സൂപ്പർ താരം മോഹൻലാലിന്റെ ഏറ്റവും പുതിയ സിനിമയായ പുലി മുരുകൻ വിദേശ ഭാഷകളിലേക്ക് മൊഴി മാറ്റുന്നു. ചൈനീസ്, വിയ്റ്റാമീസ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായാണ് മൊഴി മാറ്റുന്നത്. മുംബയിൽ തന്റെ സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കുമായി നടത്തിയ പ്രത്യേക ഷോയ്ക്കുശേഷം മോഹൻലാൽ തന്നെയാണ് ഈ വിവരം ഒരു ടെലിവിഷൻ ചാനലിനോട് വെളിപ്പെടുത്തിയത്.

ഇത്രയും ഭാഷകളിൽ മൊഴി മാറ്റുന്ന തന്റെ ഏറ്റവും മികച്ച ചിത്രമായിരിക്കും പുലി മുരുകനെന്ന് മോഹൻലാൽ പറഞ്ഞു.വൈശാഖ് സംവിധാനം ചെയ്ത പുലി മുരുകൻ കാടിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. കേരളത്തിൽ നാനൂറോളം തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആദ്യത്തെ അഞ്ചു ദിവസം കൊണ്ട് 20 കോടിയാണ് വാരിയത്. 25 കോടി മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചത്. പീറ്റർ ഹെയ്ൻ ഒരുക്കിയ ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്.

കമാലിനി മുഖർജിയാണ് നായികയായി എത്തിയത്. എം.ആർ. ഗോപകുമാർ, സുരേഷ് കീഴാറ്റൂർ, വിനുമോഹൻ, ബാല, കിഷോർ ,സുധീർ കരമന, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സേതുലക്ഷ്മി എന്നിവർ മികച്ച പ്രകടനമാണ് നടത്തിയത്. മകരന്ദ് ദേശ്പാണ്ഡെ, നമിത എന്നിവരും താരനിരയിൽ ഉൾപ്പെടുന്നു.