പാലാ: പാലായിലെ പോസ്റ്റ്മാന്‌  അക്ഷരാർഥത്തിൽ 'പണി' കിട്ടിയിരിക്കുകയാണ്. ബാർ കോഴക്കേസിൽ കുടുങ്ങിയ ധനമന്ത്രി കെ എം മാണിക്ക് അഞ്ചു മുതൽ അഞ്ഞൂറു വരെ രൂപ മണിയോർഡർ അയച്ചു വോട്ടർമാർ പ്രതിഷേധിച്ചപ്പോഴാണ് പോസ്റ്റ് ഓഫീസ് അധികൃതർ വെട്ടിലായത്.

തന്റെ ജോലി കൃത്യമായി ചെയ്താൽ മന്ത്രിയുടെ പ്രതികരണം എന്താകുമെന്നു ഭയം. എത്തിച്ചില്ലെങ്കിൽ കൃത്യവിലോപമാകും എന്ന പേടിയും.

ഒറ്റ ദിവസം കൊണ്ട് പത്തും നൂറും അഞ്ഞൂറുമൊക്കെയായി 15,000 ഓളം രൂപയുടെ മണിയോർഡറാണ് ധനമന്ത്രിയുടെ വിലാസത്തിൽ പാലായിലെ പോസ്റ്റ് ഓഫീസിൽ എത്തിയത്. ഇത് എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് അധികൃതർ.

കോഴക്കേസിൽ കുടുങ്ങിയ മാണിയെ പരിഹസിച്ച് സംവിധായകൻ ആഷിഖ് അബു ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. തുടർന്ന എന്റെ വക 500 എന്ന ഹാഷ് ടാഗിൽ നിരവധി കമന്റുകളാണ് വന്നത്.

'അഷ്ടിക്കു വകയില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ സാറിന് കുറേ കോടികൾ കൂടി നമ്മൾ നാട്ടുകാര് പിരിച്ചു കൊടുക്കണം. എന്റെ വക 500' എന്നാണ് ആഷിഖ് അബു പോസ്റ്റിട്ടത്. ഇതു നവമാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ പുത്തൻ തരംഗമായി മാറിയിരുന്നു.

മാണിക്കെതിരെ നിരവധി പോസ്റ്റുകളും കമന്റുകളുമാണ് ഇതിനു പിന്നാലെ പ്രത്യക്ഷപ്പെട്ടത്. കാർട്ടൂണുകളും രസകരമായ ഫോട്ടോകളും അടിക്കുറിപ്പുമൊക്കെ എന്റെ വക 500 എന്ന ഹാഷ് ടാഗിൽ ഫേസ്‌ബുക്കിൽ പ്രചരിക്കാൻ തുടങ്ങി.

സൈബർ ലോകം പ്രതിഷേധം ഏറ്റെടുത്തതിനു പിന്നാലെയാണ് മാണിക്ക് മണി ഓർഡർ അയക്കാനും ജനങ്ങൾ രംഗത്തിറങ്ങിയത്. ഇതാണിപ്പോൾ പാലായിലെ തപാൽ ഓഫീസിനു വിനയായത്. എന്തായാലും ഇതു തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണിപ്പോൾ പാലായിലെ പോസ്റ്റ് ഓഫീസ് ജീവനക്കാർ.