കൊല്ലം: നാട്ടിലെ സ്ഥിരം തലവേദനയായ പീഡന വീരൻ വീണ്ടും പൊലീസ് പിടിയിലായി. പത്തനാപുരം പിറവന്തൂർ ചെമ്പനരുവി മുരുകാലയത്തിൽ മഞ്ചേഷാ(37) ണ് പത്തനാപുരം പൊലീസിന്റെ പിടിയിലായത്. ഇയാൾ നാട്ടിലെ സ്ഥിരം പീഡന വീരനാണ്. പതിമൂന്ന് വയസ്സുകാരിയായ പട്ടികജാതി പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന കേസിലാണ് ഇയാൾ ഇപ്പോൾ പിടിയിലായത്. ഒരു വർഷമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു.

പീഡനം വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് കാട്ടി പെൺകുട്ടിയുടെ ബന്ധുക്കളെ ഇയാൾ ഭീഷണി പെടുത്തിയിരുന്നു. സംഭവമറിഞ്ഞ സമീപവാസിയാണ് ചൈൽഡ് ലൈൻ അധികൃതർക്ക് പരാതി നൽകിയത് .സംഭവത്തിൽ അന്വേഷണം നടത്തിയ ചൈൽഡ്‌ലൈൻ പൊലീസിന് പരാതി കൈമാറുകയായിരുന്നു. പൊലീസ് കേസെടുത്തതറിഞ്ഞ് തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അച്ചൻകോവിൽ അതിർത്തിയിലെ ചെക്ക്‌പോസ്റ്റിന് സമീപം വച്ചാണ് പുനലൂർ ഡി.വൈ.എസ്‌പി അനിൽ കുമാറിന്റെ നേത്യത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.

മുൻപ് വാർഡ് മെമ്പറുമായി ഇയാൾ അവിഹിത ബന്ധത്തിലേർപ്പെടുകയും ഇവർ തമ്മിലുള്ള ചൂടൻ രംഗങ്ങൾ വാട്ട്‌സാപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഇയാൾ നോട്ടമിടുന്ന പെൺകുട്ടികളെയും സ്ത്രീകളെയും എങ്ങനെയും വലയിലാക്കി ലൈംഗികമായി ചൂഷണം ചെയ്യുന്നതും പതിവായിരുന്നു. ഇത്തരത്തിലുള്ള കേസുകളും, നിരവധി കഞ്ചാവ് കേസുകളിലും മദ്യപിൽപന,മോഷണം,അടിപിടി തുടങ്ങിയ കേസുകളിലും പ്രതിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.