തിരുവനന്തപുരം: രാജസ്ഥാനിലെയും പാലക്കാട്ടെയും തീച്ചൂടിൽ നിന്ന് മോഹൻലാൽ ജോർജിയയിലെ തണുപ്പിലേക്ക് പറന്നിറങ്ങി. മേജർ രവി സംവിധാനം ചെയ്യുന്ന ബിയോണ്ട് ദ ബോർഡേഴ്സ് 1971 എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളിൽ അഭിനയിക്കാനാണ് കഴിഞ്ഞയാഴ്ച താരം ജോർജിയയിലെത്തിയത്. ഇവിടെ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമയാണിത്.

ഫെബ്രുവരി ആറ് വരെയാണ് ചിത്രീകരണം. അതിന് ശേഷം ടീം കേരളത്തിലേക്ക് തിരിക്കും. ആഫ്രിക്കയിൽ വച്ച് ഈ സീനുകൾ ഷൂട്ട് ചെയ്യാനാണ് ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങളാൽ അത് നടന്നില്ല.

യു.എൻ സമാധാന കരാർ ഉടമ്പടിയുമായി ബന്ധപ്പെട്ട രംഗങ്ങളാണ് ജോർജിയയിൽ ചിത്രീകരിക്കുന്നത്. ഇന്ത്യാ-പാക് അതിർത്തിയിലും പെരുമ്പാവൂരിലുമായാണ് യുദ്ധരംഗങ്ങൾ ചിത്രീകരിച്ചത്.

1971ലെ ഇന്ത്യാ-പാക് യുദ്ധത്തിനിടെ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. യുദ്ധമല്ല, അതിനിടയിൽ സംഭവിക്കുന്ന പ്രശ്നങ്ങളാണ് ഇത്തവണ മേജർ രവി ചർച്ച ചെയ്യുന്നത്. മേജർ മഹാദേവന്റെ അച്ഛൻ കേണൽ സഹദേവന്റെ കാലത്തെ കഥയാണ് ചിത്രത്തിൽ പറയുന്നത്. രണ്ട് പേരും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മോഹൻലാലിന് മൂന്ന് ഗെറ്റപ്പാണുള്ളത്. അതുകൊണ്ട് തന്നെ ചിത്രീകരണത്തിന് ഏറെ സമയം എടുത്തു. ഹനീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രം വിഷുവിന് തിയേറ്ററുകളിലെത്തിക്കാനാണ് നീക്കം നടക്കുന്നത്.