കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിൽ പിടിയിലായ മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട് നിരവധി യുവതികളും സംശയ നിഴലിൽ. മുൻ സെക്രട്ടറി അടക്കമുള്ളവർ ഇതിൽ പെടും. കേരളത്തിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ മോൻസനു പരിചയപ്പെടുത്തി നൽകിയത് വനിതയാണെന്നു സമ്മതിച്ചിട്ടുണ്ട്. ലോക കേരള സഭയുടെയും മറ്റും പേരിലുണ്ടാക്കിയ പൊലീസ് ബന്ധങ്ങൾ മോൻസനു തട്ടിപ്പു നടത്തുന്നതിന് അവസരം ഒരുക്കുകയായിരുന്നു എന്നാണ് ആക്ഷേപം. മറ്റൊരു സ്ത്രീയാണ് ഈ യുവതിക്ക് മാവുങ്കലിനെ പരിചയപ്പെടുത്തിയതെന്നും സൂചനയുണ്ട്.

കോസ്മറ്റോളജിസ്റ്റ് എന്നു സ്വയം വിശേഷിപ്പിച്ചു ചികിത്സ നടത്തിയാണ് ഇയാൾ സ്ത്രീകളെ വലയിൽ വീഴ്‌ത്തിയിരുന്നത്. സ്ത്രീകളുടെ കണ്ണിനു താഴെയും മുഖത്തും ഉണ്ടാകുന്ന പാടുകൾക്ക് ഇയാളുടെ പക്കൽ മികച്ച ചികിത്സ ഉണ്ടായിരുന്നുവെന്നാണ് പ്രചരിച്ചത്. ഇങ്ങനെ ചികിൽസയ്‌ക്കെത്തിയ പലരേയും വളച്ചു വീഴ്‌ത്തി. മൂന്നു വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതനാണെന്ന സത്യവും മറ്റ് സ്ത്രീകളുമായുള്ള ബന്ധങ്ങളും മനസിലാക്കിയതോടെ പ്രവാസി വനിത മാവുങ്കലിനെ തകർക്കാൻ തീരുമാനിച്ചു.

മാവുങ്കലിനൊപ്പം ഉള്ളവരെ തന്നെ തെളിവുകൾ ശേഖരിക്കാൻ നിയോഗിച്ചു. ഇതാണ് കേസിൽ നിർണ്ണായകമായത്. മോൻസന് പാലാരിവട്ടം സ്വദേശിനിയുമായും ആലപ്പുഴ സ്വദേശിനിയുമായും ഉള്ള ബന്ധം കണ്ടെത്തിയതോടെയായിരുന്നു ഇരുവരും അകന്നത്. ആലപ്പുഴ സ്വദേശിനിയായ നഴ്‌സാണ് ഇരുവരെയും കലൂരിലെ വീട്ടിൽ നിന്നു സ്വകാര്യ സാഹചര്യത്തിൽ പിടികൂടി ബഹളമുണ്ടാക്കിയത്. ഇതോടെ നാടു വിട്ട വനിത പിന്നീടു കേരളത്തിലേയ്ക്കു വന്നിട്ടില്ല. ഇവർക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഉണ്ടെന്നും പറയുന്നു. രാജ്യം മുഴുവൻ കോവിഡ് കാലത്ത് കറങ്ങി കണ്ട വ്‌ളോഗറും സംശയ നിഴലിലാണ്.

മോൻസനുമായി അടുപ്പമുള്ള സമയത്തുകൊച്ചിയിൽ മുതിർന്ന ഒരു ഉദ്യോഗസ്ഥനും ഒരു ഇൻസ്‌പെക്ടറും തമ്മിലുണ്ടായ പ്രശ്‌നത്തിൽ ഇടനിലനിന്നതും ഒരു വനിതയാണ്. ഇൻസ്‌പെക്ടർ നാടുവിട്ടു പോയതിനു പിന്നാലെ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനെ സ്വാധീനിച്ച് ആരോപണം ഉയർന്ന ഉദ്യോഗസ്ഥനെ കൊച്ചി പരിധിയിൽ തന്നെ മറ്റൊരു സ്റ്റേഷനിലേയ്ക്കു ട്രാൻസ്ഫർ വാങ്ങി നൽകിയതും ഈ യുവതിയാണ്. ഇവർ മോൻസണൊപ്പം താമസിക്കുന്നതിനിടെ മറ്റൊരു സ്ത്രീ കലഹവുമായി എത്തിയതോടെ കുണ്ടന്നൂരുള്ള ഹോട്ടലിലേയ്ക്കു താമസം മാറ്റി. പിന്നീട് പിണക്കം തുടങഅങി.വിദേശത്തെത്തിയ ശേഷം മോൻസനുമായി ബന്ധമുണ്ടെന്നു തിരിച്ചറിഞ്ഞ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ ഇവർ അധിക്ഷേപിച്ചെന്നും ആരോപണമുണ്ട്.

തന്നെക്കാൾ മുതിർന്ന ഒരു സ്ത്രീയെയാണ് മോൻസൻ ആദ്യം വിവാഹം ചെയ്തത്. ചേർത്തലയിലുള്ള വീട്ടിലാണ് താമസിക്കുന്നതെങ്കിലും കോലാഹലങ്ങളിലൊന്നും പെടാതെ നിശബ്ദയായി കഴിയുകയാണ് ഇവർ. ഇപ്പോൾ സംസാരിക്കാൻ സമയമായിട്ടില്ലെന്നാണ് പ്രതികരണം ചോദിച്ചു സന്ദർശിക്കാനെത്തിയവരോടു ഇവർ നൽകുന്ന മറുപടി. ഇവരെ മോൻസൻ കടത്തി കൊണ്ടു വന്നു വിവാഹം കഴിച്ചത് അക്കാലത്തു വിവാദമായിരുന്നു. എന്നാൽ കൊച്ചിയിൽ വീടു വാടകയ്‌ക്കെടുത്ത് അവിടെ താമസിച്ചായിരുന്നു ഇയാളുടെ ആഘോഷ ജീവിതം. ഇതിനിടെ നിരവധി സ്ത്രീകളെയാണ് ഇയാൾ വലയിലാക്കിയത്.

മാവുങ്കലിന് ഉന്നതബന്ധങ്ങളിലേക്കു വഴിയൊരുക്കിയതുകൊച്ചി സ്വദേശിനിയാണെന്നും ഇവരുടെ സ്വാധീനങ്ങളാണ് പ്രവാസികളെ കുരുക്കിലാക്കിയതെന്നുമുള്ള ചർച്ചകളിലാണ് പ്രവാസി മലയാളിലോകം. മോൻസണുമായി അടുത്ത സൗഹൃദമായിരുന്നു യുവതിക്ക്. ഇവർക്ക് കേരള പൊലീസിലെ ഉന്നതരുമായും രാഷ്ട്രീയ പ്രമുഖരുമായും അടുത്ത ബന്ധമുണ്ട്. സൈബർ സുരക്ഷയ്ക്കായി കൊച്ചിയിൽ പൊലീസ് നടത്തിയ 'കൊക്കൂൺ' സമ്മേളനത്തിലും ലോക കേരളസഭയുടെ പരിപാടിയിലുമെല്ലാം ഇവർ പ്രതിനിധിയായി പങ്കെടുത്തിരുന്നു. ഉന്നതരുമായി അടുത്ത സൗഹൃദമുണ്ടെന്ന് ഇവരുടെ ഫേസ്‌ബുക്ക് പോസ്റ്റുകളിൽനിന്ന് വ്യക്തം. പൊലീസ് ഉദ്യോഗസ്ഥരുമായി ഇവർ ഉണ്ടാക്കിയെടുത്ത ബന്ധമാണ് പിന്നീട് മോൻസൺ തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയതെന്നാണു കരുതുന്നത്.

ഒരു ഉന്നത പൊലീസ് ഓഫീസർ നടത്തുന്ന പ്രവർത്തനങ്ങളുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ യുവതി തുടർച്ചയായി ഷെയർ ചെയ്യുകയും ചെയ്യുന്നുണ്ട്. ഫെഡറേഷന്റെ കുടുംബ സംഗമങ്ങളിൽ മോൻസണൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഇവർ സമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. പല പരിപാടികളുടെയും പ്രധാന പങ്കാളി മോൻസന്റെ കമ്പനിയായിരുന്നു. ഈ ബന്ധം ഉപയോഗിച്ചാണ് പിന്നീട് പ്രവാസികളെ അടക്കം മോൻസൺ തട്ടിപ്പിൽ വീഴിത്തിയത്. അടുത്ത ബന്ധമുള്ള ഒരു സ്ത്രീവഴിയാണ് മോൻസൺ പ്രവാസി യുവതിയുമായി അടുപ്പമുണ്ടാക്കിയതെന്ന് വിവരം. നിരവധി പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുള്ളയാളാണ് ഈ സ്ത്രീയെന്നും സൂചനയുണ്ട്. ഈ ബന്ധമാണ് പ്രവാസിയുവതിയും പൊലീസുകാരുമായുള്ള ബന്ധത്തിന് വഴിയൊരുക്കിയതെന്നും സൂചനയുണ്ട്.

പ്രവാസിയുവതി പൊലീസ് ആസ്ഥാനത്തെത്തി ഉയർന്ന ഉദ്യോഗസ്ഥരെ കണ്ടിരുന്നുവെന്നതും സൗഹൃദപ്പട്ടികയിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്നതും ചർച്ചയായിരുന്നു. മോൻസണെ പ്രവാസിയുവതിക്ക് പരിചയപ്പെടുത്തിയ സ്ത്രീയ്ക്ക് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ ഉൾെപ്പടെയുള്ളവരുമായി ബന്ധമുണ്ട്. ഇവരുടെ മകന് ഒരു പൊലീസ് ഉദ്യോഗസ്ഥയുമായി വിവാഹാലോചന നടന്നിട്ടുണ്ടെന്നും പറയുന്നുണ്ട്.