ലണ്ടൻ: യുകെയിലെ ഏറ്റവും വലിയ അഞ്ചാമത്തെ എയർലൈനായ മൊണാർക് എയർലൈൻസ് കടുത്ത സാമ്പത്തിക തകർച്ചയിലായത് കാരണം അനേകായിരങ്ങൾ വിഷമത്തിലായി. 110,000 പേർ ഹോട്ടൽ ബിൽ പോലും അടയ്ക്കാനാവാതെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്. 3 ലക്ഷം പേരുടെ ടിക്കറ്റുകൾ റദ്ദ് ചെയ്തിട്ടുമുണ്ട്. വിദേശങ്ങളിൽ കുടുങ്ങിയ ജീവനക്കാർക്ക് ശമ്പളം കിട്ടില്ല എന്ന് മാത്രമല്ല വീട്ടിൽ എത്തണമെങ്കിൽ പണവും കണ്ടെത്തേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ പെട്ട് പോയിരിക്കുന്ന 110,000 പേരെ തിരിച്ചെത്തിക്കുന്നതിനായുള്ള രക്ഷാദൗത്യം ആരംഭിച്ചിട്ടുണ്ട്.

സമാധാന കാലത്ത് ബ്രിട്ടനിൽ നാളിതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തിരിച്ച് കൊണ്ടു വരൽ പ്രക്രിയയാണിത്. ഇന്നലെയാണ് മൊണാർക് എയർലൈൻ അതിന്റെ ട്രേഡിങ് നിർത്തിയിരിക്കുന്നത്. ഭാവിയിലെ എല്ലാ ഫ്‌ലൈറ്റുകളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കമ്പനി തതകർച്ചയിലായതിനെ തുടർന്ന് ഇതിലെ 2000ത്തിനടുത്ത് ജീവനക്കാർക്ക് തൊഴിലും നഷ്ടപ്പെടും. മൊണാർകിൽ വിദേശങ്ങളിലേക്ക് പോയി തിരിച്ച് വരാൻ സാധിക്കാതെ അവിടങ്ങളിൽ പെട്ട് പോയവരെ ബ്രിട്ടനിലേക്ക് എത്തിക്കുന്നതിനുള്ള തീവ്രശ്രമം നടത്തുമെന്ന് ട്രാൻസ്‌പോർട്ട് സെക്രട്ടറി ക്രിസ് ഗ്രേയ്‌ലിങ് ഉറപ്പേകിയിട്ടുണ്ട്. ഇതിനായി 60 മില്യൺ പൗണ്ടാണ് ചെലവ് വരുന്നത്.

ഇത്തരം യാത്രക്കാരെ തിരിച്ച് കൊണ്ടുവരുന്നതിനായി സിവിൽ ഏവിയേഷൻ അഥോറിറ്റി വ്യത്യസ്തമായ എയർലൈനുകളിൽ നിന്നുമുള്ള 34 പ്ലെയിനുകൾ ചാർട്ടർ ചെയ്തിട്ടുണ്ട്. ഇതിൽ ഈസിജെറ്റ്, ഖത്തർ എയർലൈൻസ്, തുടങ്ങിയവ ഉൾപ്പെടുന്നു. അടുത്ത രണ്ടാഴ്ചക്കകം ഈ യാത്രക്കാർക്ക് ബ്രിട്ടനിൽ തിരിച്ചെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. സിഎഎ നിരത്തുന്ന കണക്കുകൾ പ്രകാരം സ്‌പെയിനിൽ 32,503 യാത്രക്കാരും 9553 പേർ പോർട്ടുഗലിലും 3661 പേർ ഇറ്റലിയിലും 2086 പേർ ക്രൊയേഷ്യയിലും 1924 യാത്രക്കാർ തുർക്കിയിലും പെട്ട് പോയിട്ടുണ്ട്. കൂടാതെ 1921 പേർ സൈപ്രസിലും 1759 പേർ ജിബ്രാൾട്ടറിലും 1131 പേർ ഗ്രീസിലും 650 പേർ ഇസ്രയേലിലും 605 പേർ സ്വീഡനിലും അകപ്പെട്ടിട്ടുണ്ട്.

ഈ ആഴ്ചയുടെ അവസാനം 56,000 പേരെ ബ്രിട്ടനിലേക്ക് തിരിച്ച് കൊണ്ട് വരാൻ സാധിക്കുമെന്നാണ് സിഎഎ വിശ്വസിക്കുന്നത്. തങ്ങളുടെ മൊണാർക് വിമാനങ്ങൾ റദ്ദ് ചെയ്തുവെന്നറിയിച്ച് കൊണ്ടുള്ള ടെക്സ്റ്റ് മെസേജുകൾ ഇന്നലെ രാവിലെയും നിരവധി കസ്റ്റമർമാർക്ക് ലഭിച്ചിരിക്കുന്നു. വിദേശങ്ങളിലേക്ക് പോയിരിക്കുന്ന ആയിരക്കണക്കിന് ബ്രിട്ടീഷ് ഹോളിഡേ മെയ്‌ക്കർമാർക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണിതെന്നും അതിനാൽ അവരെ സഹായിക്കുകയെന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്നും ഗ്രേയ്‌ലിങ് വ്യക്തമാക്കുന്നു.

