഹൻലാൽ അവരെ നേരിൽ കാണാനെത്തി.
മോഹൻലാൽ വരുമോ ഇല്ലയോ എന്ന ചോദ്യം അപ്രസക്തമാക്കിയായിരുന്നു ആരോഗ്യപ്രവർത്തകരെ നേരിൽ കാണാനുള്ള അബുദാബിയിലേക്കുള്ള മോഹൻലാലിന്റെ മാസ് എൻട്രി. താരപരിവേഷമില്ലാതെ മുന്നണിപ്പോരാളികളുടെ വിശേഷങ്ങളും അനുഭവങ്ങളും കേട്ടും അവർക്ക് പ്രചോദനമാകുന്ന വാക്കുകൾ പറഞ്ഞും അരമണിക്കൂറിലധികം മോഹൻലാൽ അവർക്കൊപ്പം ചിലവഴിച്ചു.
''യുഎഇ പതിവായി സന്ദർശിക്കുന്ന തനിക്ക് ഇവിടം രണ്ടാം വീട് പോലെയാണ്. ഗോൾഡൻ വിസ നൽകിയ യുഎഇ സർക്കാരിന് നന്ദി. കോവിഡ് -19 മഹാമാരി നേരിടാൻ യുഎഇ ഭരണാധികാരികൾ സ്വീകരിച്ച തന്ത്രങ്ങളും നടപടികളും രാജ്യത്ത് സുരക്ഷിത അന്തരീക്ഷം പ്രദാനംചെയ്തതു', മോഹൻലാൽ കൂട്ടിച്ചേർത്തു.
നടക്കുമെന്ന് യാതൊരു ഉറപ്പുമില്ലാഞ്ഞിട്ടും കഴിഞ്ഞ കാണാൻ വരണമെന്ന അഭ്യർത്ഥന കഴിഞ്ഞവർഷം മോഹൻലാലിന് മുന്നിൽവച്ച അൽ-ഐൻ മെഡിയോർ ആശുപത്രിയിലെ രജിസ്ട്രേഡ് നഴ്സ് സോണിയ ചാക്കോ ആവേശം മറച്ചു വച്ചില്ല. 'നഴ്സസ് ദിനത്തിൽ ലാലേട്ടന്റെ വിളി വരുമെന്ന് ആശുപത്രിയിൽ നിന്ന് അറിയിപ്പൊന്നും ഉണ്ടായിരുന്നില്ല. ഫോൺ എടുത്തപ്പോൾ മോഹൻലാലാണെന്ന് ആദ്യം കേട്ടപ്പോൾ ആരോ കളിപ്പിക്കുകയാണെന്നാണ് ഞങ്ങളെല്ലാം കരുതിയത്. അല്ലെന്ന് ബോധ്യപ്പെട്ടപ്പോൾ അപ്പോഴത്തെ ആവേശത്തിലാണ് യുഎഇയിൽ വന്നാൽ ആരോഗ്യപ്രവർത്തകരെ കാണാൻ വരാമോയെന്ന് ചോദിച്ചത്. ഞങ്ങളുടെ എളിയ അഭ്യർത്ഥന മാനിച്ച് കാണാനും സംസാരിക്കാനും എത്തിയ ലാലേട്ടന് നന്ദി. ഇതൊരു അവിസ്മരണീയ അവസരമാണ്. ഈയൊരു കാലത്ത് ഇത്തരം അവസരങ്ങൾ നമ്മെ പ്രചോദിപ്പിക്കുന്നതാണ്', കോവിഡ് രോഗികളെ പരിചരിക്കുന്നതിൽ മുന്നണിയിലുള്ള സോണിയ പറഞ്ഞു.
