- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധൂർത്തും ആർഭാട ജീവിതവുമായി തട്ടിപ്പുകൾ മറച്ച് ബന്ധങ്ങൾ വിപുലപ്പെടുത്തി; രണ്ട് നടിമാരുടെ കല്യാണം ആർഭാടത്തോടെ നടത്തിയതും പുരാവസ്തു തട്ടിപ്പുകാരൻ; അക്കൗണ്ടിൽ ചില്ലി കാശുമില്ല; മോൻസണിന്റെ നിക്ഷേപങ്ങൾ 100 കോടി കടക്കുമെന്ന് നിഗമനം; കേരളത്തിന്റെ പുറത്തേക്ക് അന്വേഷണം നീളും; മാവുങ്കൽ ആരുടെ ബിനാമി?
തിരുവനന്തപുരം: മോൻസൻ മാവുങ്കൽ പഠിച്ച കള്ളൻ എന്ന നിഗമനത്തിലേക്ക് പൊലീസ്. മോൻസൻ തട്ടിയെടുത്ത കോടികൾ എവിടെ എന്ന് കണ്ടെത്താനായിട്ടില്ല. പരാതി നൽകിയവരെല്ലാം ബെനാമി അക്കൗണ്ടുകളിലേക്കാണു പണം അയച്ചതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മോൻസന്റെ സുഹൃത്തുക്കളും ജീവനക്കാരും ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യും.100 കോടി രൂപയെങ്കിലും പലയിടങ്ങളിലായി മോൻസൻ നിക്ഷേപിച്ചിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
മോൻസൺ ആരുടേയോ ബിനാമിയാണെന്ന സംശയവും ഉണ്ട്. എതായാലും കിട്ടിയ എല്ലാ പരാതിയിലും വെവ്വേറെ കേസ് രജിസ്റ്റർ ചെയ്യും. ചോദ്യം ചെയ്യലുമായി മോൻസൺ സഹകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് നീക്കം. മോൻസണെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റും തീരുമാനിച്ചിട്ടുണ്ട്. ശിൽപി സുരേഷിനെ മോൻസൻ വഞ്ചിച്ച കേസിലാണു നടപടി. തുടർ അന്വേഷണത്തിനായി മോൻസനെ തിങ്കളാഴ്ച തിരുവനന്തപുരം ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങും. അതേസമയം മോൺസൻ കേരളത്തിൽ ഭൂമിയിൽ നിക്ഷേപം കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് ഇയാൾക്ക് നിക്ഷേപമുണ്ടോ എന്ന് ക്രൈം ബ്രാഞ്ച് പരിശോധിച്ചുവരികയാണ്.
സുരേഷ് നിർമ്മിച്ചു നൽകിയ ശിൽപങ്ങൾ മോൻസന്റെ കൊച്ചിയിലെ വീട്ടിൽ നിന്ന് കണ്ടുകെട്ടി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് എറണാകുളം കോടതിയിൽ ഹാജരാക്കിയ മോൻസനെ റിമാൻഡ് ചെയ്തു. മോൻസൻ മാവുങ്കലിനു ശിൽപങ്ങൾ നിർമ്മിച്ചുനൽകിയ വകയിൽ 70 ലക്ഷം രൂപ ലഭിക്കാനുണ്ടെന്ന മുട്ടത്തറ സ്വദേശി സുരേഷിന്റെ പരാതിയിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് കേസെടുത്തതു കഴിഞ്ഞ ദിവസമാണ്. ആദ്യപടിയായി സുരേഷ് നിർമ്മിച്ചു നൽകിയ ശിൽപങ്ങൾ കൊച്ചിയിലെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു.
വിശ്വരൂപം, വേളാംകണ്ണി മാതാവിന്റെ ശിൽപം, കാട്ടുപോത്തിന്റെ ശിൽപം തുടങ്ങി 8 വസ്തുക്കളാണു പിടിച്ചെടുത്തത്. നരസിംഹ മൂർത്തിയുടെ ശിൽപം കാണാനില്ല. മോൻസൻ വിറ്റെന്നാണു സംശയം. കണ്ടുകെട്ടിയവ തൊണ്ടിമുതലാക്കി സൂക്ഷിക്കും. മോൻസൺ എല്ലാത്തിനും മറയാക്കിയത് പ്രവാസി മലയാളി ഫെഡറേഷന്റെ തണലായിരുന്നു. പാസ്‌പോർട്ട് പോലുമില്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്ന മോൻസൺ എങ്ങനെ സംഘടനയുടെ ഭാരവാഹിയായി. സംഘടനയുള്ളവരിൽ ആർക്കും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നത് വിശ്വസിക്കാൻ പ്രയാസമാണ്. രാഷ്ട്രീയ ഉന്നതർക്കും ഉദ്യോഗസ്ഥ ഉന്നതർക്കുമൊപ്പം വേദി പങ്കിടാൻ സംഘടനയുടെ ഭാരവാഹിത്വമാണ് മോൻസൺ ഉപയോഗിച്ചത്.
