ദോഹ: രാജ്യമെമ്പാടും കൊടുങ്കാറ്റിന് സാധ്യതയുള്ളതായി ഇന്റീരിയർ മിനിസ്ട്രി മുന്നറിയിപ്പു നൽകി. ആഴ്ചയുടെ തുടക്കം മുതൽ തന്നെ പരക്കെ മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ശക്തമായ മഴ ആരംഭിക്കുന്നത് ബുധനാഴ്ചയും നീണ്ടു നിൽക്കും.

ദോഹയിലേക്ക് കൊടുങ്കാറ്റ് ചലിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് കനത്ത മഴയ്ക്ക് വഴി വയ്ക്കുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പിൽ പറയുന്നത്. ജനങ്ങൾ ജാഗരൂകരായിരിക്കണമെന്നും അറിയിപ്പുണ്ട്. രാജ്യമെമ്പാടും ശക്തമായ മഴ പെയ്യുമെന്നും രണ്ടു മൂന്നു ദിവസത്തേക്ക് മഴ നീണ്ടു നിൽക്കുമെന്നുമാണ് പ്രവചനം. വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കുന്നു. മഴയത്ത് റോഡുകൾ അപകടകാരികളാകാൻ സാധ്യതയുള്ളതിനാലാണ് വാഹനവുമായി പുറത്തിറങ്ങുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്തന്. അബു സമാറ, ഉം ബാബ് ഹൈവേകൾ ഉപയോഗിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഓർമിപ്പിക്കുന്നുണ്ട്.