ലോകത്തിലെ ഏറ്റവും നീളം കൂടിയ ഫാക്ടറിക്ക് തെലങ്കാനയിൽ തറക്കല്ലിട്ട് കിറ്റെക്സ്; വാറങ്കലിലെയും സീതാറാംപൂരിലെയും ഫാക്ടറികളിലായി 50,000 തൊഴിലവസരങ്ങൾ; കേരളത്തിൽ പ്രഖ്യാപിച്ച 3000 കോടിയുടെ നിക്ഷേപമാണ് കിറ്റെക്സ് തെലങ്കാനയിലേക്ക് പറിച്ചുനട്ടതെന്ന് സാബു എം ജേക്കബ്
- Share
- Tweet
- Telegram
- LinkedIniiiii
സീതാരാംപൂർ: കുട്ടികളുടെ വസ്ത്രങ്ങളിൽ ലോകത്തിലെ രണ്ടാമത്തെ വലിയ നിർമ്മാതാക്കളായ കിറ്റെക്സ് ഗ്രൂപ്പ്, തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ സീതാരാംപൂരിൽ 1.2 കിലോമീറ്റർ വീതം നീളമുള്ള മൂന്നു ഫാക്ടറികൾ, മൊത്തം 3 .6 കിലോമീറ്റർ നീളമുള്ള ഫൈബർ-ടു-അപ്പരൽ നിർമ്മാണ കേന്ദ്രം ഒരുക്കുന്നു. തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവു ഇന്നലെ തെലങ്കാനയിലെ സീതാരാംപൂരിൽ പുതിയ ഫാക്റ്ററിയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു.
250 ഏക്കർ വിസ്തൃതിയുള്ള സീതാരാംപൂർ കാമ്പസിൽ 3 .6 കിലോമീറ്റർ നീളമുള്ള ഫാക്ടറിക്ക് മറ്റു സൗകര്യങ്ങൾ ഉൾപ്പെടെ 4.5 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണം വരുമെന്ന് കിറ്റെക്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സാബു എം.ജേക്കബ് പറഞ്ഞു.
ടെക്സാസിലെ ടെസ്ലയുടെ ജിഗാഫാക്ടറിക്ക് 1,166 മീറ്റർ നീളവും, ബുർജ് ഖലീഫ 838 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടവും, ഗുജറാത്തിലെ സൂറത്ത് ഡയമണ്ട് ബോർഡ് 7.1 ദശലക്ഷം ചതുരശ്ര അടിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടവുമാണ്. 2024 സെപ്റ്റംബറിൽ ഈ കെട്ടിടത്തിന്റെ പണി പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഫാക്ടറി ആയി കിറ്റെക്സ് മാറും.
വാറങ്കലിലെ കാക്കാത്തിയ ടെക്സ്സ്റ്റൈൽ പാർക്കിൽ കഴിഞ്ഞ വർഷം പ്രവർത്തനമാരംഭിച്ച കിറ്റെക്സിന്റെ ആദ്യഘട്ട ഫാക്ടറി ഈ ഡിസംബറിൽ പൂർണമായി പ്രവർത്തന സജ്ജമാകും. വാറങ്കലിലെയും സീതാറാംപൂരിലെയും ഫാക്ടറികളിൽ രണ്ടു ഘട്ടങ്ങളായി ഏകദേശം അമ്പതിനായിരം തൊഴിലവസരങ്ങളാണ് ഇതിലൂടെ സജ്ജമാകുന്നത്. ഇതിൽ 80 ശതമാനവും സ്ത്രീകൾക്കാണ് തൊഴിൽ ലഭ്യമാവുക.
കേരളത്തിൽ പ്രഖ്യാപിച്ച 3000 കോടിയുടെ നിക്ഷേപമാണ് രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായി കിറ്റെക്സ് തെലങ്കാനയിലേക്ക് പറിച്ചുനട്ടത്. 2021-ൽ തെലങ്കാന സർക്കാർ പ്രത്യേക ചാർട്ടേഡ് വിമാനം അയച്ചു ഹൈദരാബാദിലേക്ക് കിറ്റെക്സിനെ ക്ഷണിക്കുകയും തുടർന്നു തെലങ്കാന സർക്കാരിന്റെ സൗഹൃദപരമായ സമീപനം ഏകദേശം 3000 കോടിയുടെ നിക്ഷേപം നടത്താൻ തന്നെ പ്രേരിപ്പിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവു വാറങ്കലിൽ നടത്തിയ ഭൂമിപൂജയിലും ശിലാസ്ഥാപന ചടങ്ങിലും മൈൻസ് ആൻഡ് ജിയോളജി വകുപ്പ് മന്ത്രി മഹീന്ദർ റെഡ്ഡി, ചെവല്ല എം പി രഞ്ജിത് റെഡ്ഡി , ചെവല്ല എം എൽ എ യാദയ്യ , പ്രിൻസിപ്പൽ സെക്രെട്ടറി ജയേഷ് രഞ്ജൻ, വാണിജ്യ വ്യവസായ വകുപ്പ് ഡിറക്ടർ കൃഷ്ണ പ്രഭാകർ ഐഎഎസ് , തെലങ്കാന സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപൊറേഷൻ എം ഡി യും വൈസ് ചെയർമാനുമായ ഇ വി നരസിംഹ റെഡ്ഡി , ഹാൻഡ്ലൂം ആൻഡ് ടെക്സ്സ്റ്റൈൽസ് വകുപ്പ് ഡിറക്ടർ ശ്രീമതി അളഗുവർഷിണി ഐഎഎസ് , രംഗറെഡ്ഡി ജില്ലാ കളക്ടർ ഡോ. എസ് ഹാരിഷ് തുടങ്ങിയവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