മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ടീസർ ഷെയർ ചെയ്ത് പിന്തുണ അറിയിച്ച് മോഹൻലാൽ. രൺജി പണിക്കരുടെ മകൻ നിതിൻ ആദ്യമായി സംവിധായകനാകുന്ന സിനിമയായ കസബയ്ക്ക് ആശംസകൾ നേർന്നാണ് മോഹൻലാൽ രംഗത്തെത്തിയത്. കസബയുടെ എല്ലാ അണിയറ പ്രവർത്തകർക്കും മോഹൻലാൽ ആശംസകൾ നേർന്നു കൊണ്ട് ഫേസ്‌ബുക്ക്‌പോസ്റ്റിട്ടു. കസബയുടെ ടീസർ ഷെയർ ചെയാതാണ് മോഹൻലാൽ പിന്തുണ അറിയിച്ചത്.

ചിത്രം നാളെയാണ് റിലീസ് ചെയ്യാനിരിക്കുന്നത്. ത്രില്ലർ ചിത്രമായ കസബയിൽ മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സർക്കിൾ ഇൻസ്പെക്ടർ രാജൻ സക്കറിയ ആയാണ് മമ്മൂട്ടി വേഷമിടുന്നത്. വരലക്ഷ്മി, നേഹ സക്സേന, ജഗദീഷ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. രാഹുൽ രാജ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. മമ്മൂട്ടിയുടെ അനുജന്റെ മകൻ മഖ്ബൂൽ സൽമാനും ചിത്രത്തിൽ വേഷമിടുന്നു.

കോഴിക്കോട്, കോളാർ സ്വർണ ഖനി, പഴനി തുടങ്ങിയ ഇടങ്ങളിലായിരുന്നു ചിത്രീകരണം. 24 മണിക്കൂറിനുള്ളിൽ അഞ്ച് ലക്ഷത്തിൽ അധികം പേർ കണ്ട് റെക്കോഡ് ഇട്ട ടീസറാണ് കസബയുടേത്. നാല് ദിവസത്തിനുള്ളിൽ പത്ത് ലക്ഷത്തിലധികം പേരാണ് ടീസർ കണ്ടത്.

സംവിധാനത്തിനൊപ്പം തിരക്കഥയും നിതിൻ തന്നെയാണ് ഒരുക്കിയത്. ആലീസ് ജോർജ് നിർമ്മിക്കുന്ന ചിത്രത്തിൽ സമീർ ഹഖ് ആണ് ഛായാഗ്രാഹകൻ. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ വിതരണക്കാർ.