- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമയമായില്ല പോലും! വിപണി ഒന്നുകൂടെ ഉഷാറാവാൻ കാത്തിരിക്കും; ജോയ് ആലുക്കാസിനും ഇസാഫിനും പോപ്പുലർ വെഹിക്കിൾസിനും പിന്നാലെ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡും ഐപിഒയിൽ നിന്ന് പിന്മാറി; സെബിയിൽ ഫയൽ ചെയ്തിരുന്നത് 765 കോടിയുടെ പ്രാഥമിക ഓഹരി വിൽപ്പന
കൊച്ചി: കഴിഞ്ഞ ഫെബ്രുവരിയിലാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് പ്രാഥമിക ഓഹരി വിൽപ്പനയിൽ നിന്ന് പിന്മാറിയത്. ഐപിഒ വഴി 2300 കോടി രൂപ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനമാണ് പിൻവലിച്ചത്. ഇപ്പോഴിതാ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡും ഐപിഒയിൽ നിന്ന് പിൻവാങ്ങിയിരിക്കുന്നു. മൈഫിൻ പോയിന്റ് എന്ന ബിസിനസ് ഓൺലൈൻ പോർട്ടലാണ് ഇതുറിപ്പോർട്ട് ചെയ്തത്. നേരത്തെ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും പോപ്പുലർ വെഹിക്കിൾസ് & സർവീസസ് ലിമിറ്റഡും ഐപിഒയിൽ നിന്ന് പിന്മാറിയിരുന്നു. കഥയിലേക്ക് കടക്കും മുമ്പ് എന്താണ് ഐപിഒ എന്ന് നോക്കാം
എന്താണ് ഐപിഒ?
ഒരു സ്വകാര്യ കമ്പനിയെ പൊതു കമ്പനിയാക്കി മാറ്റുന്നതിനുള്ള പ്രക്രിയയാണ് ഐ പി ഒ. നിലവിൽ ഒരു സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനി പൊതുജനങ്ങൾക്ക് ആദ്യമായി ഓഹരികൾ ഇഷ്യു ചെയ്യുന്നു. അതല്ലെങ്കിൽ നിലവിലുള്ള ഓഹരികൾ വിൽക്കുന്നതിനോ, രണ്ടിനും കൂടിയോ ഉള്ളതാണ് പ്രാഥമിക ഓഹരി വിൽപ്പന അഥവാ ഐ പി ഒ. കമ്പനിക്ക് വേണ്ടി മൂലധനം ശേഖരിക്കാനും പൊതുജനങ്ങൾക്ക് നിക്ഷേപിക്കാനും ആ നിക്ഷേപത്തിൽ നിന്ന് വരുമാനം നേടാനുമുള്ള മികച്ച അവസരവും ഇത് അനുവദിക്കുന്നു.
ഏഷ്യാനെറ്റ് പിന്മാറാൻ കാരണം
മൂന്നുപതിറ്റാണ്ടിലേറെയായി ടെലിവിഷൻ സംപ്രേഷണ രംഗത്തും, ഇന്റർനെറ്റ് സേവന നേതാവെന്ന നിലയിലും പേരെടുത്ത കമ്പനിയാണ് ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്. ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് 300 കോടി രൂപയുടെ പുതിയ ഇഷ്യൂവും 465 കോടി രൂപയുടെ OFS വിൽപനയ്ക്കുള്ള ഓഫറും അടങ്ങുന്ന 765 കോടി രൂപയുടെ ഐപിഒയ്ക്കായി സെബിയിൽ ഫയൽ ചെയ്തിരുന്നു.
ഒഎഫ്എസ് പരിശോധിച്ചാൽ ആദ്യകാല നിക്ഷേപകരുടെ 465 കോടിയുടെ സ്‌റ്റോക്കുകളാണ് ഈ വിഭഗത്തിൽ ഉള്ളത്. ഹാത്ത്വേ ഇൻവസ്റ്റ്്‌മെന്റ്‌സാണ് ഈ ആദ്യകാല നിക്ഷേപകർ. 300 കോടിയുടെ പുതിയ ഇഷ്യു കടം കുറയ്ക്കുന്നതിനടക്കം മറ്റു ആവശ്യങ്ങൾക്കാണ്. ഇതിൽ 160 കോടി ദീർഘ-ഹ്രസ്വ കാല വായ്പകൾ തീർക്കാൻ വിനിയോഗിക്കും. മറ്റൊരു 76 കോടി പ്രവർത്തന മൂലധനത്തിനായി മാറ്റി വയ്ക്കും. കോർപറേറ്റ് ആവശ്യങ്ങൾക്കായും ഒരുചെറിയ പങ്കുനീക്കി വയ്ക്കും.
വിരേൻ രാജൻ രഹേജ, അക്ഷയ് രാജൻ രഹേജ, കൊറോണ ഇൻവെസ്റ്റ്‌മെന്റ്‌സ്, ഹാത്ത്വേ ഇൻവെസ്റ്റ്‌മെന്റ്‌സ്, ബ്ലൂമിങ്‌ഡേൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഫിനാൻസ് എന്നിവരാണ് നിലവിൽ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ഉടമകൾ ഈ പ്രമോട്ടർമാർക്ക് സംയുക്തമായി 87.67 ശതമാനം ഓഹരികൾ കൈവശമുണ്ട്.
ഏഷ്യാനെറ്റിന്റെ ഐപിഒ നിയന്ത്രിക്കുന്നത് ആക്‌സിസ് കാപ്പിറ്റൽ, നോമുറ ഫിനാൻഷ്യൽ അഡൈ്വസറി ആൻഡ് സെക്യൂരിറ്റീസ് എന്നിവരാണ്.കമ്പനിയുടെ സാമ്പത്തിക നിലയും ഭദ്രമാണ്. 2021 സാമ്പത്തിക വർഷം 510 കോടിയായിരുന്നു വരുമാനം. ബ്രോഡ്ബാൻഡ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിൽ വന്ന കുതിപ്പായിരുന്നു ഇതിന് കാരണം. വിപണി സാഹചര്യം മെച്ചപ്പെടുന്ന അവസരം നോക്കി ഏഷ്യാനെറ്റ് വീണ്ടും ഐപിഒ ക്ക് അപേക്ഷിക്കുമെന്നാണ് സൂചന.
മറുനാടന്‍ മലയാളി ബ്യൂറോ