കൊച്ചി: എൻസിപി നേതാവും എംഎൽഎയുമായ മാണി സി. കാപ്പനെതിരെ കേസെടുത്ത് കോടതി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തിരിക്കുന്നത്. മുംബൈ മലയാളി ദിനേശ് മേനോൻ നൽകിയ വഞ്ചന കേസിലാണ് നടപടി. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി വാഗ്ദാനം ചെയ്ത് മൂന്നേകാൽകോടി തട്ടിയെന്നാണ് പരാതി. വഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തി. കുറ്റങ്ങൾ പ്രാഥമികമായി നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. മാണി സി കാപ്പനോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി നോട്ടീസയച്ചു.

ദിനേശ് മേനോന്റെ ആരോപണം

മൂന്നേകാൽ കോടി രൂപ മാണി സി കാപ്പൻ വാങ്ങിയെന്നാരോപിച്ചാണ് മുംബൈ മേനോൻ ഗ്രൂപ്പ് ഓഫ് കമ്പനി സിഎംഡി ദിനേശ് മേനോൻ രംഗത്തെത്തിയത്. വാങ്ങിയ പണം മാണി സി കാപ്പൻ തിരികെ നൽകിയില്ലെന്നും ദിനേശ് മേനോൻ ആരോപിച്ചു. ഓഹരികൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് മൂന്നരക്കോടി രൂപയാണ് മാണി സി കാപ്പൻ വാങ്ങിയത്. ഓഹരികൾ ലഭിക്കില്ലെന്ന് ഉറപ്പായപ്പോൾ പണം തിരികെ ചോദിച്ചു. തുടർന്ന് 25 ലക്ഷം രൂപ മാത്രമേ മാണി സി കാപ്പൻ മടക്കി നൽകിയുള്ളൂവെന്ന് ദിനേശ് മേനോൻ ആരോപിച്ചു. 2019 ൽ കൊച്ചിയിൽ ദിനേശ് മേനോൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് പണമിടപാടിന്റെ വിശദാംശങ്ങൾ പുറത്ത് വിട്ടത്.

1996ൽ പോൾ ജോസഫ് എന്ന സുഹൃത്ത് വഴിയാണ് മാണി സി കാപ്പനെ പരിചയപ്പെട്ടത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരികൾ വാങ്ങി നൽകാമെന്ന് ഏറ്റതിനെ തുടർന്ന് മകൻ വഴി മൂന്നര കോടി രൂപ 2012ൽ മാണി സി കാപ്പന് നൽകിയെന്ന് ദിനേശ് മേനോൻ വെളിപ്പെടുത്തി. 25 ലക്ഷം രൂപ നൽകിയതിന് പുറമെ മാണി സി കാപ്പൻ മൂന്നേകാൽ കോടി രൂപക്ക് നാല് ചെക്കുകൾ നൽകി. എന്നാൽ, അവയെല്ലാം മടങ്ങിയെന്നും ദിനേശ് മേനോൻ ആരോപിച്ചു.

കുമരകത്ത് സ്ഥലം നൽകാമെന്ന് പറഞ്ഞെങ്കിലും ആ വാക്കും മാണി സി കാപ്പൻ പാലിച്ചില്ല. ആദ്യം സിബിഐയിൽ മാണി സി കാപ്പനെതിരെ കേസ് നൽകിയിരുന്നെങ്കിലും അത് പിൻവലിച്ച ശേഷം പിന്നീട് മുംബൈ ബോറിവല്ലി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ നാല് ക്രിമിനൽ കേസുകൾ നൽകിയെന്നും ദിനേശ് മേനോൻ പറഞ്ഞിരുന്നു. കുമരകത്ത് മാണി സി കാപ്പൻ നൽകാമെന്ന് ഏറ്റിരുന്ന സ്ഥലം ഏറ്റെടുക്കാൻ ശ്രമിച്ചപ്പോൾ ആ വസ്തു നേരത്തെ തന്നെ പണയം വെച്ച് 75 ലക്ഷം രൂപ വായ്പ എടുത്തതായി കണ്ടെത്തി.

2013 മാർച്ച് 18ന് മാണി സി കാപ്പൻ സിബിഐക്ക് നൽകിയ മൊഴിയിൽ പോൾ ജോസഫാണ് തനിക്ക് ദിനേശ് മേനോനെ പരിചയപ്പെടുത്തി നൽകിയതെന്ന് പറയുന്നു. എൻസിപി ദേശീയാധ്യക്ഷൻ ശരത് പവാറിനെ പരിചയപ്പെടണമെന്നായിരുന്നു വ്യവസായിയായ ദിനേശ് മേനോന്റെ ആവശ്യം. പിന്നീട്, കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരികൾ വിറ്റ് തുടങ്ങിയപ്പോൾ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും മകൻ ബിനീഷ് കോടിയേരിയേയും പരിചയപ്പെടണമെന്ന് ദിനേശ് മേനോൻ ആവശ്യപ്പെട്ടു. താൻ അവരെ പരിചയപ്പെടുത്തി നൽകിയെന്നും കാപ്പൻ കൂട്ടിച്ചേർത്തു. പിന്നീട്, ഏറെ നാളുകൾക്ക് ശേഷമാണ് ദിനേശ് മേനോൻ കണ്ണൂർ വിമാനത്താവള ഓഹരികൾക്കായി പണം മുടക്കിയ വിവരം താൻ അറിഞ്ഞത്.

ദിനേശ് മേനോന്റെ കമ്പനികൾക്ക് ആദ്യം ഓഹരികൾ നൽകിയിരുന്നെങ്കിലും പിന്നീട് അവ റദ്ദാക്കിയതായി കണ്ടെത്തിയെന്നും കാപ്പൻ പറഞ്ഞു. ഓഹരികൾക്കായി മുടക്കിയ പണം മടക്കി നൽകുന്നത് സംബന്ധിച്ച് അതുമായി ബന്ധപ്പെട്ടവരോട് താൻ സംസാരിക്കാമെന്ന് ഏറ്റെങ്കിലും അടിയന്തരമായി ഹൃദയ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നെന്നും തുടർന്ന് മാസങ്ങൾ വിശ്രമത്തിലായിരുന്നുവെന്നും മാണി സി കാപ്പൻ പറഞ്ഞിരുന്നു. എന്നാൽ, പണം തിരികെ കിട്ടാതിരുന്നതിനെ തുടർന്ന് ദിനേശ് മേനോൻ നിരന്തരം ഭീഷണിപ്പെടുത്തുകയും ഫോണിൽ അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും മാണി സി കാപ്പൻ സിബിഐക്ക് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.