- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണം കൈപ്പറ്റിയതിനു ശേഷം പ്രവാസി സംഘടനകളുടെ മറവിൽ മോൻസൻ നടത്തിയ വിദേശ യാത്രകളിൽ പണം കടത്തിയതായി പരാതിക്കാർ; പാസ്പോർട്ടില്ലെന്ന് മാവുങ്കലും; വ്യാജ പാസ്പോർട്ട് മോൻസൺ സംഘടിപ്പിച്ചിരുന്നോ എന്ന് സംശയം; മോൻസണിന്റെ അഞ്ചു വർഷത്തെ ഫോൺ വിളി പരിശോധിക്കും
കൊച്ചി: മോൻസൺ മാവുങ്കൽ വിദേശയാത്രകൾ നടത്തിയിരുന്നോ? തനിക്ക് പാസ്പോർട്ടേ ഇല്ലെന്നാണ് മോൻസൺ പറയുന്നത്. എന്നാൽ വ്യാജ പാസ്പോർട്ടുകൾ മോൻസൺ ഉപയോഗിച്ചിരുന്നോ എന്ന സംശയം സജീവമാണ്. വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസിലെ പരാതിക്കാർ കൈമാറിയതായി പറയുന്ന കോടികൾ പ്രതി മോൻസൻ മാവുങ്കൽ വിദേശത്തേക്കു കടത്തിയതായി സംശയം ഉയരുന്നതാണ് ഇതിന് കാരണം.
പണം കൈപ്പറ്റിയതിനു ശേഷം പ്രവാസി സംഘടനകളുടെ മറവിൽ മോൻസൻ നടത്തിയ വിദേശ യാത്രകളിൽ പണം കടത്തിയതായി പരാതിക്കാരും സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിനു തെളിവുകൾ നൽകാൻ പരാതിക്കാർക്കു കഴിഞ്ഞിട്ടില്ല. വിദേശ യാത്രകൾക്ക് പാസ്പോർട്ട് ആവശ്യമാണ്. പാസ്പോർട്ട് ഇല്ലാതെ ഇങ്ങനെ ഈ പണം വിദേശത്തേക്ക് കടത്തിയെന്നതാണ് നിർണ്ണായകം. ഈ സാഹചര്യത്തിൽ മോൻസൺ വിദേശത്ത് എത്തിയിരുന്നോ എന്ന് പരിശോധിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. പ്രവാസി സംഘടനാ നേതാക്കളെ ചോദ്യം ചെയ്യാനാണ് തീരുമാനം.
മോൻസൺ വിദേശത്ത് നിൽക്കുന്ന ചിത്രങ്ങളൊന്നും ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടില്ല. ഏതായാലും മോൻസണ് വേറെയും നിക്ഷേപം ഉണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അതിനിടെ ഐജി ജി.സ്പർജൻകുമാർ നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘം ഇന്നലെ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ ഒത്തുകൂടി അന്വേഷണ പുരോഗതി വിലയിരുത്തി. മോൻസനെ ശാസ്ത്രീയമായി ചോദ്യംചെയ്യാൻ തീരുമാനിച്ചു. കൊച്ചി സിറ്റി പൊലീസിൽ അന്വേഷണ മികവു തെളിയിച്ച 10 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വികസിപ്പിച്ചിട്ടുണ്ട്.
മോൻസന്റെ ഫോൺ വിളികൾ, സമൂഹമാധ്യമ പ്രചാരണം എന്നിവ വിശദമായി പരിശോധിക്കാൻ സിറ്റി പൊലീസിന്റെ സൈബർ സെൽ ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്തി. മോൻസൻ തന്റെ കൂട്ടാളികളുമായി നടത്തിയ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. പുരാവസ്തുക്കളായി തോന്നുന്ന ഉരുപ്പടികൾ മോൻസനു വിറ്റ തിരുവനന്തപുരം സ്വദേശി സന്തോഷ് എളമക്കരയുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തി.
മോൻസന്റെ പക്കലുണ്ടായിരുന്ന വ്യാജ പുരാവസ്തു ശേഖരത്തിനു രാജ്യവ്യാപകമായി വലിയ പ്രചാരം നൽകിയ വിഡിയോകൾ കഴിഞ്ഞ ദിവസം യൂട്യൂബിൽ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. വ്യാജ പ്രചരണത്തിന് ഈ വിഡിയോ ഉപയോഗിച്ചുവെന്നാണ് വിലയിരുത്തൽ. ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലുള്ള ഇത്തരം വിഡിയോകൾ ഉപയോഗിച്ചു കേരളത്തിനു പുറത്തും മോൻസൻ സാമ്പത്തിക തട്ടിപ്പു നടത്തിയിട്ടുണ്ടെന്നാണു കരുതുന്നത്. എന്നാൽ സംസ്ഥാനത്തിനു പുറത്തുനിന്നു മോൻസനെതിരെ ഇതുവരെ പരാതികൾ ലഭിച്ചിട്ടില്ല. പുരാവസ്തു തട്ടിപ്പിൽ മോൻസണെതിരെ ഇനിയും കേസൊന്നും എടുത്തിട്ടില്ല.
മാവുങ്കലിന്റെ ദുരൂഹമായ സാമ്പത്തിക ഇടപാടുകൾ കണ്ടെത്താൻ അഞ്ചുവർഷത്തെ ഫോൺ കാൾ രേഖകളും സമൂഹമാധ്യമ അക്കൗണ്ടുകളും ക്രൈംബ്രാഞ്ച് പരിശോധിക്കും. ഇയാളുമായി നിരന്തരം ഇടപെട്ടവരെയും സമൂഹമാധ്യമങ്ങളിലൂടെ പുരാവസ്തു വിഷയത്തിൽ ആശയവിനിമയം നടത്തിയവരെയും ചോദ്യംചെയ്യും. മോൻസണിന്റെ തട്ടിപ്പ് കമ്പനികളുടെയടക്കം ബാങ്ക് അക്കൗണ്ടുകളുടെ സൂഷ്മപരിശോധന ആരംഭിച്ചു. മോൻസണെതിരെ അഞ്ച് കേസുകളാണുള്ളത്.
തട്ടിപ്പിന്റെ എല്ലാ വശവും പരിശോധിക്കുമെന്നും ഏതൊക്കെ അക്കൗണ്ട് വഴിയായിരുന്നു കോടികളുടെ പണമിടപാട് നടന്നതെന്ന് കണ്ടെത്തുമെന്നും ക്രൈംബ്രാഞ്ചും വിശദീകരിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