- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളിയായ പ്രവീൺ അച്യുതൻകുട്ടി ഡിസിബി എംഡി
മുംബൈ: ലോകത്തിന്റെ വിവിധ കോണുകളിലായി ബാങ്കിങ് രംഗത്ത് ഉന്നതരംഗത്ത് പ്രവർത്തിക്കുന്ന മലയാളികളുണ്ട്. ഇക്കൂട്ടത്തിലേക്ക് ഒരു പ്രമുഖ സ്വകാര്യ ബാങ്കിന്റെ ഉന്നത പദവിയിലേക്ക് ഒരു മലയാളി കൂടി. കോഴിക്കോട് സ്വദേസി പ്രവീൺ അച്യുതൻ കുട്ടിയാണ് പ്രമുഖ പുതുമുറ ബാങ്കായ ഡി.സി.ബി. (ഡിവലപ്മെന്റ് ക്രെഡിറ്റ് ബാങ്ക്)യുടെ തലപ്പത്തേക്ക് എത്തുന്നത്. പ്രവീണിനെ ഡി.സി.ബിയുടെ എംഡിയും സിഇഒയുമായി നിയമിക്കാൻ റിസർവ് ബാ്ങ്ക് അനുമതി നൽകി.
ഏപ്രിൽ 29 മുതൽ മൂന്ന് വർഷത്തേക്കാണ് പ്രവീണിന്റെ നിയമനം. ബാങ്കിങ് രംഗത്ത് 32 വർഷത്തെ പ്രവർത്തന പരിചയവുമായാണ് പ്രവീൺ പുതിയ പദവിയിലേക്ക് ചുവടുവെക്കുന്നത്. നിലവിലെ മാനേജിങ് ഡയറക്ടറും സിഇഒ.യുമായ മുരളി നടരാജന്റെ പിൻഗാമി ആയാണ് പ്രവീൺ നിയമിക്കപ്പെടുന്നത്. പുതിയ സ്ഥാനലബ്ധിയിൽ സന്തുഷ്ടനാണ് അദ്ദേഹം.
പ്രമുഖ ബാങ്കറാണെങ്കിലു തനി കോഴിക്കോട്ടുകാരാനാണ് പ്രവീൺ. കോഴിക്കോട് ചാലപ്പുറം ആനോത്ത് അച്യുതൻ കുട്ടിയുടെയും ലക്ഷ്മിയുടെയും മകനണ് അദ്ദേഹം. പഠിച്ചതു കോഴിക്കോട്ടു തന്നെയാണ്. പ്രവീൺ അച്യുതൻകുട്ടി ഗുരുവായൂരപ്പൻ കോളേജിൽനിന്നാണ് ബിരുദം നേടിയത്. തുടർന്ന്, ട്രിച്ചി ബി.ഐ.എം. കോളേജിൽനിന്ന് എം.ബി.എ. പൂർത്തിയാക്കി. ഇതിന് ശേഷമാണ് ബാങ്കിങ് രംഗത്തേക്ക് ചുവടു വെച്ചത്.
1991 -ൽ സ്വകാര്യ ബാങ്കായ സിറ്റിബാങ്കിൽ ചേർന്നാണ് ബാങ്കിങ് കരിയർ തുടങ്ങിയത്. അതിവേഗം തന്നെ അദ്ദേഹം പടിപടികളായി ഉയർന്നു. ന്യൂയോർക്ക്, കാനഡ എന്നിവിടങ്ങളിൽ എൻ.ആർ.ഐ. ബിസിനസ് വിഭാഗത്തിലായിരുന്നു പ്രവർത്തനം. ഇതിന് ശേഷം 2007 -ൽ ഡി.സി.ബി.യിലെത്തി. നിലവിൽ എസ്.എം.ഇ., റീട്ടെയിൽ ബാങ്കിങ്, കാർഷികവായ്പ വിഭാഗങ്ങളുടെ ചുമതല വഹിക്കുന്നു. ഈ രംഗത്ത് മികവു പുലർത്തിയതും മാനേജ്‌മെന്റ് രംഗത്തെ മികവുമാണ് അദ്ദേഹത്തെ എംഡി പദവിയിലേക്ക് ഉയർത്തുന്നതിലും നിർണായകമായത്.
