കോവിഡ് കാലത്ത് എല്ലാവരും ഓൺലൈൻ പഠനത്തിലേക്ക് തിരിഞ്ഞിട്ടും എഡ്യുടെക് ഭീമനായ ബൈജൂസിന് മാത്രം നഷ്ടം; കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിക്ക് 4588 കോടിയുടെ നഷ്ടം; വരുമാനത്തിൽ 48 ശതമാനത്തിന്റെ ഇടിവ്; ബിസിനസ് മോഡലിലെ മാറ്റത്തിന്റെ പ്രതിഫലനം എന്നും വരുമാനം കുറഞ്ഞിട്ടില്ലെന്നും അവകാശപ്പെട്ട് ബൈജു രവീന്ദ്രൻ
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: എഡ്യുടെക് ആപ്പുകളുടെ കാലമാണ് ഇപ്പോൾ. ഈ രംഗത്തെ മുടിചൂടാമന്നന്മാരാണ് ബൈജൂസ്. അടുത്തകാലത്ത് ചില വിവാദങ്ങളിൽ ഒക്കെ പെട്ടതൊഴിച്ചാൽ, നാൾക്കുനാൾ വളർച്ച രേഖപ്പെടുത്തിയ കമ്പനി. എന്നാൽ, 2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ, ബൈജൂസിന് 4588 കോടിയുടെ നഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷം നഷ്ടം 262 കോടിയായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം ബൈജൂസിന്റെ വരുമാനം 2280 കോടിയായി പുനഃക്രമീകരിച്ചു. നേരത്തെ 4400 കോടിയായിരുന്നു വരുമാനം പ്രതീക്ഷിച്ചിരുന്നത്. ഇപ്പോഴത്തെ വരുമാനം 48 ശതമാനത്തിന്റെ ഇടിവാണ് കാണിക്കുന്നത്. പ്രതിദിനം 12.5 കോടിയാണ് കമ്പനിയുടെ നഷ്ടം.
ബിസിനസ് മോഡലിലെ മാറ്റത്തിന്റെ പ്രതിഫലനമോ?
കോവിഡ് മൂലം ബിസിനസ് മോഡലിൽ വന്ന മാറ്റങ്ങളാണ് ഇപ്പോൾ പ്രതിഫലിക്കുന്നതെന്നാണ് സ്ഥാപകനും, സിഇഒയുമായ ബൈജു രവീന്ദ്രൻ ഓഹരി ഉടമകളെ കഴിഞ്ഞ ഒരാഴ്ചയായി ധരിപ്പിച്ചുവരുന്നത്. 2020 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ബൈജൂസ് മെച്ചപ്പെട്ട വരുമാന വളർച്ച രേഖപ്പെടുത്തിയെന്ന് ബൈജു രവീന്ദ്രൻ എക്കണോമിക് ടൈംസിനോട് പറഞ്ഞു. ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത് പോലെ റവന്യു നഷ്ടം ഉണ്ടായിട്ടില്ല. അടുത്ത സാമ്പത്തിക വർഷം ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ സാമ്പത്തിക വർഷ കാലത്ത്, കോവിഡ് മൂലം സ്കൂളുകൾ അടഞ്ഞു കിടക്കുകയായിരുന്നു. എല്ലാവരും ഓൺലൈൻ പഠനത്തിലേക്ക് തിരിഞ്ഞ സമയത്തും, പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല എന്നത് ബൈജൂസിനെ ഇരുത്തി ചിന്തിപ്പിക്കും. അതേസമയം ഓഡിറ്ററായ ഡിലോയിറ്റുമായുള്ള തർക്കത്തെ തുടർന്ന് വൈകിയാണ് ബൈജൂസിന്റെ സാമ്പത്തിക വിവരങ്ങൾ പുറത്ത് വന്നത്. ബൈജൂസ് ലാഭം കണക്കാക്കുന്നതിൽ ചില പ്രശ്നങ്ങൾ ഡിലോയിറ്റ് ചൂണ്ടിക്കാണിച്ചുവെന്നാണ് റിപ്പോർട്ട്. ഇതാണ് കോർപ്പറേറ്റ് മന്ത്രാലയത്തിൽ സാമ്പത്തിക റിപ്പോർട്ടിന്റെ സമർപ്പണം വൈകുന്നതിലേക്ക് നയിച്ചത്. എന്നാൽ, 2022 സാമ്പത്തിക വർഷത്തിൽ വരുമാനം 10,000 കോടിയായെന്ന് ബൈജൂസ് പറയുന്നുണ്ട്. ആ വർഷത്തിലെ ലാഭമോ നഷ്ടമോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
വളരെ കുറച്ച് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ മാത്രമേ ഇത്തരമൊരു സാമ്പത്തിക നഷ്ടം അഭിമുഖീകരിച്ചിട്ടുള്ളൂവെന്ന് ടെക്നോളജി, ബിസിനസ് അനാലിസിസ് വെബ്സൈറ്റായ ദ മോണിങ് കോൺടക്സ്റ്റ് പറയുന്നു. സമാനമായ നഷ്ടം റിപ്പോർട്ടു ചെയ്തത് മൾട്ടി നാഷണൽ ഹോസ്പിറ്റാലിറ്റി ശൃംഖലയായ ഓയോക്കാണ്. 2020-21 സാമ്പത്തിക വർഷത്തിൽ 3943 കോടി രൂപയുടെ നഷ്ടമാണ് ഓയോക്ക് ഉണ്ടായത്.
4588 കോടിയുടെ നഷ്ടം ബൈജൂസും വൈറ്റ്ഹാറ്റ് ജൂനിയറും തമ്മിൽ തുല്യമായി പങ്കിടുകയാണെന്ന് ബൈജു രവീന്ദ്രൻ പറഞ്ഞു. 2020 ൽ ബൈജൂസ് ഏറ്റെടുത്ത കമ്പനിയാണ് വൈറ്റ്ഹാറ്റ് ജൂനിയർ.
ആഗോള മാന്ദ്യം ഓൺലൈൻ വിദ്യാഭ്യാസ മേഖലയെ തളർത്തിയപ്പോഴും, വൈവിധ്യവത്കരണത്തിലൂടെ ബൈജൂസിന് വളർച്ച നേടാൻ കഴിഞ്ഞുവെന്നാണ് ബൈജു രവീന്ദ്രൻ പറയുന്നത്. 'എന്റെ നിക്ഷേപകർ ഇപ്പോഴും ആവേശത്തിലാണ്. ധാരാളം എഡ്യുടെക് കമ്പനികൾ കോവിഡ് കാലത്ത് പച്ചപിടിച്ചു...പക്ഷേ മേഖലയിൽ ആഗോള മാന്ദ്യത്തിന്റെ പ്രതിഫലനമുണ്ട്. എന്നിരുന്നാലും, ഞങ്ങൾക്ക് വൈവിധ്യകരണത്തിന് സാധിച്ചു. ആകാശ്, ഗ്രേറ്റ് ലേണിങ് , ഇവയെല്ലാം നല്ല വളർച്ച രേഖപ്പെടുത്തുന്നു...വൈറ്റ്ഹാറ്റ് ജൂനിയറിൽ പുതിയ വിദ്യാർത്ഥികളെ കണ്ടെത്തുക മാത്രമാണ് വെല്ലുവിളി', ബൈജു രവീന്ദ്രൻ എക്കണോമിക് ടൈംസിനോട് പറഞ്ഞത് ഇങ്ങനെ.
2015 ലാണ് ലോകത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസിന് തുടക്കം കുറിക്കുന്നത്. ഫേസ്ബുക്ക് സ്ഥാപകൻ സക്കർബർഗിന്റെ മകളുടെ പേരിലുള്ള ചാൻ സക്കൻബർഗ് ഇനീഷ്യേറ്റീവാണ് ഇതിൽ കൂടുതൽ മൂല്യ നിക്ഷേപം നടത്തിയിരിക്കുന്നത്. അമേരിക്കൻ കമ്പനികളായ ടിