കൊച്ചി: പാസ്‌പോർട്ടില്ലെന്ന് മോൻസൻ മാവുങ്കൽ ആവർത്തിക്കുന്നുണ്ടെങ്കിലും അത് വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്.എന്നാൽ യഥാർഥ പേരിലല്ലാതെ വിദേശത്തേക്കു പോയിരുന്നതായും പണമിടപാടുകൾ നടത്തിയിരുന്നതായുമാണ് സംശയം ഉയരുന്നത്. ഇതിന് കാരണം മോൻസണിന്റെ കൂട്ടുകാരുടെ അടക്കമുള്ള മൊഴിയാണ്. വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചു വിദേശത്തു പോയതായി സംശയം സജീവമാണ്. മോൻസണിന്റെ തട്ടിപ്പിലെ നിക്ഷേപങ്ങളിൽ ക്രൈംബ്രാഞ്ചിന് ഇനിയും ഒരു സൂചനകളും കിട്ടിയിട്ടില്ലെന്നതാണ് വസ്തുത.

ദുബായ് അടക്കമുള്ള രാജ്യങ്ങളിലെ ചെറിയ സ്ഥലങ്ങൾ പോലും കൃത്യമായി അറിയാമായിരുന്നതായി ഇയാളോട് അടുപ്പമുണ്ടായിരുന്നവർ സൂചിപ്പിക്കുന്നു. നിരന്തരം യാത്ര ചെയ്ത ഒരാളെപ്പോലെയാണു സംസാരിച്ചിരുന്നത്. ദുബായ് അടക്കമുള്ള സ്ഥലങ്ങളിൽ സന്ദർശിച്ചതായി ഇയാളുടെ കമ്പനി ഡയറക്ടർമാരും നിക്ഷേപകരോടു സാക്ഷ്യപ്പെടുത്തിയിരുന്നു. പ്രവാസി സംഘടനയുടെ രക്ഷാധികാരിയായിരുന്നു മോൻസൻ. പ്രവാസിയാണെന്നു തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാതെ സംഘടനയിൽ എങ്ങനെ അംഗത്വമെടുക്കാൻ കഴിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാൽ നിറപറ അരി കമ്പനിയുടെ മുതലാളി ബിജു കർണ്ണൻ അടക്കമുള്ളവർ ഈ സംഘടനയുടെ നേതാവാണ്. അതെങ്ങനെ കഴിയുന്നുവെന്ന ചോദ്യമാണ് മോൻസൺ ഉയർത്തുന്നത്. ഈ സംഘടനയുടെ ആളുകളെല്ലാവരും പ്രവാസികൾ അല്ലെന്ന സൂചനയാണ് മോൻസണിന്റെ വാക്കുകളിലുള്ളത്.

നിക്ഷേപകരിൽ നിന്നു തട്ടിയെടുത്ത തുക വിദേശത്തേക്കു കടത്തിയതായും ഹവാല ഇടപാടുകൾ നടത്തിയിരുന്നതായും സൂചനയുണ്ട്. പ്രവാസി സംഘടനയുടെ രക്ഷാധികാരിയായിരുന്ന മോൻസന് പാസ്‌പോർട്ട് പോലും ഇല്ലെന്നത് അവിശ്വസനീയമാണ്. 100 കോടിയിലേറെ രൂപ തട്ടിയെടുത്തിട്ടും അക്കൗണ്ടിൽ 500 രൂപ പോലും ബാക്കിയില്ലെന്നാണു മോൻസൻ ക്രൈംബ്രാഞ്ചിനു മൊഴി നൽകിയത്. എന്നാൽ തട്ടിയെടുത്ത പണത്തിന്റെ വലിയ ഭാഗം വിദേശത്തേക്കു കടത്തിയെന്നാണ് സംശയം.

മോൻസനു ഹവാല ഇടപാടുകൾ ഉണ്ടായിരുന്നതായും നോട്ട് നിരോധന സമയത്ത് വ്യാപകമായി നോട്ടുകൾ മാറി നൽകിയതായും ഒപ്പം ജോലി ചെയ്തിരുന്നവർ പറയുന്നു. ഇത്തരം കാര്യങ്ങൾ കൂടി ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. മാവുങ്കലിനെതിരേ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ചിന്റെ നീക്കം. കേസിന്റെ പുരോഗതി ഹൈക്കോടതിയെ അറിയിക്കുന്നതിന്റെ ഭാഗമായാണിത്.

