എടപ്പാൾ: എടപ്പാളിലെ ബാലപീഡകൻ മൊയ്തീൻകുട്ടി പത്തുവയസുകാരി പെൺകുട്ടിയെ താമസ സ്ഥലത്തുവെച്ചും പീഡിപ്പിച്ചിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് റിപ്പോർട്ട്. കോടതിയിൽ ഹാജരാക്കിയ റിമാൻഡ് റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഇയാളുടെ തന്നെ ക്വാർട്ടേഴ്സിൽ എത്തി രണ്ട് തവണ കുട്ടിയുടെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചിട്ടുണ്ടെന്നാണ് പൊലീസ് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചത്. കൂടാതെ പെൺകുട്ടിയുടെ മാതാവുമായി അവിഹിത ബന്ധവുമുണ്ടെന്നും സമ്മതിച്ചു. പെൺകുട്ടിയോട് കൂടുതൽ നേരം മോശമായി പെരുമാറിയത് തീയേറ്ററിൽ വച്ചാണ്. ഇവയെല്ലാം ചേർത്താണ് റിമാൻഡ് റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചത്.

സാമ്പത്തികമായി ഒരുപാട് സഹായം ചെയ്തതിനാൽ അമ്മ മൊയ്തീൻ കുട്ടിയെ തടഞ്ഞില്ല. ദൃശ്യങ്ങൾ പുറത്തായതോടെ പ്രതി വിദേശത്തേക്ക് കടക്കാൻ ആലോചിച്ചെന്നും നാട്ടിലെ കോടിക്കണക്കിന് സ്വത്തുക്കളെ ബാധിക്കുമെന്ന അഭിഭാഷകന്റെ ഉപദേശത്തെ തുടർന്ന് പിന്മാറുകയായിരുന്നുവെന്നും റിമാന്റ് റിപ്പോർട്ടിൽ പൊലീസ് പറയുന്നുണ്ട്. അബദ്ധം പറ്റി പോയെന്ന് പറഞ്ഞ് മൊയ്തീൻ കുട്ടി പൊലീസിന്റെ മുന്നിൽ ചോദ്യം ചെയ്യലിനിടയിൽ പൊട്ടിക്കരയുകയായിരുന്നു.

മുൻപ് ജൂവലറി ബിസിനസ്സുകാരനായ ഇയാൾ ഇപ്പോൾ വിദേശത്താണ്. സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുൻപാണ് നാട്ടിലെത്തിയത്. ഏടപ്പാളിൽ വാഹനത്തിന്റെ സ്പെയർ സ്പാർട്ട്സ് വാങ്ങാൻ പോയി മടങ്ങും വഴിയാണ് പെൺകുട്ടിയുടെ മാതാവ് ഫോണിൽ വിളിക്കുന്നത്. സംഭവത്തെപറ്റി പൊലീസ് പറയുന്നതിങ്ങനെ. സ്പെയർ പാർട്ട്സ് വാങ്ങി മടങ്ങുകയായിരുന്ന മൊയ്തീൻ കുട്ടിയുടെ ബെൻസ് കാർ പെൺകുട്ടി കണ്ടു. അമ്മയോട് കാർ കടന്ന് പോകുന്നത് കുട്ടി വിളിച്ചു കാണിച്ചു. തുടർന്ന് ഇവർ മൊബൈൽ ഫോണിൽ മൊയ്തീൻ കുട്ടിയെ വിളിച്ചു തങ്ങൾ എടപ്പാളിൽ നിൽപ്പുണ്ടെന്ന് അറിയിച്ചു. അങ്ങനെയാണ് എടപ്പാളിൽ വച്ച് ഇവർ കണ്ടു മുട്ടുന്നത്. പിന്നീട് തീയേറ്ററിലേക്ക് പോവുകയായിരുന്നു.

നാട്ടിലെ അറിയപ്പെടുന്ന കുബേരനാണ് തൃത്താല കാങ്കുന്നത്ത് മൊയ്തീൻ കുട്ടി എന്ന അറുപതുകാരൻ. കുടുംബ സമേതം ഏറെക്കാലുമായി അബുദാബിയിൽ ജോലി നോക്കുകയായിരുന്നു അയാൾ. അടുത്തിടെയാണ് നാട്ടിലേക്ക് താമസം മാറ്റിയത്. ഇയാളുടെ മക്കളിൽ ഒരാൾ അബുദാബിയിൽ ഉന്നത സ്ഥാനത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ്. മകളും മരുമകളും അറിയപ്പെടുന്ന ഡോക്ടർമാർ ആണ്.

മൊയ്തീൻകുട്ടിക്ക് നാട്ടിലും ധാരാളം ബിസിനസ് സ്ഥാപനങ്ങൾ ഉണ്ട്. യുഎഇയിലെ ബിസിനസ് പച്ചപിടിച്ചതോടെ ഇലക്ട്രോണിക് കടയും വാടകയ്ക്ക് നൽകുന്ന കടമുറികളുമായി നാട്ടിൽ ബിസിനസും കൊഴുപ്പിച്ചു. സിനിമാ തീയറ്ററിൽ യുവതിയെയും പെൺകുട്ടിയെയും എത്തിച്ചത് പീഡിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെയായിരുന്നു എന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. സിനിമ കണ്ടിരുന്നതിനാൽ പീഡനം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ഇവരുടെ മൊഴി. കുട്ടിയുടെ അമ്മയ്ക്കു ദീർഘനാളായി മുഖ്യപ്രതി മൊയ്തീനുമായി ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ സ്ത്രീയ്ക്ക് മൂന്നു പെൺകുട്ടികളാണുള്ളത്. ഇതിൽ ഏറ്റവും ഇളയ കുട്ടിയാണ് പീഡനത്തിന് ഇരയായത്. മറ്റു രണ്ടു പെൺകുട്ടികൾ യുപി, ഹയർസെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്നു.

അബദ്ധം പറ്റി പോയെന്ന് പറഞ്ഞ് മൊയ്തീൻ കുട്ടി കുറ്റം സമ്മതിച്ചെന്നും പൊലീസ് റിമാന്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. സിനിമ തിയ്യറ്ററിൽ വച്ച് പത്ത് വയസുകാരിയെ പീഡിപ്പിച്ച പാലക്കാട് തൃത്താല സ്വദേശി മൊയ്തീൻ കുട്ടിയെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.