എൻ ഡി ടിവിയിൽ അവസാനിക്കുന്നില്ല മാധ്യമ രംഗത്തെ അദാനി ഗ്രൂപ്പിന്റെ ചുവട് വയ്പുകൾ; ഡിജിറ്റൽ ബിസിനസ് ന്യൂസ് സ്ഥാപനമായ ക്വന്റലിയണും ഗ്രൂപ്പ് പൂർണമായി ഏറ്റെടുക്കുന്നു; അവശേഷിക്കുന്ന 51 ശതമാനം ഓഹരികൾ കൂടി വാങ്ങാൻ ധാരണ
- Share
- Tweet
- Telegram
- LinkedIniiiii
മുംബൈ: എൻഡി ടിവിക്ക് പുറമേ അദാനി ഗ്രൂപ്പ് മറ്റൊരു മാധ്യമ സ്ഥാപനം കൂടി ഏറ്റെടുക്കുന്നു. രാഘവ് ബാലിന്റെ ഡിജിറ്റൽ ബിസിനസ് ന്യൂസ് സ്ഥാപനമായ ക്വന്റലിയൺ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ പൂർണ നിയന്ത്രണമാണ് അദാനി ഏറ്റെടുക്കുന്നത്. അവശേഷിക്കുന്ന 51 ശതമാനം ഓഹരി കൂടി ഗ്രൂപ്പ് വാങ്ങും.
ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ എഎംജി മീഡിയ നെറ്റ് വർക്ക്സ് ക്വന്റലിയൺ മീഡിയയുമായി ഇക്കാര്യത്തിൽ ധാരണാപത്രം ഒപ്പുവയ്ക്കും. ഇന്ത്യൻ മാധ്യമ വ്യവസായത്തിൽ എൻഡിവിക്ക് മുമ്പേ അദാനി പണം മുടക്കിയത് ക്വന്റലിയണിലാണ്. എൻഡി ടിവിയിൽ കഴിഞ്ഞ വർഷം ഡിസംബറിലാണ് 65 ശതമാനം ഓഹരി അദാനി വാങ്ങിയത്.
നേരത്തെ അദാനിയുടെ ഉപസ്ഥാപനമായ എ എം ജി മീഡിയ ക്വന്റലിയണിൽ 47.84 കോടി മുടക്കി 49 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു. ഇനി അവശേഷിക്കുന്ന 51 ശതമാനം കൂടി വാങ്ങാനാണ് ധാരണാപത്രം ഒപ്പിടുന്നത്.
ബിസിനസ്-ഫിനാൻഷ്യൽ പോർട്ടലായ ബി.ക്യു പ്രൈമിന്റെ ഉടമസ്ഥരാണ് ക്വന്റലിയൺ ബിസിനസ് മീഡിയ. ബി ക്യു പ്രൈം നേരത്തെ ബ്ലൂംബർഗ് ക്വിന്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. അമേരിക്ക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സാമ്പത്തിക വാർത്താ ഏജൻസി ബ്ലൂംബർഗ് മീഡിയയും കരാഘവ് ബാലിന്റെ ക്വന്റലിയൺ മീഡിയയും തമ്മിലുള്ള സംയുക്ത സംരംഭമായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ബ്ലൂംബർഗ് വിട്ടുപോയി.
ഏറ്റെടുക്കലിന് ശേഷം ക്വന്റലിയൺ എഎംജി മീഡിയ നെറ്റ്വര്ക്ക്സിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറും. കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. പബ്ലിഷിങ്, അഡ്വർട്ടൈസിങ്, ബ്രോഡ്കാസ്റ്റിങ്, കണ്ടന്റ് വിതരണം എന്നീ ബിസിനസുകൾക്കായാണ് അദാനി ഗ്രൂപ്പ് എ എം ജി മീഡിയ നെറ്റ് വർക്ക്സ് സ്ഥാപിച്ചത്.
2022 മെയിൽ എ എം ജിയും ക്വന്റലിയണും തമ്മിൽ ക്യു ബി എം എൽ ഏറ്റെടുക്കാൻ ഓഹരി പങ്കാളിത്ത കരാറിൽ ഏർപ്പെട്ടിരുന്നു. 2021 സെപ്റ്റംബറിൽ എ എം ജി, അദാനി മീഡിയ വെന്റ്വേഴ്സിനെ നയിക്കാൻ മുതിർന്ന മാധ്യമപ്രവർത്തകൻ സഞ്ജയ് പുഗാലിയയെ നിയമിച്ചിരുന്നു.
മറുനാടന് ഡെസ്ക്