ന്യൂഡൽഹി: കമ്പനി ഏറ്റെടുക്കലുകളിലൂടെ വാർത്തകളിൽ നിറയുകയാണ് അദാനി ഗ്രൂപ്പ്. രണ്ടുദിവസം മുമ്പ് മാധ്യമരംഗത്ത് എൻഡി ടിവിയാണ് ഏറ്റെടുത്തെങ്കിൽ, വെള്ളിയാഴ്ച രണ്ടുസിമന്റ് കമ്പനികളെ ലക്ഷ്യമാക്കി അമ്പെയ്ത് കഴിഞ്ഞു. തീർച്ചയായും വൈവിധ്യവൽക്കരണം തന്നെയാണ് തുറമുഖരംഗത്തെ ഭീമൻ കമ്പനി ലക്ഷ്യമിടുന്നത്.

സ്വിസ് സ്ഥാപനമായ ഹോൾസിമിന്റെ ഇന്ത്യയിലെ ലിസ്റ്റഡായിട്ടുള്ള രണ്ടു സിമന്റ് കമ്പനികളാണ് അംബാനി സ്വന്തമാക്കുന്നത്. അംബുജ സിമന്റ്‌സും, എസിസി ലിമിറ്റഡും. ഹോൾസിമിന്റെ ഇന്ത്യയിലെ ബിസിനസ് ഓഹരികൾ നേടിയെടുക്കാൻ ഈ വർഷം മെയിൽ അദാനി ഗ്രൂപ്പ് ധാരണയിലെത്തിയിരുന്നു. ഓപ്പൺ ഓഫറിന് സെബി കഴിഞ്ഞാഴ്ച അനുമതി നൽകുകയും ചെയ്തു. 26 ശതമാനം ഓഹരിക്കായി 31,000 കോടിയാണ് അദാനിയുടെ ഓപ്പൺ ഓഫർ. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 9 വരെയാണ്, ഇതിനായുള്ള സമയം. മെയിൽ അംബുജ സിമന്റ്‌സിന് ഒരു ഓഹരിക്ക് 385 രൂപയും, എസിസിക്ക് 2300 രൂപയും അദാനി ഓപ്പൺ ഓഫർ മുന്നോട്ട് വച്ചിരുന്നു. ഇതുപ്രകാരം അംബുജ സിമെന്റ്സിന്റെ 26ശതമാനം(51.63 കോടി) ഓഹരികൾക്കായി 19,879.57 കോടി രൂപയും എസിസി ലിമിറ്റഡിന്റെ (4.89 കോടി ഓഹരികൾക്കായി) 26ശതമാനത്തിനായി 11,259.97 കോടി രൂപയുമാണ് അദാനി ഗ്രൂപ്പിന് ചെലവഴിക്കേണ്ടിവരിക.

ഹോൾസിം ലിമിറ്റഡിന്റെ ഇന്ത്യയിലെ ബിസിനസുകളിലുള്ള ഓഹരികൾ സ്വന്തമാക്കാൻ 84,000 കോടി രൂപയുടെ ഇടപാടിനാണ് അദാനി ഗ്രൂപ്പ് ധാരണയായത്. ഇതോടെ അംബുജ സിമെന്റ്സിന്റെ 63.1ശതമാനവും എസിസിയുടെ 54.53 ശതമാനവും ഓഹരികൾ അദാനി ഗ്രൂപ്പിന്റെ സ്വന്തമാകും. അംബുജയ്ക്കും എസിസിക്കും സംയുക്തമായി വർഷം 70 ദശലക്ഷം ടണ്ണിന്റെ ഉത്പാദനശേഷിയുണ്ട്. ഇരുകമ്പനികൾക്കുമായി 23 സിമന്റ് പ്ലാന്റുകൾ, 14 ഗ്രൈൻഡിങ് സ്റ്റേഷനുകൾ, 80 റെഡി-മിക്‌സ് കോൺക്രീറ്റ് പ്ലാന്റുകൾ, 50,000 ത്തിലേറെ പങ്കാളികൾ എന്നിവയുണ്ട്.

