ബ്രിസ്‌ബേൻ: ഗതാഗതക്കുരുക്കിൽ വലയുന്ന സംസ്ഥാനത്തിന് ആശ്വാസമായി പുതിയ ബജറ്റ്. അടുത്ത സാമ്പത്തിക വർഷം ട്രാഫിക് തിരക്ക് കുറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഒരു ബില്യൺ ഡോളർ വകയിരുത്തി പുതിയ ബജറ്റ് അവതരിപ്പിച്ചു. ഗതാഗതക്കുരുക്ക് മൂലം വാഹനം മണിക്കൂറുകളോളം റോഡിൽ കിടക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കുരുക്ക് അഴിക്കാൻ ആവശ്യമായ നടപടികൾക്കായി തുക നീക്കിവയ്ക്കുകയാണെന്നും ബജറ്റ് അവതരണ വേളയിൽ ബ്രിസ്‌ബേൻ സിറ്റി കൗൺസിൽ മേയർ ഗ്രഹാം ക്വിർക്ക് വെളിപ്പെടുത്തി.

സിറ്റി കൗൺസിലിന്റെ 2017-18 സാമ്പത്തിക വർഷത്തേക്ക് മൂന്നു ബില്യൺ ഡോളറിന്റെ ബജറ്റാണ് മൊത്തത്തിലുള്ളത്. അതിൽ ഒരു ബില്യൺ ഡോളറും റോഡ് വികസനത്തിലും ഗതാഗതക്കുരുക്ക് അഴിക്കുന്ന നടപടികൾക്കുമായാണ് മാറ്റിവച്ചിരിക്കുന്നത്. ഗതാഗതക്കുരുക്ക് നഗരത്തിന്റെ പ്രധാന പ്രശ്‌നമായതിനാലാണ് ഇത്രയും തുക ഒറ്റയടിക്ക് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. റോഡ് വികസനമാണ് ഒരു നഗരത്തിന്റെ വികസനത്തിന്റെ പ്രധാന ചുവടുവയ്‌പ്പെന്നും ട്രാഫിക് തിരക്ക് ഒഴിവാക്കാൻ സാധിച്ചില്ലെങ്കിൽ നഗരത്തിൽ ബിസിനസ് നടക്കില്ലെന്നും അതുവഴി വികസനം കീറാമുട്ടിയായി മാറുമെന്നും മേയർ വ്യക്തമാക്കി.

ബജറ്റിൽ റോഡ് വികസനത്തിനായി മാറ്റിവച്ചിരിക്കുന്ന ഒരു ബില്യൺ ഡോളറിൽ 39 പ്രധാന റോഡ് പ്രൊജക്ടുകൾ, 250 ചെറുകിട പ്രൊജക്ടുകൾ, 650 സ്ട്രീറ്റുകൾ മിനുക്കിയെടുക്കുക എന്നീ പ്രധാന ജോലികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.