കൊച്ചി: ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന വില്ലൻ എന്ന മോഹൻലാൽ ചിത്രം. 150 പിന്നിട്ട പുലിമുരുകന് ശേഷം വമ്പൻ ഹിറ്റിനും മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന 50 കോടി ചിത്രത്തിനും ശേഷം ഇറങ്ങിയ ബിയോണ്ട് ദ ബോർഡേഴ്‌സ് വേണ്ടത്ര വിജയിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങുന്ന പുതിയ ചിത്രമാണ് വില്ലൻ. സാങ്കേതിക മേന്മകൾ ഏറെയുള്ള ഈ ചിത്രത്തിന്റെ ടീസർ പുറത്തുവന്നു.

ബിഗ് ബജറ്റിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടീസർ ആരാധകരെ ത്രില്ലടിപ്പിക്കുന്നതാണ്. ചിത്രത്തിൽ മോഹൻലാൽ തന്നെയാണോ വില്ലനെന്ന ആകാംക്ഷ ഉണർത്തുന്നുണ്ട്. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസർ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതാണ്. സിനിമ പോലെ തന്നെ നിഗൂഡത നിലർത്തുന്നതാണ് ടീസറും. വളരെ സ്‌റ്റൈലിഷായ സംഘട്ടന രംഗങ്ങളാണ് ചിത്രത്തിന്റെ ടീസറിൽ കാണാൻ സാധിക്കുക.

സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് മോഹൻലാൽ എത്തുന്നത്. മറ്റൊരു വ്യത്യസ്തമായ ത്രില്ലറുമുണ്ട്. 'ഗുഡ് ഈസ് ബാഡ്' എന്നാണ് സിനിമയുടെ ടാഗ്ലൈൻ. മഞ്ജു വാര്യർ ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യയായി വേഷമിടുന്നു. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാലും മഞ്ജുവും ഒരുമിച്ച് അഭിനയിക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'എന്നും എപ്പോഴും' എന്ന സിനിമയിലാണ് അവസാനം ഇവർ ഒരുമിച്ചത്.

8 കെ റെസല്യൂഷനിലാണ് ചിത്രം ഒരുങ്ങുന്നത്.. ഒരു സിനിമ പൂർണമായും 8 കെ റെസല്യൂഷനിൽ ചിത്രീകരിക്കുന്നത് ഇന്ത്യയിൽ ഇതാദ്യമാകും. വിണ്ണൈ താണ്ടി വരുവായാ, നൻപൻ തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച മനോജ് പരമഹംസയാണ് ഛായാഗ്രഹണം. റെഡിന്റെ വെപ്പൺ സീരീസിലുള്ള ഹെലിയം 8കെ ക്യാമറയാണ് വില്ലനിൽ ഉപയോഗിക്കുന്നത്. സാങ്കേതികമായി ഒരുപാട് പ്രാധാന്യമുള്ള ചിത്രത്തിന്റെ ബജറ്റ് 2530 കോടിയാണ്. വിഎഫ്എക്‌സിനും സ്‌പെഷൽ ഇഫക്ടിനും പ്രാധാന്യമുള്ള ചിത്രം പെർഫെക്ട് ത്രില്ലറായാണ് ബി. ഉണ്ണികൃഷ്ണൻ അണിയിച്ചൊരുക്കുക. സിനിമയുടെ സാങ്കേതിക പ്രവർത്തകരെല്ലാം പുറത്തുനിന്നാണ്. പോളണ്ട് ആസ്ഥാനമായ കമ്പനിയാകും വിഎഫ്എക്‌സ് കൈകാര്യം ചെയ്യുക.

സിനിമയിൽ വളരെ പ്രധാനപ്പെട്ടതും ശക്തവുമായ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നതെന്ന് ബി. ഉണ്ണികൃഷ്ണൻ പറയുന്നു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ എത്തുക. തമിഴ് നടൻ വിശാൽ ആണ് മറ്റൊരു താരം. കൂടാതെ ഹൻസിക, തെലുങ്ക് നടി റാഷി ഖന്ന, തെലുങ്ക് താരം ശ്രീകാന്ത് എന്നിവരും അണിനിരക്കുന്നു. പുലിമുരുകനിലെ മാസ്മരിക സംഘട്ടനരംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് ഡയറക്ടർ പീറ്റർ ഹെയ്ൻ ആണ് ഈ സിനിമയുടെയും സംഘട്ടനം. സ്റ്റണ്ട് സിൽവയും ചിത്രത്തിലെ സ്റ്റണ്ട് ഡയറക്ടർമാരിൽ ഒരാളാണ്.

ചിത്രം നിർമ്മിക്കുന്നത് ബജ്രംഗി ഭായിജാൻ, ലിംഗ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങൾ നിർമ്മിച്ച റോക്ലൈൻ വെങ്കിടേഷ് ആണ്. കലാസംവിധാനം ഗോകുൽ ദാസ്. സംഗീതം ഫോർ മ്യൂസിക് ( ഒപ്പം ഫെയിം ). വസ്ത്രാലങ്കാരംപ്രവീൺ വർമ. മിസ്റ്റർ ഫ്രോഡിന് ശേഷം ബി. ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

മോഹൻലാലിന്റെ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ആദ്യ ടീസറെത്തി. ബി ഉണ്ണിക്കൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന വില്ലൻ എന്ന സിനിമയുടെ സ്റ്റൈലിഷ് ടീസറാണ് പുറത്തുവന്നിരിക്കുന്നത്. സോൾട്ട് ആൻഡ് പെപ്പർ ഗെറ്റപ്പിലും മറ്റൊരു ഗെറ്റപ്പിലുമായാണ് മോഹൻലാൽ ടീസറിലുള്ളത്. മലയാള സിനിമയെ ആദ്യമായി 150 കോടി കടത്തിയ താരത്തിൽ നിന്ന് അടുത്തൊരു വമ്പൻ ഹിറ്റ് പ്രതീക്ഷയാണ് സസ്പെൻസുകൾ കരുതിവച്ച ടീസറിലൂടെ സമ്മാനിക്കുന്നത്. മികച്ച സാങ്കേതിക നിലവാരത്തിലും വമ്പൻ ടെക്നീഷ്യൻസിനെ അണിനിരത്തിയുമാണ് ബി ഉണ്ണിക്കൃഷ്ണൻ വീണ്ടും മോഹൻലാലിനൊപ്പം കൈകോർക്കുന്നത്. മനോജ് പരമഹംസയാണ് ഛായാഗ്രാഹകൻ. പീറ്റർ ഹെയിൻ വില്ലനിലൂടെ വീണ്ടും ആക്ഷൻ ഡയറക്ടറായി മലയാളത്തിലെത്തുന്നു.

അങ്കമാലി ഡയറീസ് ഉൾപ്പെടെയുള്ള സിനിമകൾക്ക് ഈണമൊരുക്കിയ പ്രശാന്ത് പിള്ളയാണ് പശ്ചാത്തല സംഗീതം. രംഗനാഥ് രവി ശബ്ദസംവിധാനവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. ഒപ്പം എന്ന സിനിമയ്ക്കായി ജനപ്രീതി സമ്പാദിച്ച ഗാനങ്ങളൊരുക്കിയ ഫോർ മ്യൂസിക്സ് ആണ് സംഗീത സംവിധാനം. തമിഴ് താരം വിശാൽ, തെലുങ്ക് താരം ശ്രീകാന്ത്, സിദ്ദീഖ്, രൺജി പണിക്കർ, ചെമ്പൻ വിനോദ് ജോസ്, അജു വർഗ്ഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. മഞ്ജു വാര്യരാണ് നായിക.