ഗ്രീൻ എനർജി കമ്പനി അപകടത്തിലോ?

അതേസമയം, അദാനിയുടെ ഗ്രീൻ എനർജി കമ്പനിയുടെ വായ്പാ-മൂലധന അനുപാതം 95.3 ശതമാനം ഉയർന്നത് സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് റിപ്പോർട്ട്. ഇത് ഒരുസ്വകാര്യ കന്നിയുടെ തലത്തിൽ നോക്കുമ്പോൾ ഉയർന്ന നിരക്കാണെന്ന് ബ്ലൂംബർഗ് ഇന്റലിജൻസിലെ വിശകലന വിദഗ്ധനായ ഷാരോൺ സെൻ വിലയിരുത്തി. പുനരുപയോഗ ഊർജ്ജ രംഗത്ത് കൂടുതൽ നിക്ഷേപമിറക്കാൻ വേണ്ടി അദാനി ഗ്രൂപ്പ് വൻതോതിൽ വായ്പയെടുക്കുകയാണ്. ഒരുസ്വകാര്യ കമ്പനിയുടെ വളർച്ചാഘട്ടത്തിൽ 70 ശതമാനമോ, 80 ശതമാനോ വരെയാണ് വായ്പ-മൂലധന അനുപാതം ആശാസ്യമെന്ന് ഷാരോൺ സെൻ പറഞ്ഞു.

2030 ഓടെ, ഹരിതോർജ്ജ വിതരണ ശൃംഖലയിൽ 70 ബില്യൻ ഡോളർ നിക്ഷേപിക്കുമെന്നാണ് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ അദാനി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ, ലോകത്തെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ ഉത്പാദകരായി മാറാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. 2070 ഓടെ ഇന്ത്യയുടെ കാർബൺ പുറന്തള്ളൽ നെറ്റ് സീറോയിലെത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തോട് ചേർന്ന് നിൽക്കുന്നതാണ് അദാനിയുടെ വികസന പദ്ധതികൾ.

കടക്കെണി മുന്നറിയിപ്പുകൾ

തുറമുഖങ്ങൾ മുതൽ വൈദ്യുതനിലയങ്ങൾ വരെ സ്വന്തമാക്കാനുള്ള അദാനിയുടെ പടുകൂറ്റൻ നിക്ഷേപ പദ്ധതികൾ അതിരുകടന്നതാണെന്നും അവ വൻ കടക്കെണിയിലാകാനിടയുണ്ടെന്നും മുന്നറിയിപ്പ് വന്നിരുന്നു. ആഗോള ധന കാര്യക്ഷമത വിലയിരുത്തൽ ഏജൻസിയായ ഫിച്ച് ഗ്രൂപ്പിന്റെ ഉപഘടകമായ ക്രെഡിറ്റ് സൈറ്റ്സാണ് മുന്നറിയിപ്പ് നൽകിയത്. അദാനിയുടെ നിക്ഷേപ പദ്ധതികൾ അതിരുകടന്നതാണ്. കടമെടുത്താണ് മിക്ക നിക്ഷേപവും. ഗൗതം അദാനിയുടെ സമ്പത്തിന്റെ ഭൂരിഭാഗവും 'കടലാസിൽ'മാത്രമാണെന്നും ഏജൻസി ചൂണ്ടിക്കാട്ടി.

മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസുമായി വർഷങ്ങളായി അടക്കിവാഴുന്ന മേഖലകളിലടക്കം അദാനിഗ്രൂപ്പ് മത്സരിക്കുന്നു. അത് ആക്രമണോത്സുകമായ വിപുലീകരണ പദ്ധതിയാണെന്നും പാളിപ്പോകാൻ സാധ്യത ഏറെയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, ഇന്ത്യയിലെ ബാങ്കുകളുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം രാഷ്ട്രീയ പ്രമുഖരുമായും അദാനിക്കുള്ള ശക്തമായ ബന്ധമാണ് ഗ്രൂപ്പിന് ശുഭപ്രതീക്ഷ നൽകുന്നതെന്നും ക്രെഡിറ്റ് സൈറ്റ്സ് വിശകലന വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.