വിവിധ പദ്ധതികളുമായി കേരളത്തിലേക്കും കൂടുതൽ ചുവടു വെക്കാനാണ് ഡിസിബി ഒരുങ്ങുന്നത്. തിരുവനന്തപുരത്തടക്കം കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും. മാർച്ചിനുമുമ്പായി തിരുവനന്തപുരത്ത് ബാങ്കിന്റെ ശാഖ പ്രവർത്തനം തുടങ്ങുമെന്ന് നിയുക്ത മാനേജിങ് ഡയറക്ടറും സിഇഒ.യുമായ പ്രവീൺ അച്യുതൻകുട്ടി പറഞ്ഞു. 2013′-14 കാലത്തുകൊച്ചിയിൽ പ്രവർത്തനം തുടങ്ങിയ ബാങ്കിന് കേരളത്തിൽ തൃശ്ശൂർ, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലായി നാലുശാഖകളാണുള്ളത്. വർഷം 30 ശാഖകൾവീതം പുതുതായി തുറക്കാനാണ് ബാങ്കിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിലെ മാനേജിങ് ഡയറക്ടറും സിഇഒ.യുമായ മുരളി നടരാജന്റെ പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കാണ് മുൻഗണന നൽകുകയെന്ന് നിയുക്ത സിഇഒ. പറഞ്ഞു. ചെറുകിടവ്യവസായ മേഖലയിലാണ് (എസ്.എം.ഇ.) കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭാവിയിലും ഇതു തുടരും. ഇതോടൊപ്പം ഡിജിറ്റൽ ബാങ്കിങ്ങിനും സാങ്കേതികവിദ്യകൾ നടപ്പാക്കുന്നതിനും പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഡിജിറ്റൽ ബാങ്കിങ് രംഗത്ത് ഡി.സി.ബി. മികച്ചമുന്നേറ്റം നടത്തിയിട്ടുണ്ട്. ശാഖകളിലെത്താതെ അക്കൗണ്ട് തുടങ്ങാനും വിദേശത്തേക്ക് പണമയക്കാനുമെല്ലാം സൗകര്യം ലഭ്യമാണ്. അഞ്ചുലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന് അതേ തുകയ്ക്കുള്ള ഇൻഷുറൻസ് പരിരക്ഷ നൽകിക്കൊണ്ടുള്ള 'സുരക്ഷ ഡെപ്പോസിറ്റ്' പദ്ധതി, കറന്റ് അക്കൗണ്ട് നിക്ഷേപങ്ങൾക്ക് പലിശ ലഭ്യമാക്കാൻ സഹായിക്കുന്ന 'ഡി.സി.ബി. ബിസിനസ് സേവർ അക്കൗണ്ട്' എന്നിങ്ങനെ ആകർഷകമായ പദ്ധതികൾ നടപ്പാക്കിവരുന്നുണ്ട്.
ശ്യാമളയാണ് പ്രവീൺ അച്യുതൻകുട്ടിയുടെ ഭാര്യ. മൂത്തമകൾ നമ്രതയും തിരഞ്ഞെടുത്തത് സാമ്പത്തിക രംഗമാണ്. പ്രമുഖ ധനകാര്യ സ്ഥാപനമായ ജെ. പി മോർഗനൊപ്പം ലണ്ടനിലാണ് നമ്രത. രണ്ടാമത്തെ മകൾ നിത്യ 'ഹ്യൂമൻസ് ഓഫ് ബോംബെ' എന്ന സന്നദ്ധസംഘടനയിൽ പ്രവർത്തിക്കുന്നു. ഏപ്രിൽ 29-നാണ് പ്രവീൺ ഡി.സി.ബി. മാനേജിങ് ഡയറക്ടറും സിഇഒ.യുമായി ചുമതലയേൽക്കും.