മോൻസണിന്റെ തട്ടിപ്പ് പുറത്തുവന്നപ്പോൾ സംസ്ഥാന പൊലീസ് പുറത്തുവിട്ട വിവരമാണ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) അന്വേഷിക്കാൻ ബെഹ്‌റ ശുപാർശ നൽകി എന്നത്. എന്നാൽ, അങ്ങനെയൊരു ശുപാർശക്കത്ത് പുറംലോകം കണ്ടിട്ടില്ല. കത്തു കിട്ടിയതായി ഇ.ഡി. സ്ഥിരീകരിച്ചിട്ടുമില്ല. മോൻസൺ തട്ടിപ്പുകാരനാണെന്നു പറഞ്ഞത് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തിരുന്ന ലോക്‌നാഥ് ബെഹ്‌റയാണെന്ന് മോൻസണുമായി അടുപ്പമുണ്ടായിരുന്ന അനിത പുല്ലയിൽ പറയുന്നു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് ബെഹ്‌റ മോൻസണെതിരേ അന്വേഷണം നടത്തിയില്ല. സംസ്ഥാന പുരാവസ്തു വകുപ്പിനെക്കൊണ്ട് അന്വേഷിപ്പിച്ചിരുന്നെങ്കിൽപ്പോലും വ്യാജനാണെന്ന് തിരിച്ചറിയുമായിരുന്നു.
മോൻസണിന്റെ കലൂരിലേയും ചേർത്തലിയിലേയും വീടുകളിൽ പൊലീസ് 'ബീറ്റ് ബോക്സ്' ആരുടെ ശുപാർശയിൽ വെച്ചു എന്നതിന് ഇതുവരെ ഉത്തരമില്ല. ഈ ചോദ്യങ്ങളോട് ലോക്‌നാഥ് ബെഹ്‌റയും പ്രതികരിച്ചില്ല. ധനകാര്യ സ്ഥാപനങ്ങൾ, പ്രധാന ജങ്ഷനുകൾ എന്നിവിടങ്ങളിലാണ് സാധാരണ ബീറ്റ് ബോക്സുകൾ സ്ഥാപിക്കുക. ഇതെല്ലാം മോൻസണ് പൊലീസിലുള്ള സ്വാധീനത്തിന് തെളിവാണ്. കോടിക്കണിക്കിന് രൂപയുടെ വിദേശനിർമ്മിത ആഡംബര കാറുകൾ മോൻസണിന്റെ കൈവശമെത്തിയതെങ്ങനെ എന്ന ചോദ്യവും നിർണ്ണായകമാണ്. ബാങ്ക് അക്കൗണ്ടുകൾ 'കാലിയായ' മോൻസണ് എവിടെനിന്നാണ് ഈ കോടികൾ കിട്ടിയതെന്നതും പ്രസക്ത ചോദ്യം.
അതിനിടെ പുരാവസ്തുവിന്റെ പേരിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയടക്കം പറ്റിച്ച മോൺസൻ മാവുങ്കൽ രണ്ട് സിനിമാനടിമാരുടെ വിവാഹച്ചെലവുകളും വഹിച്ചതായി റിപ്പോർട്ട്. വിവാഹത്തിന് പുറമേ കൊച്ചിയിലെ പല പഞ്ചനക്ഷത്ര ഹോട്ടലുകളിലായി പല ഉന്നതരുടേയും പിറന്നാൾ ആഘോഷങ്ങളും പുതുവർഷാഘോഷങ്ങളും മോൺസൻ സ്വന്തം ചെലവിൽ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികളിൽ സിനിമാതാരങ്ങളും പൊലീസ് ഉന്നതരും എത്തിയിട്ടുണ്ട്.
ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തിൽ ആഘോഷ പരിപാടികൾക്കായി മോൺസൻ ചെലവാക്കിയത്. വജ്രവ്യാപാരി, അതീവ സുരക്ഷയിലുള്ള വിവിഐപി എന്നിങ്ങനെയാണ് പല ഹോട്ടലുകളിലും മോൺസൻ മാവുങ്കലിനെ കൂടെയുള്ളവർ അവതരിപ്പിച്ചിരുന്നത്. എല്ലാ രംഗത്തേയും പ്രമുഖരുമായും വിപുലമായ ബന്ധം സൂക്ഷിക്കാനായി പണം ധൂർത്തടിക്കുന്നതും ആർഭാടജീവിതം നയിക്കുന്നതുമായിരുന്നു മോൺസന്റെ രീതി.
മറുനാടന് മലയാളി ബ്യൂറോ