എന്നാൽ മൊണാർകിൽ യാത്രകൾക്കായി ബുക്ക് ചെയ്തിരിക്കുന്ന ഏതാണ്ട് ഏഴരലക്ഷത്തോളം പേർക്ക് തങ്ങളുടെ പണം നഷ്ടപ്പെടുമെന്നുറപ്പായിരിക്കുകയാണ്. മൊണാർക് എയർലൈൻ ആൻഡ് ടൂർ ഗ്രൂപ്പിൽ ജോലി ചെയ്ത് വരുന്ന 2100 പേരിൽ 1858 പേർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് അഡ്‌മിനിസ്‌ട്രേറ്റർമാരായ കെപിഎംജി പറയുന്നത്. ഇവരിൽ 98 പേർ ജോലി ചെയ്തിരുന്നത് മൊണാർക് ട്രാവൽ ഗ്രൂപ്പിലാണ്. എന്നാൽ 1760 പേർ മൊണാർക് എയർലൈൻസിലാണ് ജോലി ചെയ്ത് വരുന്നത്. ശേഷിക്കുന്ന ജോലിക്കാർ അഡ്‌മിനിസ്‌ട്രേഷൻ പ്രക്രിയകൾക്ക് സഹായിക്കുന്നതാണ്. കൂടാതെ ഹോളിഡേമെയ്‌ക്കർമാരെ യുകെയിലേക്ക് തിരിച്ച് കൊണ്ടു വരുന്നതിനുള്ള ശ്രമത്തിൽ അവർ സിഎഎയെ സഹായിക്കുകയും ചെയ്യുന്നതാണ്.

തൊഴിൽ നഷ്ടപ്പെട്ടുവെന്നുള്ള ഇമെയിൽ ലഭിച്ചതിനാൽ പൊട്ടിക്കരയുന്ന നിരവധി മൊണാർക് ജീവനക്കാരെ ഇന്നലെ കാണാമായിരുന്നു. മൊണാർകിന്റെ ലുട്ടൻ എയർപോർട്ട് ഹെഡ് ക്വാർട്ടേസിൽ ഇത്തരത്തിൽ തൊഴിൽ രഹിതരായവർ പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞിരുന്നു. തുടർന്ന് അവർ തങ്ങളുടെ പെട്ടികളും ബാഗുകളും കാറുകളിൽ കയറ്റി വിങ്ങുന്ന ഹൃദയത്തോടെ യാത്ര പറയുകയും ചെയ്തു. തിരിച്ച് വരുന്നതിനുള്ള തങ്ങളുടെ മൊണാർക് വിമാനങ്ങൾ അപ്രതീക്ഷിതമായി റദ്ദാക്കിയതിനെ തുടർന്ന് ആയിരക്കണക്കിന് ബ്രിട്ടീഷ് ഹോളിഡേ മെയ്‌ക്കർമാരാണ് വിവിധ രാജ്യങ്ങളിലെ ഹോട്ടലുകളിൽ കുടുങ്ങിപ്പോയിരിക്കുന്നത്. അവർക്ക് ഹോട്ടൽ ബിൽ പോലും അടയ്ക്കാൻ സാധിക്കാത്തതിനാൽ മിക്കവരും ഹോട്ടലുകളിൽ നിന്നും ഇറക്കി വിടൽ ഭീഷണിയും നേരിടുന്നുണ്ട്. ഇവരിൽ മിക്കവരും പാക്കേജ് ഹോളിഡേ മെയ്‌ക്കർമാരാണ്. ഇവർ മൊണാർകിന് 3300 പൗണ്ട് നിരവധി മാസങ്ങൾക്ക് മുമ്പ് തന്നെ നൽകിയിരുന്നു. എണ്ണിപ്പെറുക്കിയുണ്ടാക്കിയ പണമെടുത്ത് ടൂറിന് പോയവരാണ് കുടുങ്ങിയിരിക്കുന്നത്. ഇവർക്ക് മറ്റൊരു വിമാനത്തിൽ സ്വന്തം നിലയ്ക്ക് തിരിച്ച് വരാൻ സ്വന്തം നിലയിൽ സാധിക്കാത്തതാണ് പ്രശ്‌നത്തിന് കാരണമായിരിക്കുന്നത്. വിദേശത്ത് ഇത്തരത്തിൽ പെട്ട് പോയിരിക്കുന്നവർ മൊണാർകിന്റെ വെബ്‌സൈറ്റായ monarch.caa.co.uk സന്ദർശിക്കണം. സഹായത്തിനായി 0300 303 2800 എന്ന നമ്പറിൽ വിളിക്കണം. യുകെയിൽ നിന്നാണ് വിളിക്കുന്നതെങ്കിലോ അല്ലെങ്കിൽ +44 1753 330330 എന്ന നമ്പറിൽ വിദേശത്ത് നിന്നാണ് വിളിക്കുന്നതെങ്കിലോ നിങ്ങളുടെ പുതിയ ഫ്‌ലൈറ്റ് വിവരങ്ങൾ വിശദമായി ചോദിച്ച് മനസിക്കിയിരിക്കണമെന്ന് നിർദേശമുണ്ട്.