കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലിഫ്റ്റിൽ വച്ചു കടന്ന് പിടിച്ചെന്ന പരാതിയിൽ എ.എസ്ഐക്കെതിരേ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തലയോലപ്പറമ്പ്് സ്റ്റേഷനിലെ എഎസ്ഐ നാസറിനെ പ്രതി ചേർത്താണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. എഎസ്ഐക്കെതിരേ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 28നാണ് പരാതിക്കു കാരണമായ സംഭവം നടന്നത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ലിഫ്റ്റിൽ വച്ചു നാസർ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചതായാണ് പരാതി.

താമസിച്ചെത്തിയ പെൺകുട്ടി ക്ലാസ്സ് മുറിയിലേക്ക് പോകുവാനായി ലിഫ്റ്റിന് സമീപം നിൽക്കുകയായിരുന്നു. ഈ സമയം നാസർ പെൺകുട്ടിയോട് എന്നെ അറിയുമോ എന്നും പെൺകുട്ടിയുടെ അകന്ന ബന്ധുവാണെന്നും പറഞ്ഞ് കുട്ടിയോടൊപ്പം ലിഫ്റ്റിൽ കയറുകയും ചെയ്തു. ലിഫ്റ്റിനുള്ളിൽ വച്ച് ഇയാൾ പെൺകുട്ടിയെ കടന്ന് പിടിച്ചു. ഇതോടെ അലറി വിളിച്ച കുട്ടിയുടെ വായ് പൊത്തി ശ്വാസം മുട്ടിച്ചു. എന്നിട്ട് പുറത്ത് പറഞ്ഞാൽ കൊന്ന് കളയും എന്ന് ഭീഷണിപ്പെടുത്തി.

പെൺകുട്ടി ഓടി ക്ലാസ്സിലെത്തുകയും കൂട്ടുകാരിയോട് വിവരം പറയുകയുമായിരുന്നു. ഇരുവരും ക്ലാസ്സ മുറിയിൽ നിന്നും പുറത്തിറങ്ങി നോക്കിയപ്പോൾ ഇയാൾ ലിഫ്റ്റിനടുത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു. തിരികെ ക്ലാസ്സിൽ കയറിയ ശേഷം നാസർ അവിടെ നിന്നു പോയി എന്ന് മനസ്സിലാക്കി പെൺകുട്ടിയെ കൂട്ടുകാരി ബസ് കയറ്റി വിട്ടു. വീട്ടിലെത്തിയ പെൺകുട്ടി തീരെ അവശയായിരുന്നു. സംഭവിച്ച കാര്യങ്ങൾ വീട്ടുകാരോട് പറഞ്ഞില്ല. രാത്രിയായതോടെ പനിച്ചു വിറച്ച പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ വീട്ടുകാരോടൊപ്പം എറണാകുളം വനിതാ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

പരാതി കിട്ടിയപ്പോൾ വനിതാ പൊലീസുകാർ നിസാരവത്ക്കരിച്ചാണ് സംസാരിച്ചതെന്ന ബന്ധുക്കൾ പറഞ്ഞു. ഇതോടെ എ.സി.പി ലാൽജിക്ക് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സെൻട്രൽ പൊലീസ് കേസെടുക്കുകയും പ്രതിക്കെതിരെ എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഇതിനിടെ ഇയാളെ ജോലിയിൽ  നിന്നും സസ്പെന്റ്് ചെയ്തു. ഇതോടെ പ്രതി ഒളിവിൽ പോയി. ഇയാൾക്കെതിരെ മുൻപും പെൺകുട്ടികളെ കടന്ന് പിടിച്ചു എന്നാരോപണം ഉണ്ടായിരുന്നു. പൊലീസുകാരനായതിനാൽ പലരും പരാതിപ്പെടാൻ മടിച്ചിരുന്നു.

പെൺ വിഷയത്തിൽ ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ടെന്നാണ് ബന്ധുക്കൾ തന്നെ പറയുന്നത്.പരാതിയിൽ കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ അറസ്റ്റ് അടക്കമുള്ള മറ്റു നടപടികൾ ഉണ്ടാവുകയുള്ളൂവെന്ന് എസിപി കെ  ലാൽജി പറഞ്ഞു.