ഇന്ത്യ, ഫിലിപ്പീൻസ്, ഈജിപ്റ്റ്, പാക്കിസ്ഥാൻ, മൊറോക്കോ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. സഹപ്രവർത്തകരിൽ നിന്ന് മോഹൻലാലിനെക്കുറിച്ച് കേട്ടറിഞ്ഞ ഫിലിപ്പീൻസ് സ്വദേശിയായ സ്റ്റാഫ് നഴ്സിനോടും മോഹൻലാലിനോട് കുശലം പറഞ്ഞു. ''ഇന്ത്യയിലെ പ്രിയതതാരത്തെ കാണാനും സംസാരിക്കാനും അവസരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്. ഞങ്ങളെ അഭിനന്ദിക്കുകയും ഞങ്ങളുടെ ജോലിയെ അംഗീകരിക്കുകയും ചെയ്യുന്നത് സന്തോഷത്തോടൊപ്പം അഭിമാനവും പകരുന്ന കാര്യമാണ്. ഇത്തരം നല്ല വാക്കുകളാണ് എല്ലാവർക്കും ഊർജ്ജവും പ്രതീക്ഷയും'', നഴ്സ് പറഞ്ഞു.
ആരോഗ്യ പ്രവർത്തകരുടെ ആത്മാർഥ സേവനം പശ്ചാത്തലമാക്കി അബുദാബിയിൽ നിന്നൊരു സിനിമ ഉണ്ടാവുകയാണെങ്കിൽ അതിൽ സഹകരിക്കുന്ന കാര്യം പരിഗണിക്കുമെന്നും മോഹൻലാൽ അറിയിച്ചു. നേരത്തെ ഒട്ടേറെ ചിത്രങ്ങളിൽ ഡോക്ടറായി അഭിനയിച്ചിട്ടുണ്ട്. നഴ്സുമാരുടെ ജീവിതം പശ്ചാത്തലമാക്കിയുള്ള ചിത്രം വരുന്നത് നല്ല കാര്യം തന്നെ. അതുമായി സഹകരിക്കാൻ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലിന്റെ ഈ പ്രതികരണത്തെ നഴ്സുമാരും ആശുപത്രിയധികൃതരും നിറഞ്ഞ കൈയടികളോടെയാണ് സ്വീകരിച്ചത്.
സിനിമയോടുള്ള അഭിനിവേശമാണ് 44 വർഷമായി തന്നെ ഈ രംഗത്ത് നില നിർത്തുന്നതെന്ന് മോഹൻലാൽ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അഭിനയത്തോടുള്ള മനസിലെ അഗ്നിയാണ് ആ അഭിനിവേശം. സിനിമയോടും കലാകാരന്മാരോടും പ്രേക്ഷകരോടും തനിക്കുള്ള നന്ദിയും സ്നേഹവും താരം അറിയിച്ചു. പണ്ട് നമുക്ക് ഓണം ഒന്നിച്ച് ആഘോഷിക്കാൻ സാധിച്ചിരുന്നു. മഹാമാരി അത് ഇല്ലാതാക്കി. അടുത്ത വർഷം പഴയതുപോലെ ആഘോഷിക്കാൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായി കൂട്ടിച്ചേർത്തു.
കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ രാജ്യാന്തര നഴ്സിങ് ദിനമായ മെയ് 12ന് മോഹൻലാൽ ഡോ.ഷംസീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള അബുദാബി ബുർജീൽ ആശുപത്രിയിലെ നഴ്സുമാരെയടക്കം യുഎഇയിലെ വിവിധ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരെ കഴിഞ്ഞ വർഷം ഫോൺ വിളിച്ച് സംസാരിക്കുകയും അവരുടെ സേവനത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇനി യുഎഇയിൽ സന്ദർശനം നടത്തുമ്പോൾ നേരിട്ട് കാണാമെന്ന് മോഹൻ ലാൽ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് ആതുരസേവന രംഗത്തെ മാലാഖമാരെ നേരിൽ കാണാൻ പ്രിയ നടനെത്തിയത്.
മോഹൻലാലിന്റെ ജന്മനാടായ പത്തനംതിട്ടയിൽ നിന്നുള്ള സോണിയയോടായിരുന്നു അന്ന് മോഹൻലാൽ ആദ്യം ഫോണിൽ സംസാരിച്ചിരുന്നത്. അവർ തന്നെയാണ് ഇന്നും താരത്തോട് സംസാരിച്ചു തുടങ്ങിയത്. നഴ്സിങ് ഓഫീസർ എൽസാ ഉമ്മൻ സ്വാഗതം പറഞ്ഞു. മോഹൻലാൽ അന്ന് നഴ്സുമാരുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ വിഡിയോ പ്രദർശിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