- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ ബാങ്കിങ് മേഖലയിൽ അടിമുടി മാറ്റങ്ങൾ; ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾക്കായി 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ കൂടി രാജ്യത്ത് തൂടങ്ങി; കേരളത്തിൽ മൂന്നെണ്ണം; ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കാനും ശ്രമം; ഡിജിറ്റലായി ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കാൻ യൂണിറ്റിലെത്താം
ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ വർധിപ്പിക്കുന്നു. ബാങ്കിങ് സേവനങ്ങൾക്കായി രാജ്യത്ത് ആരംഭിച്ച 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകളിൽ (ഡിബിയു) മൂന്നെണ്ണം കേരളത്തിൽ. എറണാകുളം കളമശേരി ( കാനറ ബാങ്ക് ), തൃശൂർ ചാലക്കുടി ആനമല ജംക്ഷൻ (സൗത്ത് ഇന്ത്യൻ ബാങ്ക്), പാലക്കാട് കുന്നത്തൂർമേട് (യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ) എന്നിവിടങ്ങളിലാണ് യൂണിറ്റുകൾ. 75 ജില്ലകളിലായി 75 യൂണിറ്റുകളാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.
2014ന് മുമ്പത്തെ 'ഫോൺ ബാങ്കിങ്ങി'ൽ നിന്ന് ഡിജിറ്റൽ ബാങ്കിങ്ങിലേക്കുള്ള മാറ്റം ഇന്ത്യയെ സുസ്ഥിര വികസനപാതയിലെത്തിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 'ഫോൺ ബാങ്കിങ്ങി'ൽ ബാങ്കുകൾക്ക് ഫോൺ വഴിയായിരുന്നു ഇടപാട് സംബന്ധിച്ചുള്ള നിർദേശങ്ങൾ നൽകിയിരുന്നത്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി ബാങ്കിങ് സമ്പ്രദായത്തിന്റെ കരുത്തുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ സർക്കാർ കൊണ്ടുവന്ന ഡിജിറ്റൽ മാറ്റം ഇന്ത്യയെ സുസ്ഥിര വികസനപാതയിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിങ് സേവനങ്ങൾ ലളിതമാക്കുന്നതിനുള്ള 75 ഡിജിറ്റൽ ബാങ്കിങ് യൂനിറ്റുകൾ (ഡി.ബി.യു) വിഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഗുണഭോക്താക്കൾക്ക് ആനുകൂല്യം നേരിട്ടെത്തിക്കുന്ന ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി) പോലുള്ള സംവിധാനങ്ങൾ സുതാര്യത ഉറപ്പാക്കിയിട്ടുണ്ട്. ഡി.ബി.ടി സംവിധാനത്തിലൂടെ ഇതുവരെ 25 ലക്ഷം കോടി രൂപ കൈമാറ്റം ചെയ്തു. പി.എം-കിസാൻ പദ്ധതിയിലൂടെയുള്ള ആനുകൂല്യങ്ങൾ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് തിങ്കളാഴ്ച കൈമാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ കേന്ദ്രബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ഇത്. ഡിജിറ്റൽ ബാങ്കിങ് സാക്ഷരത വർധിപ്പിക്കുകയെന്ന ലക്ഷ്യവുമുണ്ട്. 11 പൊതുമേഖലാ ബാങ്കുകൾ, 12 സ്വകാര്യ ബാങ്കുകൾ, ഒരു സ്‌മോൾ ഫിനാൻസ് ബാങ്ക് എന്നിവയാണ് ആദ്യഘട്ടത്തിൽ ഡിബിയു സേവനം നൽകുന്നത്. ഡിജിറ്റലായി ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കാൻ സൗകര്യമില്ലാത്തവർക്ക് ഈ പേപ്പർരഹിത യൂണിറ്റിലെത്താം. യൂണിറ്റിലുള്ള ഡിജിറ്റൽ സംവിധാനം വഴി സ്വന്തമായി (സെൽഫ് സർവീസ് മോഡ്) ഇടപാടുകൾ നടത്താം. ഇത് കഴിയാത്തവർക്ക് സഹായിക്കാൻ (ഡിജിറ്റൽ അസിസ്റ്റൻസ്) ആളുമുണ്ടാകും. പണം പിൻവലിക്കൽ, നിക്ഷേപം അടക്കമുള്ള സേവനങ്ങൾ 24 മണിക്കൂറും ലഭ്യമായിരിക്കും. എല്ലാ സേവനങ്ങളും പൂർണായും ഡിജിറ്റലാണ്.
സേവിങ്‌സ് അക്കൗണ്ട് തുറക്കൽ, ബാലൻസ് പരിശോധിക്കൽ, പാസ്ബുക് പ്രിന്റിങ്, പണം കൈമാറ്റം, സ്ഥിരനിക്ഷേപം, വായ്പ അപേക്ഷ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അപേക്ഷകൾ, അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, നികുതി/ബിൽ അടയ്ക്കൽ തുടങ്ങിയ സേവനങ്ങൾ ലഭ്യമായിരിക്കും. സർക്കാരിന്റെ വിവിധ വായ്പ പദ്ധതികൾക്കും അപേക്ഷിക്കാം. 11 പൊതുമേഖല ബാങ്കുകൾ, 12 സ്വകാര്യ ബാങ്കുകൾ, ഒരു ചെറുകിട ധനകാര്യബാങ്ക് എന്നിവയിലാണ് ഡി.ബി.യു പദ്ധതി ആവിഷ്‌കരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷികത്തോടനുബന്ധിച്ചാണ് രാജ്യത്തെ 75 ജില്ലകളിൽ 75 ഡി.ബി.യുകൾ തുടങ്ങിയത്.
മറുനാടന്‍ ഡെസ്ക്