സിലിക്കോൺ വാലി ബാങ്ക്, സിഗ്‌നേച്ചർ ബാങ്ക്, ക്രെഡിറ്റ് സ്വീസ് എന്നിവയുടെ തകർച്ചക്ക് പിന്നാലെ ജർമ്മൻ ബാങ്കായ ഡോയ്ച്ച ബാങ്കും പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഡോയ്ച്ച ബാങ്കിന്റെ ക്രെഡിറ്റ് ഡിഫാൾട്ട് അത് ആദ്യമായി ആവിഷ്‌കരിച്ച 2019 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയതോടെ ഓഹരിവിലയിൽ ഒറ്റയടിക്ക് 13 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ആഗോള ബാങ്കിങ് മേഖല ആശങ്കയുടെ മുൾമുനയിൽ ആയിരിക്കുകയാണ്.

അടുത്തിടെ തുടരെത്തുടരെ ഈ മേഖലയിൽ ഉണ്ടാകുന്ന പ്രതിസന്ധികളും ആശങ്കകളും ഉടനെയൊന്നും പരിഹരിക്കപ്പെടില്ല എന്നാണ് ചില സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. അമേരിക്കയും ബ്രിട്ടനും പലിശ നിരക്ക് വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നതാണ് ഇതിന് കാരണമായി അവർ പറയുന്നത്. പ്രതിസന്ധിയിലായ ബാങ്കുകളുടെ ഡെപ്പോസിറ്റുകൾക്ക് ഗ്യാരന്റി നൽകുമെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി ജാനെറ്റ് യെലെൻ ഇന്നലെ പ്രസ്താവിച്ചതിനു പുറകെ പല ബാങ്കുകളുടെയും ഓഹരിവില ഇടിഞ്ഞു.

ബാങ്കിങ് രംഗത്തെ പ്രതിസന്ധി ഇനിയും ഏറെ രക്തസാക്ഷികളെ സൃഷ്ടിക്കുമെന്നാണ് മാർക്കറ്റിങ് അനലിസ്റ്റ് ആയ ക്രിസ് ചാമ്പ് പറയുന്നത്. ഈ മാസം ആദ്യം അമേരിക്കയിൽ സിലിക്കോൺ വാലി ബാങ്കിന്റെ തകർച്ചയിൽ നിന്നാണ് ഇത് ആരംഭിച്ചത്. സങ്കേതിക വ്യവസായ മെഖലയിലെ പ്രമുഖ ബാങ്കിങ് സ്ഥാപനമായി അറിയപ്പെട്ടിരുന്ന സിലിക്കോൺ വാലിയുടെ ഏറ്റവും പ്രധാന സവിശേഷത് കുറഞ്ഞ പലിശ നിരക്കായിരുന്നു.

എന്നാൽ, നിക്ഷേപകർ നിക്ഷേപങ്ങൾ പിൻവലിക്കാൻ തുടങ്ങിയതാണ് ബാങ്കിന്റെ പ്രതിസന്ധിക്ക് കാരണമായത്. മാത്രമല്ല, സർക്കാർ ബോണ്ടുകളിലുംബാങ്ക് ധാരാളമായി പണം നിക്ഷേപിച്ചിരുന്നു. പലിശ നിരക്ക് കൂടിവരുന്നതിനൊപ്പം ഇവയുടെ മൂല്യം ഇടിഞ്ഞതും ബാങ്ക് പ്രതിസന്ധിയിൽ ആകാൻ ഒരു കാരണമായി. സാമ്പത്തിക കമ്മി പരിഹരിക്കുന്നതിനായി 2.25 ബില്യൺ ഡോളറിന്റെ ഓഹരികൾ വിൽക്കുമെന്ന് ബാങ്ക് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഉപഭോക്താക്കൾ കൂട്ടത്തോടെ നിക്ഷേപം പിൻവലിക്കാൻ തുടങ്ങുകയായിരുന്നു.

ക്രെഡിറ്റ് സ്വീസ് കഴിഞ്ഞ കുറച്ചു കാലങ്ങളായി സംശയത്തിന്റെ നിഴലിലായിരുന്നു. എത്രമാത്രം ലാഭം ബാങ്കിനുണ്ട് എന്നതായിരുന്നു സംശയം.ഈ സ്വിസ്സ് ബാങ്കിന്റെ പ്രധാന ശക്തിയായ സൗദി നാഷണൽ ബാങ്ക് തങ്ങളുടെ ഫണ്ടുകൾ പിൻവലിച്ചതോടെ മറ്റ് ഉപഭോക്താക്കളും ആ വഴിയേ തിരിയുകയായിരുന്നു. ക്രെഡിറ്റ് സ്വീസിനെ പക്ഷെ എതിരാളികളായ യു എസ് ബി 3.15 ബില്യൺ ഡോളറിന് ഏറ്റെടുക്കുകയായിരുന്നു.

അതേസമയം, പലിശ നിരക്ക് ഇനിയും വർദ്ധിപ്പിച്ചുകൊണ്ടിരുന്നാൽ അത് ബ്രിട്ടീഷ് സമ്പദ്ഘടനയെ പൂർണ്ണമായും തകർക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് മുന്നറിയിപ്പ് നൽകി. ഇക്കഴിഞ്ഞ ബുധനാഴ്‌ച്ച പലിശ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചതിനു തൊട്ടു പുറകെയാണ് ഈ മുന്നറിയിപ്പ് വന്നത്. പണപ്പെരുപ്പം കുതിച്ചുയരുകയാണ് എന്നാൽ, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നയം അത് തടയാൻ ഉപകരിക്കുകയില്ല എന്ന് മാത്രമല്ല, സർവ്വനാശത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്ന് ഇവർ പറയുന്നു.