ദോഹ: വിന്റർ ക്യാമ്പുകളിൽ പുകവലി നിരോധനം കർശനമായി പാലിക്കണമെന്ന് ഇന്റീരിയർ മിനിസ്ട്രി. വിന്റർക്യാമ്പുകളിൽ പുകവലി നിരോധനം പുതിയ നിയമമല്ലെന്നും എന്നാൽ ഇതുപാലിക്കപ്പെടുന്നതിൽ ഏവരും വീഴ്ച വരുത്തുന്നതിനാൽ ഇത്തവണ കർശന നടപടികൾ സ്വീകരിക്കുമെന്നുമാണ് മന്ത്രാലയം അറിയിക്കുന്നത്.

ടെന്റുകളിൽ പുകവലിക്കുന്നതു കൊണ്ട് ഏറെ അപകടങ്ങൾ ഉണ്ടാകുന്നുണ്ടെന്നും ഇത്തവണ ഇത്തരത്തിൽ അപകടം ഒഴിവാക്കുന്നതിനാണ് ഇത്തരം കർശന നടപടികളെന്നും അധികൃതർ വ്യക്തമാക്കി. ടെന്റുകളിൽ പുകവലി നിരോധിച്ചുകൊണ്ട് അറിയിപ്പുകൾ ഇംഗ്ലീഷിലും അറബിയിലും എഴുതിവയ്ക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

വിന്റർ അടുത്തു വരുന്നതോടെ സർക്കാർ മരുഭൂമിയിൽ ഒട്ടേറെ ആഘോഷപരിപാടികൾ പദ്ധതിയിട്ടിരിക്കുന്നത്. അതോടൊപ്പം തന്നെ ക്യാമ്പുകൾക്ക് സുരക്ഷയൊരുക്കുന്നതിന് ഒട്ടേറെ നിയമാവലിയും സർക്കാർ നടപ്പാക്കും. അതിന്റെ ഭാഗമായാണ് പുകവലി നിരോധനം. ടെന്റുകളിൽ നിന്ന് ആറു മീറ്റർ എങ്കിലും അകലെയായിരിക്കും ഇലക്ട്രിസിറ്റി ജനറേറ്ററുകളുടെ സ്ഥാനം, ഗ്യാസ് സിലിണ്ടറുകൾ സ്ഥാപിക്കുമ്പോൾ തീയണയ്ക്കുന്നതിനുള്ള സംവിധാനം ഉണ്ടായിരിക്കണം എന്നതെല്ലാം നിബന്ധനകളിൽ പെടുന്നു.