- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേടായ വാഹനങ്ങൾ ചെറിയ തുകയ്ക്ക് വാങ്ങി ആഡംബരക്കാറുകൾ വീട്ടിന് മുന്നിൽ നിറച്ചു; കളിത്തോക്ക് പിടിച്ച് അംഗരക്ഷകർ; ഇന്ത്യ വിട്ട് പുറത്ത് പോയിട്ടില്ലാത്ത ചേർത്തലക്കാരൻ വിമാനയാത്രയിൽ പരിചയപ്പെട്ടത് മൈസൂർ രാജാവ് നരസിംഹ വൊഡയാറെ;മോൺസൺ മാവുങ്കൽ പറഞ്ഞതെല്ലാം നുണകൾ
കൊച്ചി: മോൺസൺ മാവുങ്കൽ ആളുകളെ പറ്റിച്ചിരുന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊച്ചിയിലെ വീട്ടിൽ കോടികൾ വിലവരുന്ന ആഡംബര കാറുകളുടെ ശേഖരം തന്നെ ഉണ്ടായിരുന്നു. കേടായ ഈ വാഹനങ്ങൾ ചെറിയ തുകയ്ക്ക് വാങ്ങി അതൊക്കെ വീട്ടിൽ കൊണ്ടുവന്നിട്ടു. താൻ വലിയ 'കക്ഷി' യാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിരുന്നു ഇത്. നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ മാവുങ്കലിന് കഴിയുമായിരുന്നു. ഇതാണ് പലരും ഇയാളുടെ വലയിൽ വീഴാനുള്ള കാരണവും.
പുറത്തേക്ക് പോകുമ്പോൾ തോക്കുപിടിച്ച് അംഗരക്ഷകരെന്നപോലെ അഞ്ചെട്ടുപേർ കൂടെ ഉണ്ടാകും. കളിത്തോക്ക് പിടിച്ചാണ് അവർ ഉണ്ടാകാറുള്ളത് എന്ന് ക്രൈംബ്രാഞ്ച് അധികൃതർ പറഞ്ഞു. എന്തെങ്കിലും ചടങ്ങുകളിൽ പോകുമ്പോൾ ആറ്് ആഡംബര കാറുകളുടെ അകമ്പടിയോടെയാകും എത്തുക. പരിപാടികളിൽ ചിലപ്പോൾ ആരും പ്രതീക്ഷിക്കാത്ത സംഭാവനകൾ നൽകി ഞെട്ടിക്കും. നാട്ടിൽ അടുത്തിടെ പള്ളിപ്പെരുന്നാൾ സ്വന്തമായി ഏറ്റെടുത്ത് നടത്തിയിരുന്നു. കോടികൾ മുടക്കിയുള്ള പരിപാടിയായിരുന്നു ഇത്. ഡിഗ്രി പാസായിട്ടുപോലുമില്ലാത്ത ഇയാൾ ഇന്ത്യവിട്ട് പുറത്തുപോയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അങ്ങനെ ഇന്ത്യയ്ക്ക് പുറത്ത് പോകാത്ത ആളാണ് ലണ്ടനിലെ സേഠിന്റെ കഥ പറഞ്ഞ് ആളുകളെ പറ്റിച്ചത്.
തൊഴിൽപരമായി മെഡിക്കൽ ഡോക്ടറാണെന്നും വിമാനയാത്രയിൽ പരിചയപ്പെട്ട മൈസൂർ രാജാവ് നരസിംഹ വൊഡയാറുമായുള്ള ബന്ധമാണു പുരാവസ്തു ശേഖര രംഗത്തേക്കു തന്നെ എത്തിച്ചതെന്നുമാണ് ഇയാൾ ചിലരോട് പറഞ്ഞിരുന്നത്. മറ്റു ചിലരോട് ഉത്തരേന്ത്യൻ സേഠ് വിശ്വസ്തനായ തനിക്ക് നൽകിയ സമ്മാനമാണ് ഇതെന്നും പറഞ്ഞു. പുരാവസ്തുക്കളെ കാട്ടി എല്ലാവരേയും വിശ്വസിപ്പിച്ചു. എന്നാൽ ടിപ്പുവിന്റെ കസേര അടക്കം തിരുവനന്തപുരത്തെ ആശാരി പണിതതായിരുന്നു. സിനിമയ്ക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ വാങ്ങി കൂട്ടിയായിരുന്നു തട്ടിപ്പ്.
