കോട്ടയം: കടുത്തുരുത്തി കുറുപ്പുന്തറയിൽ ഗൃഹനാഥനെ കഴുത്തറുത്തുകൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കുറുപ്പുന്തറ സ്വദേശിയും ബ്ലെയ്ഡ് പലിശക്കാരനുമായ സ്റ്റീഫൻ ചിറയിൽ (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം നടന്നത്. കോളേജ് അദ്ധ്യാപികയായ സ്റ്റീഫന്റെ ഭാര്യ വീട്ടിലെത്തിയപ്പോഴാണ് കൃത്യം നടന്നതായി മനസ്സിലായത്. കൊലപാതകത്തിന് പിന്നിൽ പണമിടപാടുകാരാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴുത്തിൽ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണം

സാധാരണ വൈകുന്നേരങ്ങളിൽ ഈ സമയത്ത് സ്റ്റീഫൻ വീട്ടിൽ ഉണ്ടായിരിക്കുന്നതല്ല. എന്നാൽ ഇന്ന് കുറുവിലങ്ങാട് ഡി പോൾ കോളേജിൽ നിന്നും മടങ്ങിയെത്തിയ ഭാര്യ എത്തുമ്പോൾ സ്റ്റീഫനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കാണുകയായിരുന്നു. കഴുത്തറത്ത് രക്തം ഒഴുകിയ നിലയിലായിരുന്നു മൃതദേഹം വീടിനുള്ളിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിലാണ്. സ്റ്റീഫനുമായി ഇടപാടുണ്ടായിരുന്ന എല്ലാവരേയും കേന്ദ്രീകരിച്ചാണ് അന്വേഷണം. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും

ഉടൻ തന്നെ ടീച്ചറുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് കടുത്തുരുത്തി പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തി സ്ഥലത്ത് വിശദമായ പരിശോധന ഇപ്പോഴു തുടരുകയാണ്. സ്റ്റീഫന്റെ കഴിഞ്ഞ ദിവസങ്ങളിലെ ഫോൺ രേഖകൾ പരിശോധിക്കുമെന്നും സമീപവാസികളോടും ഭാര്യയോടും കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയേണ്ടതുണ്ടെന്നും കടുത്തുരുത്തി എസ്‌ഐ ശ്യാം മറുനാടൻ മലയാളിയോട് പറഞ്ഞു. സംഭവം മോഷണശ്രമത്തിനിടയിലുള്ള കൊലപാതകമാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ടെങ്കിലും മോഷണ ശ്രമം നടന്നതിന്റെ തെളിവുകളൊന്നും തന്നെ ലഭിക്കുകയും ചെയ്തിട്ടില്ല.

വീട്ടിൽ സ്റ്റീഫനും അദ്ധ്യാപികയായ ഭാര്യയും മാത്രമാണ് താമസം. ഇവർക്കിടയിൽ ഈ ദിവസങ്ങളിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ നടന്നതായി അയൽവാസികൾക്കും വിവരമൊന്നും തന്നെ ഇല്ല. ഇവരുടെ ഏക മകൾ ഓസ്‌ട്രേലിയയിൽ ആണ് താമസിക്കുന്നത്.ഫൊറൻസിക് വിദഗ്ദർ എത്തിയ ശേഷം വിശദമായ പരിശോധന കൂടി നടക്കുമെന്നും പൊലീസ് അറിയിച്ചു.