ൺ ബേബി റൺ എന്ന സിനിമയിലെ ആറ്റുമണൽ പായയിൽ എന്ന ഹിറ്റ് ഗാനത്തിന് ശേഷം മോഹൻലാൽ വീണ്ടും ഗായകനാകാനൊരുങ്ങുന്നു. ബോളിവുഡ് സംവിധായകൻ അജോയ് വർമ സംവിധാനം ചെയ്യുന്ന നീരാളി എന്ന ചിത്രത്തിന് വേണ്ടിയാണ് മോഹൻലാൽ ഗായകനാകുന്നത്. ശ്രേയ ഘോഷലും മോഹൻലാലും ചേർന്ന് ആലപിക്കുന്ന ഈ റൊമാന്റിക് യുഗ്മ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് സ്റ്റീഫൻ ദേവസിയാണ്.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സ്റ്റീഫൻ സിനിമയ്ക്ക് സംഗീതമൊരുക്കുന്നുവെന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്.പി ടി ബിനുവിന്റെ ആണ് വരികൾ.മിസ്റ്റർ മരുമകൻ, വല്ലാത്ത പഹയൻ തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ഒരുക്കിയ ബിനു കവികൂടിയാണ്.

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം നാദിയാ മൊയ്തു മോഹൻലാലിനൊപ്പം അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. മോഹൻലാലിന്റെ ഭാര്യയായാണ് നാദിയ എത്തുന്നത്. മുംബയിലെ എല്ലോറാ സ്റ്റുഡിയോയിലാണ് നീരാളിയുടെ ചിത്രീകരണം നടക്കുന്നത്. ഫാസിലിന്റെ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയായിരുന്നു മോഹൻലാലും നാദിയയും ഒന്നിച്ച ചിത്രം. ചിത്രം മെയ് 3ന് തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. 36 ദിവസം കൊണ്ട് ഷൂട്ടിങ് പൂർത്തീകരിച്ചതായി ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു.

അജോയ് വർമ്മയുടെ ആദ്യ മലയാള ചിത്രമായ നീരാളിയുടെ തിരക്കഥ ഒരുക്കുന്നത് സാജു തോമസാണ്. മോഹൻലാലിനൊപ്പം സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, അനുശ്രീ, പാർവതി നായർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂൺഷോട്ട് എന്റർടെയിന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി.കുരുവിള നിർമ്മിക്കുന്ന ചിത്രം മെയ്‌ നാലിന് തീയേറ്ററുകളിലെത്തും.

ദസ്തോല, എസ്ആർകെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വർമ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. മൈ വൈഫ്സ് മർഡർ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററും കൂടിയായിരുന്ന അജോയ് തന്നെയാണ് ഈ സിനിമയുടെയും എഡിറ്റർ.