കൊച്ചി: കോട്ടും സൂട്ടും ടൈയും മൊക്കെയായി ആർക്കും ആദരവ് തോന്നിപ്പോകുന്ന വേഷപകർച്ച. ആരെയും വീഴ്‌ത്തുന്ന സംസാരവും പ്രവർത്തിയും കൂടിയായപ്പോൾ ഇരകൾ 'കെണിയിലായി'കോടികൾ പോക്കറ്റിലാക്കാൻ തുനിഞ്ഞിറങ്ങിയ മലയാളി ഉൾപ്പെട്ട തട്ടിപ്പു സംഘത്തിന്റെ കൊച്ചിയിലെ ബിൽഡപ്പ് പൊളിച്ചത് പൊലീസിന്റെ സന്ദർഭോജിതമായ ഇടപെടൽ.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇടപ്പള്ളിയിലെ സ്വകാര്യഹോട്ടലിൽ നിന്നും പൊക്കിയ നാലംഗ വ്യാജ റിക്രൂട്ട്‌മെന്റ് സംഘത്തിന്റെ മുന്നൊരുക്കങ്ങൾ കണ്ടറിഞ്ഞപ്പോൾ പൊലീസ് സംഘവും അന്തവിട്ടു.ആരെയും അത്ഭുതപ്പെടുന്നതായിരുന്നു കാഴ്ചയിലെ ഇവരുടെ പ്രകടനമന്ന് എറണാകുളം എ സി പി കെ ലാൽജി മറുനാടനോട് വ്യക്തമാക്കി.

എയർപോർട്ട് അതോററ്റി ഓഫ് ഇന്ത്യ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്കായിരുന്നു ഇന്റർവ്യൂ സംഘടിപ്പിച്ചിരുന്നത്.ചെന്നൈയിൽ താമസിച്ചുവരുന്ന മലപ്പുറം തിരൂർ സ്വദേശി ശ്രീജിത്ത് നമ്പ്യാർ ആയിരുന്നു ഈ വ്യാജ ഇന്റർവ്യൂവിന്റെ സൂത്രധാരൻ. ഇടപ്പള്ളിയിലെ സ്വകാര്യഹോട്ടലിൽ നിന്നാണ് പൊലീസ് നാൽവർ സംഘത്തെ പൊക്കിയത്.

എം ബി എ ബിരുദധാരിയാണെന്നാണ് ശ്രീജിത്ത് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. കൂടെയുണ്ടായിരുന്ന മറ്റ് മൂന്നുപേരും പലപ്പോഴായി ചെന്നൈ നഗരത്തിൽ വച്ച് ഇയാൾ പരിചയപ്പെട്ട ടാക്‌സി കാർഡ്രൈവർമാരാണെന്നാണ് പൊലീസ് പുറത്തുവിട്ട വിവരം.വിലപടിച്ച കോട്ടും സൂട്ടും ഷൂവുമൊക്കെയായിരുന്നു നാലു പേരും ധരിച്ചിരിരുന്നത്. ഇന്റർവ്യൂ സംഘടിപ്പിച്ചതാകട്ടെ ഇടപ്പള്ളിയിലെ ആഡമ്പര ഹോട്ടലിലും.

തമിഴ്‌നാട്ടിൽ നിന്നുള്ള 12 പേരെയാണ് ഇന്റർവ്യൂവിനായി ഇവിയേയ്ക്ക് വിളിച്ചുവരുത്തിയത്. നാലും അഞ്ചും ലക്ഷങ്ങളാണ് ഇവരോട് തട്ടിപ്പുസംഘം ആവശ്യപ്പെട്ടിരുന്നത്. ഉദ്യോഗാർത്ഥികളിൽ ഒരാൾക്കുണ്ടായസംശയമാണ് നാൽവർ സംഘത്തിന്റെ പദ്ധതി പൊളിയാൻ കാരണം.ഇയാൾ ബന്ധുവഴി എയർപോർട്ട് അതോററ്റി അധികൃതരുമായി ബന്ധപ്പെട്ട് വിവരം ആരാഞ്ഞിരുന്നു.ഒരു കാരണവാശാലും പണം നൽകരുതെന്നായിരുന്നു അധികൃതരുടെ നിർദ്ദേശം.

പിന്നീട് എയർപോർട്ട് അതോററ്റി ഓഫീസിൽ നിന്നും പൊലീസിന് വിവരം കൈമാറുകയും തുടർന്ന് പൊലീസ് സംഘം ഹോട്ടലിലെത്തി തട്ടിപ്പുസംഘത്തെ വലയിലാക്കുകയായിരുന്നെന്നുമാണ് ലഭ്യമായ വിവരം.  തമിഴ്‌നാട്ടിൽ നിന്നെത്തിയ ഉദ്യോഗാർത്ഥികളിലാരും തന്നെ ഇതുവരെ എയർപോർട്ട് അതോററ്റിയിൽ ഒരു ജോലിക്കായി അപേക്ഷ പോലും സമർപ്പിച്ചിരുന്നില്ലന്നാണ് അറിയുന്നത്.  ഉദ്യേഗാർത്ഥികളെ കണ്ടെത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചത് ടാക്‌സി ഡ്രൈവർമാരാണെന്നാണ് പൊലീസിന്റെ അനുമാനം.കൂടുതൽ ചോദ്യം ചെയ്യലുകൾക്കും തെളിവെടുപ്പിനും ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.