- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഒരുപാട് വർഷമായിട്ട് അറിയാവുന്ന ആളാണ്; ഉൾക്കൊള്ളാൻ സാധിക്കാത്ത വിയോഗം'; പുനീത് രാജ്കുമാറിന്റെ വേർപാട് 'ഷോക്കിങ്' എന്ന് മോഹൻലാൽ
തിരുവനന്തപുരം: കന്നട നടൻ പുനീത് രാജ്കുമാറിന്റെ വിയോഗ വാർത്ത ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന് നടൻ മോഹൻലാൽ. വളരെ വർഷങ്ങളായി അടുത്തറിയാവുന്ന ആളാണെന്നും കുടുംബവുമായിട്ടും നല്ല ബന്ധമാണുണ്ടായിരുന്നതെന്നും മോഹൻലാൽ പറഞ്ഞു.
''ഒരുപാട് വർഷമായിട്ട് അറിയാവുന്ന ആളാണ്. അദ്ദേഹത്തിന്റെ ഇരുപതാമത്തെ വയസ്സു മുതൽ എനിക്കറിയാം. അദ്ദേഹത്തിന്റെ ഫാമിലിയുമായിട്ടും നല്ല ബന്ധമാണുള്ളത്. ഉൾക്കൊള്ളാൻ പറ്റാത്ത വാർത്തയായതുകൊണ്ട് പെട്ടെന്ന് പ്രതികരിക്കാൻ പറ്റുന്നില്ല. വളരെ ഷോക്കിങ് ന്യൂസാണിത്. വളരെ പ്രശസ്തനായ നടനാണ്. നിരവധി ആളുകൾ സ്നേഹിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ചൊക്കെ ഞാൻ പറയേണ്ട കാര്യമില്ല. അദ്ദേഹത്തോടൊപ്പം മൈത്രി എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. വളരെ ഷോക്കിങ് ന്യൂസാണ്'' മോഹൻലാൽ പ്രതികരിച്ചു.
നാൽപ്പത്തിയാറുകാരനായ പുനീത് രാജ്കുമാറിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നാണ്. പുനീത് രാജ്കുമാറിനെ പ്രവേശിപ്പിച്ച വിവരമറിഞ്ഞ് ആരാധകർ ബാംഗ്ലൂർ വിക്രം ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിരുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾ വിഫലമാക്കിയാണ് പുനീത് രാജ്കുമാർ ജീവൻ വെടിഞ്ഞത്.
ഇതിഹാസ നടൻ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ്കുമാർ. രാജ്കുമാറിന്റെ ചില ചിത്രങ്ങൾ പുനീത് രാജ്കുമാർ കുട്ടിയായിരിക്കെ അഭിനയിച്ചിട്ടുണ്ട്. ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു. മുതിർന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്കുമാർ അതേ വിളിപ്പേരിലാണ് ആരാധകർക്ക് ഇടയിൽ അറിയപ്പെടുന്നതും.
കന്നഡയിൽ വിജയ നായകനായി തുടരുന്നതിനിടെയാണ് അദ്ദേഹത്തിന് അകാലവിയോഗമുണ്ടായിരിക്കുന്നത്. അപ്പു (2002), അഭി (2003), വീര കന്നഡിഗ (2004), , ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിവയാണ് പുനീത് രാജ്കുമാറിന്റെ ഹിറ്റ് ചിത്രങ്ങൾ.
കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമാണ് പുനീത് രാജ്കുമാർ. ഹു വാണ്ട്സ് ടു ബി എ മില്ല്യണർ എന്ന ഷോയുടെ കന്നഡ പതിപ്പായ 'കന്നഡാഡ കോട്യാധിപതി' യിലൂടെ ടെലിവിഷൻ അവതാരകനായും ശ്രദ്ധേയനായി പുനീത് രാജ്കുമാർ.
ന്യൂസ് ഡെസ്ക്