- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് പ്രധാന വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള പ്രഖ്യാപനവുമായി ബുർജീൽ ഹോൾഡിങ്സ്; ഡോ. ഷംഷീർ വയലിൽ ചെയർമാനായ കമ്പനി 11 % ഓഹരികൾ ലിസ്റ്റ് ചെയ്യും; വഴിയൊരുങ്ങിയത് യുഎഇയിലെ ഈ വർഷത്തെ ആദ്യ സ്വകാര്യ കമ്പനി ലിസ്റ്റിങിന്
അബുദാബി: 11 ശതമാനം ഓഹരികൾ അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ച് (എഡിഎക്‌സ്) പ്രധാന വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ച് പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്. മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുർജീൽ ഹോൾഡിങ്സിന്റെ ഭാഗമാകാൻ നിക്ഷേപകർക്ക് അവസരം നൽകിക്കൊണ്ടാണ് കമ്പനിയുടെ ആസൂത്രിത ലിസ്റ്റിങ്. സെപ്റ്റംബർ 30 വെള്ളിയാഴ്ച മുതൽ ഒക്ടോബർ 4 ചൊവ്വാഴ്ച വരെയാണ് ഓഹരികൾക്ക് അപേക്ഷിക്കാനുള്ള കാലയളവ്. ഒക്ടോബർ 10 തിങ്കളാഴ്ചയാണ് കമ്പനി എഡിഎക്സിൽ ലിസ്റ്റ് ചെയ്യുക.
200,397,665 പുതിയ ഓഹരികളും വിപിഎസ് ഹെൽത്ത്കെയറിന്റെ ഉടമസ്ഥതയിലുള്ള 350,331,555 ഓഹരികളുമാണ് നിക്ഷേപകർക്കായി ലഭ്യമാക്കുക. കമ്പനി പുറത്തിറക്കിയ പ്രോസ്‌പെക്ടസ് പ്രകാരം ഓഫർ ചെയ്ത മൊത്തം ഓഹരികളിൽ ആദ്യ വിഹിതത്തിൽ 10 ശതമാനം രണ്ടാം വിഹിതത്തിൽ 90 ശതമാനം എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്.
യുഎഇയിലും ഒമാനിലും നിരവധി ആരോഗ്യ സ്ഥാപനങ്ങളാണ് ബുർജീൽ ഹോൾഡിങ്സിന് കീഴിലുള്ളത്. ബുർജീൽ, മെഡിയോർ, എൽഎൽഎച്ച്, ലൈഫ്കെയർ, തജ്മീൽ ബ്രാൻഡുകളിലൂടെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ളവർക്ക് സമഗ്ര ആരോഗ്യ സേവനങ്ങൾ പ്രദാനം ചെയ്യാനുള്ള ശൃംഖലയാണ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ സവിശേഷത. ഡോ. ഷംഷീർ 2007ൽ സ്ഥാപിച്ച ഗ്രൂപ്പിന് കീഴിൽ 16 ആശുപത്രികൾ, 23 മെഡിക്കൽ സെന്ററുകൾ (പോളിക്ലിനിക്കുകൾ, ഡെന്റൽ, കോസ്‌മെറ്റിക്, ഹോംകെയർ സേവനങ്ങളുള്ള സ്‌പെഷ്യാലിറ്റി മെഡിക്കൽ സെന്ററുകൾ, പ്രത്യേക ഓർത്തോപീഡിക് സെന്റർ, ഐവിഎഫ് സെന്ററുകൾ), 15 ഫാർമസികൾ, അനുബന്ധ സേവനങ്ങൾക്കായുള്ള 7 സ്ഥാപനങ്ങൾ എന്നിവയാണുള്ളത്
2021-ൽ, 1.05 ലക്ഷം പേർക്ക് കിടത്തി ചികിത്സയും 4.8 ദശലക്ഷം ഒപി രോഗികൾക്കുള്ള ചികിത്സയുമാണ് ഗ്രൂപ്പ് നൽകിയത്. അർബുദ പരിചരണം, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ആരോഗ്യ സേവനങ്ങൾ, ഓർത്തോപീഡിക്സ്, ഹൃദ്രോഗം, നട്ടെല്ല് സംബന്ധമായ ചിത്സകൾ, ബാരിയാട്രിക്‌സ് എന്നീ മേഖലകളിലെ സമഗ്ര സേവനങ്ങൾ ഇതിലുൾപ്പെടും. ഇൻ-പേഷ്യന്റ് വിപണിയുടെ 17 ശതമാനവും ഔട്ട്-പേഷ്യന്റ് വിപണിയുടെ 12 ശതമാനവുമാണ് ഗ്രൂപ്പ് പ്രതിനിധീകരിക്കുന്നത്.
കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെ 3,351 മില്യൺ ദിർഹവും ഈ വർഷം ജൂൺ വരെയുള്ള ആദ്യ ആറുമാസം 1,898.4 മില്യൺ ദിർഹവുമാണ് ഗ്രൂപ്പിന്റെ വരുമാനം. EBITDA യഥാക്രമം 79.1 മില്യൺ , 414.2 മില്യൺ ദിർഹം വീതവും. 234.1 മില്യൺ ദിർഹം , 152.9 മില്യൺ ദിർഹം എന്നിങ്ങനെയാണ് ഈ കാലയളവിലെ അറ്റാദായം.
അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യാനുള്ള നീക്കം ഏറെ സന്തോഷത്തോടെയാണ് പ്രഖ്യാപിക്കുന്നതെന്നും അബുദാബി, യുഎഇ, മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പിന്റെ വളർച്ചയുടെ ഭാഗമാകാൻ നിക്ഷേപകർക്ക് മികച്ച അവസരം ഇതിലൂടെ ലഭ്യമാകുമെന്നും ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
'ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കാനും ക്ലിനിക്കൽ മികവ് പുലർത്താനുമുള്ള ദീർഘകാല കാഴ്‌ച്ചപ്പാടുകളാണ് കഴിഞ്ഞ 15 വർഷത്തെ കമ്പനിയുടെ വളർച്ചയ്ക്ക് അടിസ്ഥാനം. ഇന്റർനാഷണൽ ഹോൾഡിങ് കമ്പനിയുമായുള്ള (ഐഎച്ച്‌സി) പങ്കാളിത്തത്തിനു പിന്നാലെയുള്ള പ്രഖ്യാപനം പുതിയ കഴിവുകൾ, മൂലധനം, പുതിയ വിപണികളിലേക്കുള്ള പ്രവേശനം എന്നിവയിലൂടെ ബുർജീൽ ഹോൾഡിങ്സിന് പരിവർത്തനത്തിൽ സ്വാധീനം ചെലുത്തും. 2019-2021 കാലയളവിലെ 18% സംയുക്ത വാർഷിക വരുമാന വളർച്ചയും 37% EBITDA വളർച്ചയും കമ്പനിയുടെ ശക്തവും ലാഭകരവുമായ സാമ്പത്തിക പ്രകടനത്തിന്റെ പ്രതീകങ്ങളാണ്.' ഡോ. ഷംഷീർ പറഞ്ഞു.
40 മുതൽ 70 ശതമാനം വരെയുള്ള പേ-ഔട്ട് അനുപാതത്തിന്റെ അടിസ്ഥാനത്തിൽ 2023 മുതൽ ലാഭ വിഹിതം നൽകാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. 2023 ന്റെ ആദ്യ പകുതിയിലെ അറ്റാദായത്തിന്റെ അടിസ്ഥാനത്തിൽ 2023 ന്റെ രണ്ടാം പകുതിയിൽ ആദ്യ ഇടക്കാല ലാഭവിഹിതം നൽകും.
യുഎഇയിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് കമ്പനിയായ ഇന്റർനാഷണൽ ഹോൾഡിങ് കമ്പനി (IHC) അടുത്തിടെ ബുർജീൽ ഹോൾഡിങ്സിന്റെ 15 ശതമാനം ഓഹരികൾ ഏറ്റെടുത്തിടുന്നു. സൗദി അറേബ്യയിൽ 2030-ഓടെ ഒരു ബില്യൺ ഡോളർ വരെ നിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെ കമ്പനി സൗദി നിക്ഷേപ മന്ത്രാലയവുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്.
ബുർജീൽ ഹോൾഡിങ്സ് ഐപിഒ, സബ്സ്‌ക്രിപ്ഷൻ പ്രക്രിയ എന്നിവയെ കുറിച്ചുള്ള പ്രോസ്പെക്ടസ് വിശദമായ വിവരങ്ങൾ https://www.burjeelholdings.com/ipo വെബ്സൈറ്റിൽ ലഭ്യമാണ്.
മറുനാടന്‍ മലയാളി ബ്യൂറോ