മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. മലയാളികൾക്ക് ഈ മഹാനടൻ ലാലേട്ടനാണ്. ഇപ്പോഴിതാ തന്റെ ആദ്യ സിനിമയായ മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് മോ​​ഹൻലാൽ. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ തന്റെ ആദ്യ സിനിമയുടെ അനുഭവങ്ങൾ പങ്കുവെച്ചത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയ്ക്ക് നാൽപ്പത് വർഷം തികയുന്ന വേളയിലാണ് മോഹൻലാൽ അനുഭവങ്ങൾ തുറന്നു പറഞ്ഞത്.

മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ നിർമ്മാതാവായ നവോദയ അപ്പച്ചനെ കുറിച്ചാണ് മോഹൻലാൽ പറയുന്നത്. അപ്പച്ചന് തന്നോട് നല്ല സ്‌നേഹമായിരുന്നുവെന്നും തന്നെ ലാലുമോൻ എന്നാണ് വിളിച്ചിരുന്നതെന്നും മോഹൻലാൽ പറയുന്നു. അഭിമുഖത്തിനായി എത്തിയ അന്നുമുതൽ അവസാന നിമിഷം കാണുന്നതുവരെയും ഒരേ സ്‌നേഹമായിരുന്നെന്നും ഇങ്ങനെ ഒരാൾ അദ്ദേഹത്തിന്റെ സിനിമയിലൂടെ ഒരുപാടു നാൾ മുന്നോട്ട് സഞ്ചരിക്കുമെന്ന് ആദ്ദേഹം കരുതിക്കാണണമെന്നും മോഹൻലാൽ പറഞ്ഞു. നവോദയ അപ്പച്ചന്റെ മകനും എന്നെ ലാലുമോൻ എന്നാണ് വിളിക്കുന്നത്. അത്രയും സ്‌നേഹമായിരുന്നു അപ്പച്ചന്. അദ്ദേഹത്തിന്റെ അനുഗ്രഹം എനിക്കുണ്ടാവുമെന്നറിയാം. പുത്രവാത്സല്യ ബന്ധമായിരുന്നു എനിക്ക് കിട്ടിയത്, മോഹൻലാൽ പറയുന്നു.

സിനിമയുടെ സംവിധായകൻ ഫാസിലിനെക്കുറിച്ചും നടൻ മനസ്സു തുറന്നിരുന്നു. വലിയ സംവിധായകനാണ് ഫാസിലെന്നും അദ്ദേഹത്തിന്റെ ചിത്രമാണ് തന്റെ ആദ്യ പടിയെന്നുമാണ് ലാൽ പറഞ്ഞത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മലയാള സിനിമയുടെ ബൈബിൾ ആണെന്നും ലാൽ അഭിമുഖത്തിൽ പറയുന്നുണ്ട്.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമ നാൽപ്പതാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. മോഹൻലാലിന്റെ ആദ്യ സിനിമയായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. ശങ്കർ നായകനായും മോഹൻലാൽ വില്ലനായുമാണ് ചിത്രത്തിൽ എത്തിയത്. നാൽപത് വർഷങ്ങൾക്ക് മുൻപ് ഒരു ക്രിസ്തുമസ് ദിനത്തിലാണ് മോഹൻലാൽ എന്ന നടനെ മലയാളികൾ ആദ്യം സ്‌ക്രീനിൽ കാണുന്നത്. ഫാസിലിന്റെ സംവിധാനത്തിൽ പിറന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ വില്ലൻ വേഷത്തിലായിരുന്നു മോഹൻലാൽ അഭിനയിച്ചത്. മോഹൻലാലിനൊപ്പം നായിക വേഷത്തിലെത്തിയ പൂർണിമ ജയറാമിന്റെയും ആദ്യ സിനിമയായിരുന്നു.