ബാംഗ്ലൂർ: ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ഉപഗ്രഹമായ മംഗൾയാന് ഭീഷണിയുയർത്തി ചൊവ്വയെ വലംവെക്കുന്ന ധൂമകേതു. ഒക്ടോബർ 19-ന് സൈഡിങ് സ്പ്രിങ് എന്ന ധൂമകേതുവുമായി മംഗൾയാൻ നേർക്കുനേർ വരും. ധൂമകേതുവിൽനിന്നുള്ള അവശിഷ്ടങ്ങൾകൊണ്ട് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ മംഗൾയാനെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റിയിരിക്കുകയാണ് ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞർ.

ധൂമകേതുവിനെ സ്വീകരിക്കാൻ തയ്യാറെടുത്തതായി മംഗൾയാനിൽനിന്നുള്ള ട്വീറ്റിൽ പറയുന്നു. ക്യൂരിയോസിറ്റിയും മാവെനും ഹൈറൈസും ഒഡീസിയും എക്സ്‌പ്രസുമൊക്കെ സൈഡിങ് സ്പ്രിങ്ങിനെ സ്വീകരിക്കാനായി അവിടെയുണ്ടെന്ന് ട്വീറ്റ് പറയുന്നു. സൈഡിങ് സ്പ്രിങ്ങിനെ നിരീക്ഷിക്കുക മാത്രമല്ല, മംഗൾയാൻ അതിന്റെ ക്യാമറ ഉപയോഗിച്ച് ധൂമകേതുവിന്റെ ചിത്രമെടുക്കുമെന്നും ഐഎസ്ആർഒയും അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻ സെന്ററിന്റെ ഡയറക്ടർ കിരൺ കുമാർ പറഞ്ഞു. ഒന്നര മണിക്കൂറോളം നേരം ധൂമകേതു മംഗൾയാന്റെ പരിധിയിലുണ്ടാകും.

സൈഡിങ് സ്പ്രിങ്ങിനെ മീഥെയ്ൻ സാന്നിധ്യം മംഗൾയാനിലെ മീഥെയ്ൻ സെൻസർ ഉപയോഗിച്ച് പരിശോധിക്കും. സെക്കൻഡിൽ 56 കിലോമീറ്റർ വേഗത്തിലാണ് ധൂമകേതു സഞ്ചരിക്കുന്നത്. നിലവിൽ ധൂമകേതുവിൽനിന്ന് 1,40,000 കിലോമീറ്റർ അകലെയാണ് മംഗൾയാനുള്ളത്. ഒക്ടോബർ 19-ന് ധൂമകേതുവും മംഗൾയാനും 1,32,000 കിലോമീറ്റർ അടുത്തേയ്ക്ക് വരും.

ഓസ്‌ട്രേലിയയിലെ സൈഡിങ് സ്പ്രിങ് ഒബ്‌സർവേറ്ററിയിലെ ശാസ്ത്രജ്ഞനായ റോബർട്ട് എച്ച് മക്‌നോട്ടാണ് 2013 ജനുവരി മൂന്നിന് ഈ ധൂമതേകുവിനെ കണ്ടെത്തിയത്. മംഗൾയാനും അമേരിക്കയുടെ മാവെനും ധൂമകേതു സംബന്ധിച്ച വിവരങ്ങൾ കൈമാറും. മാവെനും ധൂമകേതുവിൽനിന്ന് സുരക്ഷിത അകലത്തിലാണ് ഇപ്പോഴുള്ളത്.