തിരുവനന്തപുരം: മലയാളത്തിലെ ഏതൊരു സംവിധായകന്റെയും ആഗ്രഹമാണ് മോഹൻലാലിനെ വെച്ച് പടംചെയ്യുക എന്നത്. ഈ ആഗ്രഹം നടക്കാൻ വേണ്ടി അറിയപ്പെടുന്ന സംവിധായകൻ ഡോ. ബിജുവും ശ്രമം നടത്തി. എന്നാൽ, മോഹൻലാൽ അതിന് അവസരം കൊടുത്തില്ല. ഇക്കാര്യം സൂചിപ്പിച്ചു കൊണ്ട് ഡോ. ബിജു പിന്നീട് സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയുമായി മോഹൻലാൽ രംഗത്തെത്തി. കന്യകയിൽ മോഹനരാഗങ്ങൾ എന്ന് അഭിമുഖത്തിലാണ് ലാൽ ഇതിന് മറുപടി നൽകിയത്.

അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയാണ്: മോഹൻലാലിനെ നേരിൽ കണ്ടു കഥയവതരിപ്പിക്കാനായില്ല എന്നു പരാതി പ്പെടുന്ന സംവിധായകർ അനവധിയാണ്. രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ട യുവ സംവിധായകൻ ഡോ. ബിജു കഥ പറയാൻ വന്നിട്ട് താങ്കളെ കാണാൻ കഴിയാതെ പോന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ പരസ്യ മാക്കിയിട്ടുണ്ട്. പുതുതലമുറ സിനിമയിൽ ആര്, എന്ത് എന്നൊക്കെ മഹാമേരു അറിയാതെ പോവുന്നുണ്ടെന്നുണ്ടോ?

ആരെങ്കിലുമൊക്കെ അദ്ദേഹം പറഞ്ഞുപരത്തുന്നതിനെയൊന്നും നമ്മൾ ചലഞ്ച് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ അദ്ദേഹം വന്നു കഥ പറഞ്ഞിട്ടുണ്ട്. അതു സത്യം. ഞാൻ പറഞ്ഞതുപോലെ കഥ കേൾക്കുമ്പോൾ എനിക്കെന്റേതായ ചില ചോദ്യങ്ങളുണ്ട്. അതിനു മറുപടി തരാൻ അദ്ദേഹത്തിനു സാധിച്ചില്ല. ആ ഒരു സിനിമയിൽ അഭിനയിച്ചില്ല എന്നു വച്ച് എനിക്കൊന്നും സംഭവിച്ചിട്ടില്ല. അതിലഭിനിയച്ചു എന്നുവച്ചും ഒന്നും സംഭവിക്കില്ല. അങ്ങനൊരു സിനിമയായിരുന്നു. എനിക്കതിൽ ത്രില്ലിങായി യാതൊന്നും തോന്നിയില്ല.

അതദ്ദേഹത്തിന്റെ പേഴ്സണൽ ഫിലിമാണ്. തീർച്ചയായും അത്തരം സിനിമകൾ നമുക്കു ചെയ്യാം. മുമ്പ് ചെയ്തിട്ടുണ്ട് ഇനിയും ചെയ്യും. പക്ഷേ അതത്രയ്ക്കു ബ്രില്ല്യന്റായിരിക്കണം. ഒരു വാസ്തുഹാരയോ ഒരു വാനപ്രസ്ഥമോ.. അല്ലാതെ മനഃപൂർവം ഒരു ആർട്ട്ഹൗസ് സിനിമയിൽ അഭിനയിച്ചു കളയാം എന്നുവച്ച് അഭിനയിക്കേണ്ട കാര്യം ഇന്നത്തെ നിലയ്ക്ക് എനിക്കില്ല.