ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സിൽ 'അരങ്ങേറ്റം' കുറിച്ച നാല് പുതിയ ഇനങ്ങളിൽ ഒന്നാണ് സ്‌കേറ്റ് ബോർഡിങ്. ഒളിംപിക്‌സിലേക്ക് കൂടുതൽ യുവ ആരാധകരെ ആകർഷിക്കാൻ തുടക്കമിട്ട ഈ 'അരങ്ങേറ്റ' ഇനത്തിലൂടെ വരവറിയിച്ച രണ്ടു 'കൗമാര' പ്രതിഭകൾ ഒളിമ്പിക്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ ഒരു റെക്കോർഡുമായാണ് മടങ്ങുന്നത്.

കുട്ടിത്തം വിടും മുൻപേ ഒളിംപിക്‌സിന്റെ ലോകോത്തര വേദിയിൽ മത്സരിക്കുക. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾക്കെതിരെ പോരാടി മെഡൽ നേടുക. ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ച് ഒളിംപിക്‌സിൽ സ്വർണവും വെള്ളിയും നേടിയ രണ്ട് 13 വയസ്സുകാരാണ് ഇപ്പോൾ ടോക്കിയോ ഒളിംപിക്‌സിലെ ഏറ്റവും 'വിലയേറിയ' താരങ്ങൾ.

സ്‌കേറ്റ് ബോർഡിങ്ങ് വനിതാ വിഭാഗത്തിലാണ് വിസ്മയം സൃഷ്ടിച്ച് രണ്ട് കുട്ടിത്താരങ്ങൾ സ്വർണവും വെള്ളിയും നേടിയത്. വെങ്കലം നേടിയതും കൗമാരക്കാരിയാണെങ്കിലും പ്രായം അൽപം കൂടും; 16 വയസ്! സ്വർണം നേടിയ പതിമൂന്നുകാരിയുടെ പേര് മോമിജി നിഷിയ. സ്വദേശം ഒളിംപിക്‌സിന് ആതിഥ്യം വഹിക്കുന്ന ജപ്പാൻ തന്നെ. ഇതോടെ ഒളിംപിക്‌സ് ചരിത്രത്തിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി നിഷിയ മാറി. സ്വർണം നേടുമ്പോൾ നിഷയയുടെ കൃത്യം പ്രായം 13 വർഷവും 330 ദിവസവും മാത്രം.

 

രണ്ടാം സ്ഥാനത്തെത്തി വെള്ളി നേടിയത് റെയ്‌സ ലീൽ എന്ന പതിമൂന്നുകാരി. സ്വദേശം ബ്രസീൽ. സ്വർണം നേടിയിരുന്നെങ്കിൽ വ്യക്തിഗത ഇനത്തിൽ പ്രായം കുറഞ്ഞ ഒളിംപിക് ചാംപ്യനെന്ന നേട്ടം റെയ്‌സ ലീലിനു ലഭിക്കുമായിരുന്നു. 13 വർഷവും 203 ദിവസവുമാണ് റെയ്‌സയുടെ പ്രായം. ജപ്പാന്റെ തന്നെ പതിനാറുകാരിയായ ഫ്യൂന നകായാമയാണ് വെങ്കലം നേടിയത്.

ഇതേ ഇനത്തിൽ പുരുഷ വിഭാഗത്തിലും സ്വർണം നേടിയത് ആതിഥേയരായ ജപ്പാന്റെ താരം തന്നെ. 22 വയസ്സുകാരനായ യൂട്ടോ ഹോറിഗോമിക്കാണ് സ്‌കേറ്റ് ബോർഡിങ് പുരുഷവിഭാഗം സ്വർണം. വെള്ളി നേടിയത് വനിതാ വിഭാഗത്തിന് സമാനമായി ബ്രസീലിന്റെ താരമാണ്; കോൽവിൻ ഹോഫ്ളർ. വെങ്കലം യുഎസിന്റെ 20 വയസ്സുകാരൻ ജാഗർ ഈറ്റൺ നേടി.

ഇത്തവണ ഒളിംപിക്‌സിൽ 'അരങ്ങേറ്റം' കുറിച്ച സ്‌കേറ്റ് ബോർഡിങ്, സർഫിങ്, സ്‌പോർട് ക്ലൈംബിങ്, കരാട്ടെ എന്നിവയ്ക്ക് ആരാധകരും ഏറെ. ഒളിംപിക്‌സിൽ ഇനിയും പുതിയ റെക്കോർഡുകൾ യുവതാരങ്ങൾ പേരിൽ കുറിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.