കോഴിക്കോട്: പതിനേഴ് വയസ്സുകാരിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ബസ് തൊഴിലാളി അറസ്റ്റിൽ. സ്വകാര്യ ബസ് ജീവനക്കാരനായ നരിക്കുനി പുല്ലാളൂർ തച്ചൂർതാഴം അത്തിയോട്ട്പൊയിൽ അക്ഷയ് (19) ആണ് പൊലീസ് പിടിയിലായത്. സംഭവത്തിൽ ഉൾപെട്ട പ്രതികളിലൊരാളായ സജിത് ഒളിവിലാണ്. ഇയാൾക്ക് വേണ്ടി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്.

രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി ജോലി ചെയ്യുന്ന ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു പീഡനത്തിനിരയായ വിദ്യാർത്ഥിനി. പ്ലസ്ടുവിന് പഠിക്കുന്ന വിദ്യാർത്ഥിനി സ്‌കൂളിലേക്ക് പോകുന്നതും വരുന്നെതുമെല്ലാം ഈ ബസിലായിരുന്നു. ബസിൽ വെച്ച് പ്രതികളുമായി പെൺകുട്ടിക്ക് പരിചയമുണ്ടായിരുന്നു. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളിലൊരാളായ സജിത് കൂട്ടുകാരനായ അക്ഷയുടെ അമ്മയ്ക്ക് സുഖമില്ലെന്നും പറഞ്ഞ് പെൺകുട്ടിയെ അക്ഷയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത്.

വീട്ടിൽ അമ്മ മാത്രമാണുള്ളതെന്നും അമ്മ കിടപ്പിലാണെന്നും പറഞ്ഞാണ് പ്രതി പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചത്. നിത്യവും കാണുന്ന സുഹൃത്തിന്റെ അമ്മയ് ക്ക് സുഖമില്ലെന്ന് അറിഞ്ഞപ്പോഴുള്ള മാനസികാവസ്ഥയിലാണ് പെൺകുട്ടി പ്രതിക്കൊപ്പം വീട്ടിലേക്ക് പോയത്. എന്നാൽ വീട്ടിലെത്തിയപ്പോഴാണ് മനസ്സിലായത് തന്നെ ഇവർ ഉപദ്രവിക്കാൻ കൊണ്ടുവന്നതാണെന്ന്. ഈ സമയം വീട്ടിൽ അക്ഷയ് മാത്രമാണുണ്ടായിരുന്നത അമ്മക്ക് അസുഖമാണെന്ന് കള്ളം പറഞ്ഞാണ് തന്നെ വിളിച്ചുകൊണ്ട് വന്നതെന്ന് മനസ്സിലാക്കിയ പെൺകുട്ടി അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ രണ്ട് പേരും ചേർന്ന് ബലം പ്രയോഗിച്ച് പിടിച്ചുവെക്കുകയായിരുന്നു.

പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു പ്രതികൾ. ആരുമില്ലാത്ത സമയം നോക്കി കള്ളം പറഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി അക്ഷയും സജിത്തും ചേർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടി അഞ്ച് ദിവസത്തോളം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

പ്രതികൾക്കെതിരെ കാക്കൂർ പൊലീസിൽ പെൺകുട്ടിയും ബന്ധുക്കളും നൽകിയ പരാതിയിലാണ് ഇന്നലെ പ്രതികളിലൊരാളെ കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പിടിയിലായ അക്ഷയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതി സജിത്തിനെതിരെയും പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഈ റൂട്ടിലോടുന്ന ബസ് ജീവനക്കാർക്കെതിരെ നേരത്തെയും നിരവധി പെൺകുട്ടികൾ പരാതികൾ നൽകിയിരുന്നെങ്കിലും അതൊന്നും ഗൗരവത്തിലെടുക്കാത്തതാണ് പ്രതികൾക്ക് ഇത്തരമൊരു കൃത്യത്തിന് ധൈര്യം നൽകിയത്.