മോൻസണെതിരേ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്യുകയും രണ്ട് കേസുകളിൽ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും കാര്യമായി ഒരു വിവരവും ലഭിച്ചിട്ടില്ല. കേസിന്റെ പുരോഗതി 26-ന് കോടതിയെ അറിയിക്കണം. രജിസ്റ്റർ ചെയ്തിട്ടുള്ള കേസിലെ അന്വേഷണം മുന്നോട്ടു കൊണ്ടുപോയാൽ ഉന്നതരിലേക്ക് എത്തുമെന്ന് വ്യക്തമാണ്. അതിനാൽത്തന്നെ പരമാവധി കേസുകളും പരമാവധി വകുപ്പുകളും മോൻസന്റെ പേരിൽ ചുമത്താനുള്ള നീക്കമാണ് നടക്കുന്നത്.

അതിനിടെ ഡി.ആർ.ഡി.ഒ.യ്ക്ക് ക്രൈംബ്രാഞ്ച് സംഘം കത്ത് നൽകി. റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന കോടികൾ വിലമതിക്കുന്ന രാസപദാർത്ഥം മോൻസന്റെ കൈവശം ഉണ്ടെന്ന് ഡി.ആർ.ഡി.ഒ. ശാസ്ത്രജ്ഞൻ നൽകിയതായി ഒരു രേഖ പ്രതി സൂക്ഷിച്ചിരുന്നു. ഈ രേഖ തട്ടിപ്പിന്റെ ഭാഗമായി പരാതിക്കാർക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ഡി.ആർ.ഡി.ഒ. പരാതി നൽകുന്ന മുറയ്ക്ക് ക്രൈംബ്രാഞ്ച് മോൻസണെതിരേ പുതിയ കേസ് രജിസ്റ്റർ ചെയ്യും.

മധ്യപ്രദേശ് സർക്കാരിന്റെ കീഴിൽ വയനാട്ടിലുള്ള 500 ഏക്കർ കാപ്പിത്തോട്ടം ലീസിന് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് പാലാ സ്വദേശി രാജീവിൽനിന്ന് 1.62 കോടി രൂപ തട്ടിയെടുത്ത കേസിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത മോൻസണെ കോടതിയിൽ ഹാജരാക്കി. ഈ കേസിൽ മോൻസൺ കുറ്റം സമ്മതിച്ചിട്ടുണ്ട്. മോൻസണ് ശില്പങ്ങൾ നിർമ്മിച്ചു നൽകിയ തിരുവനന്തപുരം സ്വദേശി നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി വരും ദിവസങ്ങളിൽ ക്രൈംബ്രാഞ്ച് വീണ്ടും മോൻസണെ കസ്റ്റഡിയിൽ വാങ്ങും.

മോൻസന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ആന കൊമ്പുകളോട് സാദൃശ്യമുള്ള വസ്തുക്കൾ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി ലാബിലേക്ക് അയച്ചു. രണ്ട് കൊമ്പുകളാണ് അയച്ചത്. രണ്ട് കൊമ്പുകൾ മരത്തിൽ നിർമ്മിച്ചതെന്ന് വനം വകുപ്പ് കണ്ടെത്തുകയും ചെയ്തു. മരത്തിൽ നിർമ്മിച്ച ആനക്കൊമ്പുകൾ സ്വർണം കെട്ടിയ നിലയിലായിരുന്നു. മറ്റു രണ്ട് കൊമ്പുകൾക്ക് യഥാർത്ഥ ആനക്കൊമ്പിന്റെ അത്ര ഭാരവും വലിപ്പവുമുണ്ട്. ഇവ എന്തുകൊണ്ട് നിർമ്മിച്ചതാണെന്ന് കണ്ടെത്താനാണ് പരിശോധനയ്ക്ക് അയച്ചത്.