- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇനി വെറും നാലുദിവസം മാത്രം; വില കുറച്ച് കാർ വാങ്ങാം, 54,000 രൂപ ലാഭിക്കു'; പരസ്യങ്ങൾ എമ്പാടും നിറഞ്ഞതോടെ വാഹനങ്ങൾ വാങ്ങാൻ ഷോറൂമുകളിലേക്ക് ആളുകളുടെ ഓട്ടം; കമ്പനികൾ കച്ചവടം കൊഴുപ്പിക്കുമ്പോൾ ആർടിഒ ഓഫീസുകളിലും വൻതിരക്ക്
തിരുവനന്തപുരം: വാഹനം വാങ്ങാൻ പ്ലാനുള്ളവരെല്ലാം ഷോറൂമുകളിലേക്ക് ഓട്ടമാണ്. കാരണം ഏപ്രിൽ ഒന്നു മുതൽ വാഹനങ്ങൾക്ക് വില കൂടുകയാണ്. പത്രങ്ങളിലെല്ലാം ആകർഷണീയ ഓഫറുകളുമായി കാർ കമ്പനികളുടെയും മറ്റും പരസ്യങ്ങൾ നിറയുന്നു. 'ബീറ്റ് ദ പ്രൈസ് ഹൈക്ക് ബയ് എ മാരുതി സുസുക്കി അരീന കാർ നൗ', 54,000 രൂപ ലാഭിക്കു. ഇങ്ങനെ പല കമ്പനികളും കച്ചവടം കൊഴുപ്പിക്കുന്നു.
ഏപ്രിൽ ഒന്നുമുതൽ റോഡ് നികുതി കൂടുന്നതാണ് ഈ തിരക്കിന് കാരണം. ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി, ഹോണ്ട, ഹീറോ മോട്ടോകോർപ്പ് എന്നിവയുടെയല്ലാം വാണിജ്യ വാഹനങ്ങളുടെ വില ഏപ്രിൽ 1 മുതൽ രണ്ട് മുതൽ അഞ്ച് ശതമാനം വരെ വർധിപ്പിക്കാനാണ് സാധ്യത. വാഹനങ്ങളുടെ മോഡലുകൾ ആശ്രയിച്ചായിരിക്കും വിലവർധന. 15,000 രൂപ മുതൽ 20,000 രൂപയുടെ വരെ കൂടിയേക്കാം. കാറുകൾക്ക് മാത്രമല്ല, ബൈക്കുകൾക്കും വില കൂടും. അതുകൊണ്ട് കൈപൊള്ളാതിരിക്കാൻ, ആളുകൾ നെട്ടോട്ടത്തിലാണ്.
ഇരുചക്ര വാഹനങ്ങൾക്ക് 15 വർഷത്തേക്കുള്ള ഒറ്റത്തവണ നികുതി രണ്ടുശതമാനം കൂടി. ഒരുലക്ഷംവരെ 11 ശതമാനം നികുതി ആയിരുന്നത് ഇനി 13 ശതമാനമാകും. ഒരുലക്ഷം വിലയുള്ള ബൈക്കിന 11,000 രൂപയ്ക്ക് പകരം 13,000 രൂപ കൊടുക്കണം. ഒന്ന് മുതൽ രണ്ടുലക്ഷം വരെ 13 ന് പകരം 15 ശതമാനം നികുതി കൊടുക്കണം.
അഞ്ചുലക്ഷം രൂപവരെയുള്ള കാറുകൾക്ക് നികുതി ഒൻപതിന് പകരം പത്തായി. അഞ്ചുലക്ഷം വിലയുള്ള കാറിന്റെ നികുതി 45,000 രൂപ ഉണ്ടായിരുന്നത് ഇനി അരലക്ഷം രൂപ അടയ്ക്കണം. അഞ്ച് മുതൽ 10 ലക്ഷം വരെ 13 ശതമാനവും(11) 10 മുതൽ 15 ലക്ഷം വരെ 15 ശതമാനവും നികുതി(13) അടയ്ക്കണം.
പെട്രോൾ-ഡീസൽ വില കൂടുന്നതുകൊണ്ട് ചെലവേറും, വിലയും കൂടും
ഏപ്രിൽ ഒന്ന് മുതൽ സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വർധന പ്രാബല്യത്തിൽ വരും. കൂടാതെ അടുത്ത മാസം മുതൽ രാജ്യത്ത് വാഹന മേഖലയിൽ പുതിയ റിയൽ ഡ്രൈവിങ് എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതോടെ ഇരുചക്ര വാഹനങ്ങൾക്കും കാറുകൾക്കും ഉൾപ്പെടെ വില ഉയരും. മലിനീകരണം നിയന്ത്രിക്കാൻ കൂടുതൽ കർശനമായ ബിഎസ്6 എമിഷൻ മാനദണ്ഡങ്ങൾ സർക്കാർ നടപ്പാക്കുന്നതിന്റെ ഫലമായാണ് വില വർധന. വാഹനങ്ങളിൽ ഇതിനായി പ്രത്യേക ഡയഗ്‌നോസ്റ്റിക് കിറ്റ് സ്ഥാപിക്കും. അതുകൊണ്ട് ഡീസൽ കാറുകൾക്ക് 65,000 മുതൽ 70,000 രൂപ വരെ വില വർധിക്കുമെന്നും പെട്രോൾ കാറുകൾക്ക് 15,000 മുതൽ 20,000 രൂപ വരെ വർധനയുണ്ടാകുമെന്നും ആണ് സൂചന. ഇരുചക്ര വാഹന വിഭാഗത്തിൽ ഒന്ന് മുതൽ മൂന്ന് ശതമാനം വില വർധന പ്രതീക്ഷിക്കുന്നു. ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ മോട്ടോർസൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില ഏപ്രിൽ 1 മുതൽ ഏകദേശം രണ്ട് ശതമാനം വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
മറുനാടന്‍ മലയാളി ബ്യൂറോ