കണ്ണൂർ: തെരുവിൽ അമ്മക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ഏഴ് വയസ്സുകാരി നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പി.ടി. ബേബി രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ സ്വദേശിയായ ബേബിരാജിനെയാണ് തമിഴ്‌നാട്ടിലെ സേലത്ത് നിന്ന് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. മൊബൈൽനമ്പർ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.

മെയ്‌ ഒമ്പതിന് രാത്രിയായിരുന്നു സംഭവം. നഗരസഭാ സ്റ്റേഡിയത്തോടു ചേർന്നാണ് ഏറെക്കാലമായി കുടുംബം താമസിച്ചിരുന്നത്. ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ വായ പൊത്തിപ്പിടിച്ച് എടുത്തുകൊണ്ടു പോയെങ്കിലും അൽപം ദൂരം ചെന്നപ്പോൾ കുട്ടി നിലവിളിച്ചു. ബഹളം കേട്ട് ഉണർന്ന നാടോടി കുടുംബങ്ങൾ യുവാവിനെ മർദ്ദിച്ച ശേഷം വിട്ടയക്കുകയായിരുന്നു. മർദ്ദനത്തിൽ ഇയാളുടെ തലക്ക് പരിക്കേറ്റിരുന്നു. സംഭവം നടക്കുമ്പോൾ തന്നെ നാടോടികളുടെ കൂട്ടത്തിലുള്ള ഒരാൾ വിവരമറിയിച്ചതനുസരിച്ച പൊലീസ് സ്ഥലത്തെത്തി യുവാവിനെ ചോദ്യം ചെയ്തു.

എന്നാൽ വഴിതെറ്റി ഇവിടെ എത്തിയതാണെന്നും ബുള്ളറ്റിൽ നിന്നും വീണ് തലക്ക് പരിക്കേറ്റുവെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇതനുസരിച്ച് രാവിലെ സ്റ്റേഷനിലെത്താനാവശ്യപ്പെട്ട് പൊലീസ് യുവാവിനെ വിട്ടയക്കുകയും ചെയ്തു. അതിനു ശേഷം രാവിലെ യുവാവ് ഒരു വക്കീലിനോടൊപ്പം നാടോടികളെ സമീപിച്ച് പി.ടി.ബേബിരാജ് എന്ന പേരിൽ 50,000 രൂപയുടെ ചെക്ക് ബാലികയുടെ മാതാപിതാക്കളെ ഏൽപിച്ചു. സംഭവം പുറത്ത് പറയരുതെന്നും ഇയാൾ ആവശ്യപ്പെട്ടു.

എന്നാൽ, ബാലികയുടെ മുത്തശ്ശി പയ്യന്നൂർ ടൗൺ കേന്ദ്രീകരിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജാഗ്രതാ സമിതി അംഗങ്ങളെ വിവരമറിയിച്ചതോടെയാണ് ബേബിരാജ് ഒളിവിൽ പോയത്. തുടർന്ന് ജാഗ്രതാ സമിതി പ്രവർത്തകരാണ് കുട്ടിയെയും രക്ഷിതാക്കളെയും പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതി കൊടുത്തത്. മൂന്ന് ദിവസത്തിനു ശേഷം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. മജിസ്ട്രേട്ടിനു മുന്നിൽ കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.