കൊച്ചി: മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ തരംഗമാണ് ഇപ്പോൾ തിയേറ്ററുകളിൽ. ചിത്രത്തതിന്റെ ആദ്യ ഷോയ്ക്ക് മോഹൻലാലിന്റെ ഭാര്യ സുചിത്രയും ടിക്കറ്റെടുത്തിരുന്നു. എറണാകുളം കവിത തിയേറ്ററിലാണ് സുചിത്ര ഒടിയൻ കാണാനെത്തിയത്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനും കുടുംബത്തിനുമൊപ്പമാണ് താര പത്‌നി ചിത്രം കാണാനെത്തിയത്.

ഒടിയൻ കണ്ടിറങ്ങിയ സുചിത്രയോട് മാധ്യമ പ്രവർത്തകർ അഭിപ്രായം ആരാഞ്ഞപ്പോൾ നല്ല സിനിമയെന്നായിരുന്നു മറുപടി. നല്ല കഥയാണെന്നും നല്ലൊരു എന്റർടെയിനറാണെന്നും സുചിത്ര പറഞ്ഞു. സുചിത്രയെ കൂടാതെ നടൻ ഉണ്ണി മുകുന്ദൻ, നീരജ് മാധവ്, ഫർഹാൻ ഫാസിൽ നടി സംയുക്ത മേനോൻ തുടങ്ങിയവരും ആദ്യ ഷോ കാണാനെത്തിയിരുന്നു. സംവിധായകൻ ശ്രീകുമാർ മേനോനും ഒടിയൻ കാണാൻ എത്തി. പുലർച്ചെ ആരാധകർക്കായി ഒരുക്കിയ പ്രത്യേക പ്രദർശനം കാണാൻ എറണാകുളം കവിത തിയേറ്ററിലാണ് ശ്രീകുമാർ മേനോൻ എത്തിയത്.

താൻ നേരത്തെ കണ്ട സിനിമ പ്രേക്ഷകരുടെ പ്രതികരണം അറിയാനാണ് അവരോടൊപ്പം ഇരുന്ന് കണ്ടതെന്ന് ശ്രീകുമാർ മേനോൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ആദ്യ പ്രദർശനത്തിന് ശേഷം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും, സിനിമ തിയേറ്ററുകളിൽ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.