- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇംഗ്ലണ്ടിന് വിജയം എളുപ്പമാകില്ല; ഭീഷണിയാവുക രവീന്ദ്ര ജഡേജയുടെ പന്തുകൾ; തുറന്ന് സമ്മതിച്ച് ഇംഗ്ലണ്ട് മൊയീൻ അലി
ഓവൽ: ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിൽ തങ്ങൾക്ക് വിജയം എളുപ്പമാകില്ലെന്ന് ഇംഗ്ലണ്ട് താരം മൊയിൻ അലി. അഞ്ചാം ദിനമായ ഇന്ന് പത്ത് വിക്കറ്റുകൾ കൈയിലിരിക്കേ ഇംഗ്ലണ്ടിന് വിജയിക്കാൻ വേണ്ടത് 291 റൺസാണ്.എന്നാൽ ഇന്ത്യയുടെ ഇടം കൈയൻ സ്പിന്നർ രവീന്ദ്ര ജഡേജ അഞ്ചാം ദിനം ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയാകും എന്നാണ് സ്പിന്നർ കൂടിയായ അലി പ്രവചിക്കുന്നത്.
'എന്തും സാധ്യമാക്കാൻ പ്രാപ്തിയുള്ള ബൗളറാണ് ജസ്പ്രിത് ബുമ്റ. പക്ഷെ ഓവൽ പിച്ചിൽ ഇന്ന് ഏറ്റവും വലിയ വെല്ലുവിളി രവീന്ദ്ര ജഡേജയായിരിക്കും. ഫ്ളാറ്റ് വിക്കറ്റാണെങ്കിലും നന്നായി കളിക്കാനാണ് ഞങ്ങൾ പോകുന്നത്. ഇന്ത്യ എപ്പോഴും ശക്തമായി തിരിച്ചടിക്കുന്നതിനാൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.'
'ഓപ്പണർമാരായ റോറി ബേൺസ്, ഹസീബ് ഹമീദ് മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നുണ്ട്. ആദ്യ 10-15 ഓവറുകൾ കടന്നാൽ ഇരുവരും നല്ല സ്ഥിരത കാട്ടും. മികച്ച കൂട്ടുകെട്ട് അഞ്ചാം ദിനം ഓപ്പണർമാർ സൃഷ്ടിക്കും എന്നാണ് പ്രതീക്ഷ. ഈ പരമ്പരയിൽ തന്നെ ഇരുവരും മികച്ച ബാറ്റിങ് പുറത്തെടുത്തിട്ടുണ്ട്. ഇന്നും അത് ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു'- മൊയീൻ അലി വ്യക്തമാക്കി.
ഇന്ത്യ മുന്നോട്ടുവെച്ച 368 റൺസ് വിജയ ലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് പോകാതെ 77 റൺസ് എന്ന നിലയിൽ അവസാന ദിനമായ ഇന്ന് ബാറ്റിങ് തുടങ്ങും. തുടക്കത്തിൽ തന്നെ വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിനെ സമ്മർദത്തിലാക്കാനാകും ഇന്ത്യയുടെ ഇന്നത്തെ ശ്രമം. ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പരയിൽ മുന്നിലെത്താം.
സ്പോർട്സ് ഡെസ്ക്