നെടുങ്കണ്ടം: റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. പത്തനംതിട്ട മണപ്പുറത്ത് ലിജോ വർഗീസി(30) നെയാണ് സംഭവവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പൊലീസ് അറസ്റ്റുചെയ്തത്. വണ്ടന്മേട്, നെടുങ്കണ്ടം, രാമക്കൽമേട് മേഖലകളിലെ ഉദ്യോഗാർത്ഥികളെയാണ് ലിജോ കബളിപ്പിച്ചത്. ഓൺലൈൻ സൈറ്റ് വഴിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

രാമക്കൽമേട് സ്വദേശി രഞ്ജിത്ത് ഉൾപ്പെടെ 6 പേരിൽ നിന്നായി 2.5 ലക്ഷത്തിലധികം രൂപ ഇയാൾ കൈവശപ്പെടുത്തിയതായിട്ടാണ് പരാതി. 2019ലാണ് കേസിനാസ്പദമായ സംഭവംനടന്നത്. ലിജോ റെയിൽവെയിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്നു. ഓൺലൈൻ സൈറ്റിലൂടെ ഉദ്യോഗാർത്ഥികളെ പരിചയപ്പെടുന്ന ലിജോ വിശ്വാസ്യത വരുത്താനായി റയിൽവെയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങളും അയച്ച് നൽകിയിരുന്നു.

റെയിൽവെയുടെ സാങ്കേതിക വിഭാഗത്തിൽ ജോലി വാഗ്ദാനം ചെയ്താണ് പണം കൈപ്പറ്റിയത്. ഉദ്യോഗാർത്ഥികൾ നിരവധി തവണ ലിജോയ്ക്ക് പണം കൈമാറി. കോവിഡ് കാലമെത്തിയതോടെ നിയമനങ്ങളും പരീക്ഷകളും റയിൽവേ മരവിപ്പിച്ചു എന്ന് പറഞ്ഞ് ഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിച്ചു. പണം നൽകിയവർ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് ലിജോ തട്ടിപ്പുകാരനാണെന്ന് മനസിലാക്കിയത്. ഇതെത്തുടർന്ന് ഇവർ നെടുങ്കണ്ടം പൊലീസിൽ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

പത്തനംതിട്ട നിരണത്ത് നിന്നാണ് ലിജോയെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുക്കുന്നത്.ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം അറസ്റ്റ് രേഖപ്പെടുത്തി.പ്രനെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി,റിമാന്റ് ചെയ്തു. സിഐ ബി.എസ്. ബിനു, എസ്‌ഐ ജി. അജയകുമാർ, എഎസ്‌ഐ കെ.ടി. റെജിമോൻ, രജ്ഞിത്ത്, അരുൺ പീതാംബരൻ, എഎസ്‌ഐ ബിന്ദു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.