- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈജൂസിന്റെ മൂല്യം കുത്തനെ കുറച്ച് ബ്ലാക്ക് റോക്ക്; ഇന്ത്യൻ എജ്യൂ ടെക് കമ്പനിയുടെ മൂല്യം 50 ശതമാനം കുറച്ച് 11.5 ബില്യൺ ഡോളറാക്കി; കോവിഡിന് കാലത്തിന് ശേഷം പ്രതീക്ഷിച്ച വരുമാനത്തിലേക്ക് ഉയരാൻ സാധിക്കാതെ പോയ കമ്പനിക്ക് തുടർച്ചയായി തിരിച്ചടികൾ
മുംബൈ: മലയാളിയായ ബൈജു തുടങ്ങിയ എജ്യൂ ടെക്ക് ഭീമനായ ബൈജൂസിന് ഇത് തിരിച്ചടികളുടെ കാലമാണ്. കുറച്ചുകാലമായി കമ്പനി മുന്നോട്ടു പോകുന്നത് പ്രതിസന്ധികൾക്ക് നടുവിലൂടെയാണ്. പിരിച്ചുവിടൽ നടപടികളിലേക്ക് അടക്കം ബൈജൂസ് കടന്നിരുന്നു. അടുത്തകാലത്ത് നടത്തിയ ഏറ്റെടുക്കലുകളും കമ്പനിക്ക് തിരിച്ചടിയാണ് സമ്മാനിച്ചത്. ഇതിനിടെ അന്താരാഷ്ട്ര ഇൻവെസ്റ്റ്‌മെന്റ് കമ്പനികളിൽ നിന്നും ബൈജൂസിന് തിരിച്ചടികൾ ഉണ്ടാകുകയാണ്.
എജ്യൂ ടെക് ഭീമനായ ബൈജൂസിന്റെ മൂല്യം കുറച്ച് അമേരിക്കൻ ബഹുരാഷ്ട്ര ഇൻവെസ്റ്റ്മെന്റ് കമ്പനിയായ ബ്ലാക്ക് റോക്ക് രംഗത്തുവന്നതാണ് ബൈജൂസിന് തിരിച്ചടിയാകുന്നത്. ബ്ലാക്ക് റോക്ക് മുമ്പ് നൽകിയ മൂല്യത്തിൽ നിന്നും പകുതിയായാണ് മൂല്യം കുറച്ചിരിക്കുന്നത്. ബ്ലാക്ക് റോക്ക് നൽകി ഇപ്പോഴത്തെ മൂല്യം 11.5 ബില്യൺ ഡോളറാണ്. അടുത്തകാലത്ത് കമ്പനിയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളാണ് തിരിച്ചിയായത്.
ബംഗളൂരു ആസ്ഥാനമായുള്ള ബൈജൂസിന് 2022ൽ അവസാനമായി വിലയിട്ടത് 22 ബില്യൺ ഡോളറായിരുന്നു. ഇതിൽനിന്ന് കുത്തനെ ഇടിവാണ് കമ്പനിക്കുണ്ടായിരിക്കുന്നതെന്നാണ് ടെക് മീഡിയ പ്ലാറ്റ്‌ഫോമായ ദി ആർക്ക് ആക്‌സസ് പറയുന്നു. കഴിഞ്ഞ വർഷം ജൂൺ മുതൽ ബ്ലാക്ക് റോക്ക് ബൈജൂസിന്റെ മൂല്യം കുറക്കുന്നുണ്ട്. ഈ സംഭവവികാസവുമായി ബന്ധപ്പെട്ട അഭിപ്രായത്തിന് ബൈജൂസിനെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നാണ് വാർത്ത റിപ്പോർട്ട് ചെയ്ത ബിസിനസ് സ്റ്റാന്റേർഡ്സ് പറഞ്ഞത്.
2020-ലാണ് ബ്ലാക്ക്‌റോക്ക് 12 ബില്യൺ ഡോളർ മൂല്യത്തിൽ ബൈജൂസിന്റെ ക്യാപ് ടേബിളിൽ (കമ്പനിയുടെ ഉടമസ്ഥതയെ കുറിച്ചുള്ള രേഖ) ചേർന്നത്. 2022 ഏപ്രിലിൽ ബ്ലാക്ക്‌റോക്ക്, ബൈജൂസിന്റെ ഓഹരികൾ യൂണിറ്റിന് ഏകദേശം 4,660 ഡോളറായി കണക്കാക്കി. കമ്പനിയുടെ മൂല്യം ഏകദേശം 22 ബില്യൺ ഡോളറായും കണക്കുകൂട്ടി. എന്നാൽ 2022 ഡിസംബർ അവസാനത്തോടെ ബൈജൂസിന്റെ ഓഹരികളുടെ മൂല്യം ഒരു ഷെയറിന് 2,400 ഡോളറായി ബ്ലാക്ക്‌റോക്ക് കുറച്ചു.
