കൊച്ചി: ആലുവയിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വകുപ്പ്തല നടപടിക്ക് വിധേയനായ സിഐ സുധീർ മുമ്പും വിവാദനായകൻ. അഞ്ചൽ ഉത്ര വധക്കേസിന്റെ ആദ്യഘട്ടത്തിൽ അന്വേഷണ ചുമതല സുധീറിനായിരുന്നു. എന്നാൽ പ്രാഥമികാന്വേഷണത്തിൽ വീഴ്‌ച്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് സുധീറിനെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റുകയായിരുന്നു.

ഇതുകൂടാതെ വകുപ്പുതല നടപടി ശുപാർശ ചെയ്തുകൊല്ലം റൂറൽ എസ്‌പി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ടും നൽകിയിരുന്നു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ പാലിക്കേണ്ട നടപടി ക്രമങ്ങളിൽ സിഐ വീഴ്ച വരുത്തിയെന്നായിരുന്നു റിപ്പോർട്ട്. അഞ്ചൽ സിഐയിൽ നിന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് ഡിവൈ.എസ്‌പി എ. അശോകനാണ് വീഴ്ചകൾ ആദ്യം ചൂണ്ടിക്കാട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വിശദീകരണം നൽകാൻ സിഐയോട് ആവശ്യപ്പെട്ടിരുന്നു. രേഖാമൂലം നൽകിയ മറുപടി തൃപ്തികരമല്ലായിരുന്നു. സിഐയ്ക്കെതിരെ വകുപ്പ് തല നടപടിയെടുത്തില്ലെങ്കിൽ ഉത്ര വധക്കേസിന്റെ വിചാരണയിൽ തിരിച്ചടി ഉണ്ടായേക്കുമെന്ന് അന്വേഷണ സംഘവും നിലപാടെടുത്തു. മെയ്‌ ഏഴിന് ഉത്ര കൊല്ലപ്പെട്ട സമയത്ത് തന്നെ സഹോദരൻ വിഷ്ണു സംശയം പ്രകടിപ്പിച്ചിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ പരാതിയും സിഐ വേണ്ട വിധത്തിൽ പരിഗണിച്ചില്ല. പിന്നീട് റൂറൽ എസ്‌പിക്ക് നൽകിയ പരാതിയെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

കഴിഞ്ഞ ജൂൺ മൂന്നിന് അഞ്ചലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ദമ്പതികളുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് ഒപ്പിടാൻ മൃതദേഹങ്ങൾ സഹിതം ആംബുലൻസ് വീട്ടിലേക്ക് വിളിച്ചുവരുത്തിയ സംഭവത്തിലും സിഐയ്ക്കെതിരെ റൂറൽ എസ്‌പി പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഒപ്പിടേണ്ട സിഐ ഊണ് കഴിക്കാൻ വീട്ടിൽ പോയ ശേഷം മൃതദേഹത്തെ പതിനഞ്ച് കിലോമീറ്റർ അപ്പുറത്തുള്ള വീട്ടിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇത് മൃതദേഹത്തോടുള്ള തികഞ്ഞ അനാദരവാണെന്ന ആക്ഷേപം അന്നുതന്നെ ഉയർന്നിരുന്നു. തുടർച്ചയായി ഉണ്ടായ പിഴവുകളുടെ അടിസ്ഥാനത്തിലായിരുന്നു സിഐയെ അന്ന് അഞ്ചലിൽ നിന്നും സ്ഥലംമാറ്റിയത്.

തുടർച്ചയായി വിവാദങ്ങളിൽപെടുന്ന സിഐ സുധീറാണ് ഇപ്പോൾ ആലുവ സംഭവത്തിലും പ്രതിസ്ഥാനത്ത്. സിഐക്കെതിരേ നടപടി വേണമെന്ന് ആത്മഹത്യ കുറിപ്പിൽ യുവതി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ സിഐയെ സ്റ്റേഷൻ ചുമതലകളിൽനിന്ന് നീക്കുകയായിരുന്നു. മൊഫിയ പർവീണിന്റെ ആത്മഹത്യ ആലുവ ഡിവൈ.എസ്‌പി. അന്വേഷിക്കും.

മൊഫിയയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരേ പൊലീസ് കേസെടുക്കും. അതേസമയം, മൊഫിയയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് അൻവർ സാദത്ത് എംഎ‍ൽഎ. ആവശ്യപ്പെട്ടു.

ഒരു മാസം മുൻപാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ മൊഴിയെടുപ്പിക്കുന്നതിന് വേണ്ടിയാണ് സ്റ്റേഷനിനിലേക്ക് യുവതിയെയും പിതാവിനെയും വിളിപ്പിച്ചത്. സ്റ്റേഷനിൽ ഭർത്താവും വീട്ടുകാരും ഉണ്ടായിരുന്നു. എന്തിനാണ് അവരെ വിളിപ്പിച്ചത് എന്ന് ചോദിച്ചപ്പോൾ നടപടിക്രമങ്ങളുടെ ഭാഗമായാണ് എന്നാണ് സ്റ്റേഷനിൽ നിന്ന് പറഞ്ഞത്. തുടർന്ന് മൊഴിയെടുത്തിട്ട് പറഞ്ഞ് വിടണമെന്നും തനിക്ക് അയാളോടൊപ്പം നിന്ന് സംസാരിക്കാൻ കഴിയില്ലെന്നും യുവതി പറഞ്ഞു.

പരാതി പറയാനെത്തിയ മൊഫിയയോടും പിതാവിനോടും സിഐ. മോശമായി പെരുമാറിയെന്നാണ് ആരോപണം. മൊഴി നൽകിയ ശേഷം വീട്ടിലെത്തിയ പെൺകുട്ടിയെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൊഫിയയുടെ ആത്മഹത്യകുറിപ്പിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേയും ആലുവ ഈസ്റ്റ് സിഐക്കെതിരേയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സിഐക്കെതിരേ നടപടിയെടുക്കണമെന്നും ആത്മഹത്യകുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്.

മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസിനെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് മൊഫിയയുടെ പിതാവ് ഇർഷാദും രംഗത്തെത്തിയിട്ടുണ്ട്. 'ആലുവ സിഐ. ഞങ്ങളോട് മോശമായാണ് പെരുമാറിയത്. സ്റ്റേഷനിലേക്കു കയറിച്ചെന്നപ്പോൾ താൻ തന്തയാണോടോ എന്നാണ് സിഐ. ചോദിച്ചത്. മരുമകന്റേയും അവരുടെ വീട്ടുകാരുടേയും മുന്നിൽവെച്ച് തന്നോടും മകളോടും മോശമായി സംസാരിച്ചു.'

'സ്റ്റേഷനിൽനിന്ന് വന്ന തിരിച്ചുവന്നപ്പോൾ, നമുക്ക് നീതി കിട്ടുന്നില്ലല്ലോ പപ്പാ എന്നാണ് മകൾ പറഞ്ഞത്. നീതി കിട്ടുമെന്ന് ഞാൻ പറഞ്ഞപ്പോൾ സിഐ. ഞങ്ങളുടെ മുമ്പിൽ വെച്ച് ഇങ്ങനെ സംസാരിക്കില്ലല്ലോ എന്നാണ് അവൾ പറഞ്ഞത്. ഞാൻ ഇത്രയൊക്കെ സഹിച്ച് പോയാണ് പരാതി കൊടുത്തത്. എന്നിട്ടും അവർ എന്നോട് ഇങ്ങനെയാണല്ലോ പെരുമാറുന്നത് എന്നാണ് അവൾ പറഞ്ഞത്. മകൾക്ക് പൊലീസിന്റെ ഭാഗത്ത് നിന്ന് അല്പം കരുണയാണ് വേണ്ടിയിരുന്നത്. കരുണ കിട്ടിയിരുന്നെങ്കിൽ മകൾ ആത്മഹത്യ ചെയ്യില്ലായിരുന്നു.' ഇർഷാദ് പറയുന്നു.

തൊടുപുഴയിൽ സ്വകാര്യ കോളേജിൽ മൂന്നാം വർഷ എൽ.എൽ.ബി. വിദ്യാർത്ഥിയാണ് മരിച്ച മൊഫിയ. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് വിവാഹം കഴിച്ചത്