അടൂർ: വീടുകളിൽ തനിച്ചാണെന്ന് ബോധ്യപ്പെടുന്ന സ്ത്രീകളേയും പെൺകുട്ടികളേയും ലക്ഷ്യമിട്ട് വരുന്ന കുറ്റവാളികളുടെ എണ്ണം അനുദിനം കൂടുകയാണ്. സാഹചര്യം അനുകൂലമാണെന്ന് കണ്ടാൽ ഒരു പെൺകുഞ്ഞിനെയും കേരളത്തിലെ ഞരമ്പു രോഗികൾ വെറുതെ വിടില്ലെന്ന് തെളിയിക്കുന്ന സംഭവമാണ് കൊടുമണിൽ നിന്ന് പുറത്തുവരുന്നത്.

ഇറച്ചി കച്ചവടക്കാരനായ യുവാവ് ആടിനെ വാങ്ങാൻ വീട്ടിലെത്തിയപ്പോൾ അവിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മാത്രം. വെള്ളം ചോദിച്ച് വീടിന് അകത്തു കയറി പെൺകുട്ടിയെ കടന്നു പിടിച്ച് കീഴ്പ്പെടുത്താൻ ശ്രമിച്ചു. കുട്ടി അലറിക്കരഞ്ഞതോടെ വിട്ടിട്ട് ഓടി രക്ഷപ്പെട്ടു. ഒട്ടും സമയം പാഴാക്കാതെ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തു. അടൂർ കണ്ണങ്കോട് പുതുക്കുഴി മേലേതിൽ നിസറുദ്ദീനെയാ(38)ണ് കൊടുമൺ എസ്ഐ ആർ രാജീവ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്കാണ് സംഭവം നടന്നത്. കനത്ത മഴയും ഇരുട്ടുമുള്ളപ്പോഴാണ് പ്രതി ആടിനെ വാങ്ങുന്നതിനായി കൊടുമണിൽ നേരത്തേ പറഞ്ഞുറപ്പിച്ചിരുന്ന വീട്ടിൽ എത്തിയത്. പിക്കപ്പ് വാനിലാണ് നിസറുദ്ദീൻ എത്തിയത്. ഈ സമയം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. സാഹചര്യം അനുകൂലമെന്ന് കണ്ടതോടെ പ്രതി പെൺകുട്ടിയെ തന്റെ വഴിക്കു കൊണ്ടുവരാനുള്ള ശ്രമം നടത്തി നോക്കി. ആദ്യപടിയായി കുടിവെള്ളം ചോദിച്ചു.

കുട്ടി വെള്ളം എടുക്കാൻ അടുക്കളയിലേക്ക് പോയപ്പോൾ ഇയാൾ പിന്നാലെ കൂടി. അവിടെ വച്ച് കടന്നു പിടിച്ച് ബലാൽക്കാരം നടത്താൻ ശ്രമിക്കുകയായിരുന്നു. കുട്ടി ബഹളം വച്ചതോടെ പ്രതി ഇറങ്ങിയോടി വാഹനത്തിൽ രക്ഷപ്പെട്ടു. അടൂർ ഡിവൈഎസ്‌പി ആർ ജോസിന്റെ നിർദേശപ്രകാരം നടന്ന അന്വേഷണത്തിൽ അഡി. എസ്ഐ വൈ തോമസ്, എഎസ്ഐ. ബിനു, പൊലീസുകാരായ സുഭാഷ്, ധന്യ എന്നിവർ കൂടി ഉൾപ്പെടുന്ന സംഘമാണ് ഇന്ന് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.