ലഭ്യമായ ഏറ്റവും പുതിയ സാമ്പത്തിക റിപ്പോർട്ട് അനുസരിച്ച്, 2021 സാമ്പത്തിക വർഷത്തിൽ ബൈജുവിന്റെ നഷ്ടം 4,588 കോടി രൂപയാണ്. മുൻവർഷത്തേക്കാൾ 19 മടങ്ങ് കൂടുതലാണിത്. കുട്ടികളുടെ കോഡിങ് സ്ഥാപനമായ വൈറ്റ്ഹാറ്റ് ജൂനിയറിനെ ഏറ്റെടുത്തതിലൂടെ മൊത്തം നഷ്ടത്തിന്റെ 26.73 ശതമാനവുമുണ്ടായത്. ഫെബ്രുവരിയിൽ, ബൈജൂസ് 1,000 ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് കൈമാറിയതായി റിപ്പോർട്ടുണ്ട്. നഷ്ടം കുറയ്ക്കുന്നതിനും കമ്പനിയെ ലാഭത്തിലാക്കുന്നതുമായാണ് ഈ നടപടി.
അതേസമയം, യുഎസ് നിക്ഷേപകരായ ഇൻവെസ്‌കോ ഫുഡ് ഡെലിവറി ഭീമനായ സ്വിഗ്ഗിയിലെ നിക്ഷേപം 23 ശതമാനമായി കുറച്ചതായി റിപ്പോർട്ട് പുറത്തുവന്നു. 2022 ജനുവരിയിൽ, ഇൻവെസ്‌കോയുടെ നേതൃത്വത്തിലുള്ള പുതിയ ഫണ്ടിംഗിൽ സ്വിഗ്ഗി 700 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. ഇതുവഴി കമ്പനിയുടെ മൂല്യം 10.7 ബില്യൺ ഡോളറാക്കിയിരുന്നു. മുമ്പുണ്ടായിരുന്നതിന്റെ ഏകദേശം ഇരട്ടിയായിരുന്നു ഈ മൂല്യം. ബിസിനസ് രംഗത്തെ വെല്ലുവിളിയും മാന്ദ്യവും ചൂണ്ടിക്കാട്ടി സ്വിഗ്ഗി ഈ വർഷമാദ്യം 6,000 തൊഴിലാളികളിൽ നിന്ന് 380 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
2021 സാമ്പത്തിക വർഷത്തിലുണ്ടായിരുന്ന 1,616.9 കോടി രൂപ നഷ്ടം 2022ൽ 2.24 മടങ്ങ് വർധിച്ച് 3,628.9 കോടി രൂപയായതായും വാർത്തയിൽ പറയുന്നു. ചെലവിൽ 227 ശതമാനം വർധനവാണുണ്ടായത്. മുൻ വർഷം 4,292.8 കോടിയാണ് ചെലവെങ്കിൽ 2022 സാമ്പത്തിക വർഷത്തിൽ ഇത് 9,748.7 കോടി രൂപയായി. സ്വിഗ്ഗി 5,704.9 കോടിയുടെ വരുമാനം റിപ്പോർട്ട് ചെയ്തിട്ടും ഇത് മുൻ സാമ്പത്തിക വർഷത്തേക്കാൾ ഇരട്ടി വർധനവാണ്.
കോഡിങ് പ്ലാറ്റ്‌ഫോമായ വൈറ്റ്ഹാറ്റ് ജൂനിയർ അടച്ചുപൂട്ടാൻ ബൈജൂസ് പദ്ധതിയിടുന്നതായി അടുത്തകാലത്ത് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രണ്ട് വർഷം മുമ്പ് 30 കോടി ഡോളറിനാണ് ബൈജൂസ് ഈ കമ്പനിയെ സ്വന്തമാക്കിയത്. ഇതുവരെ നടത്തിയ 17 ഏറ്റെടുക്കലുകളിൽ ബൈജൂസ് നടത്തിയ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്നായിരുന്നു വൈറ്റ്ഹാറ്റ് ജൂനിയർ. കോവിഡിന് ശേഷം സ്‌കൂളുകൾ വീണ്ടും തുറന്നതോടെ പ്രതീക്ഷിച്ച വരുമാനം ഇതിൽ നിന്നും നേടാനായില്ല. അതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് റിപ്പോർട്ടിൽ പറയുന്നു. ബൈജൂസ് ഈയടുത്ത് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുമായി ബന്ധപ്പെട്ട് ഇത്തരം വാർത്തകൾ പുറത്തുവരുന്നത്.
മറ്റ് പഠന സാങ്കേതികവിദ്യാ സ്റ്റാർട്ടപ്പുകളിൽ നിന്ന് വലിയ മത്സരം നേരിടുന്നതിനാൽ അവർക്കൊപ്പം പിടിച്ചുനിൽക്കാൻ ബൈജൂസ് ശ്രമിക്കുയാണ്. ഇതിനായി ബൈജൂസ് ലേണിങ് ആപ്പിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിന്റെ ഭാഗമായാണ് ഈ നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് ഡെസ്ക്