രണ്ട് ലക്ഷത്തി അറുപത്തി രണ്ടായിരം കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലെത്തി. അത് തിരിച്ചെടുക്കുന്നതിന് കുറച്ച് പണത്തിന്റെ ആവശ്യമുണ്ട്. അതിന് വേണ്ടി സഹായം ചെയ്ത് നൽകിയാൽ ബിസിനസ് സംരംഭങ്ങൾക്ക് വേണ്ടി താൻ പലിശ രഹിതമായി പണം നൽകാമെന്ന വാഗ്ദാനം നൽകിയാണ് മോൻസൻ തട്ടിപ്പ് നടത്തിയിരിക്കുന്നത്. അഞ്ച് പേരിൽ നിന്ന് പത്ത് കോടി രൂപ തട്ടിയെടുത്തുവെന്നാണ് ക്രൈംബ്രാഞ്ചിന് നൽകിയിരിക്കുന്ന പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് എഫ്.ഐ.ആർ ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരിൽ നിന്നും ഇത്തരത്തിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇയാളുമായി ബന്ധപ്പെട്ട് കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുണ്ട് എന്നാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് പരിശോധിച്ച് വരുകയാണ്. 28 വിശുദ്ധരുടെ തിരുശേഷിപ്പുകൾ തന്റെ കൈവശമുണ്ടെന്നു മോൻസൺ അവകാശപ്പെട്ടിരുന്നു. മോസയുടെ അംശവടി, സെന്റ് ആന്റണിയുടെ നഖത്തിന്റെ കഷ്ണം, അൽഫോൻസാമ്മയുടെ തിരുശേഷിപ്പ്, ചാവറയച്ചൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, സ്വർണം കൊണ്ടു തയാറാക്കിയ പേജിൽ എഴുതിയ ബൈബിൾ, രാജാരവിവർമയുടെ ചിത്രങ്ങൾ, ടിപ്പുവിന്റെ സിംഹാസനം... തുടങ്ങി ലോകത്തെ ഒട്ടുമിക്ക സാധനങ്ങളും തന്റെ കൈവശമുണ്ടെന്നു മോൻസൺ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതു പലതും വ്യാജമായി ഉണ്ടാക്കിയതാണെന്നാണു ക്രൈംബ്രാഞ്ച് കരുതുന്നത്.
വിദേശത്തു നിന്നു ബാങ്കിൽ എത്തിയ 2.62 ലക്ഷം കോടി രൂപ ഫെമ നിയമ പ്രകാരം കേന്ദ്ര സർക്കാർ തടഞ്ഞു വച്ചിരിക്കുകയാണെന്നു പറഞ്ഞാണു പ്രതി പരാതിക്കാരെ വലയിൽ വീഴ്‌ത്തിയത്. ഈ പണം തിരികെ വാങ്ങാനുള്ള ആവശ്യത്തിനായാണു പരാതിക്കാരിൽ നിന്നു പണം കൈപ്പറ്റിയത്. 2017 ജൂൺ മുതൽ 2020 നവംബർ വരെയുള്ള കാലയളവിൽ 6 പേരിൽ നിന്നായി 10 കോടി രൂപയാണു മോൻസൺ മാവുങ്കൽ കൈപ്പറ്റിയെന്നു പരാതിയിൽ പറയുന്നു. 25 വർഷമായി ആന്റിക്, ഡയമണ്ട് ബിസിനസ് നടത്തുകയാണെന്നാണു പറഞ്ഞിരുന്നത്.
പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരി, വേൾഡ് പീസ് കൗൺസിൽ അംഗം തുടങ്ങിയ ഒട്ടേറെ പദവികൾ വഹിക്കുന്നുണ്ടെന്നും പറഞ്ഞു. പ്രധാനമന്ത്രിയുമായി വരെ കൂടിക്കാഴ്ച നടത്തിയെന്നു പരാതിക്കാരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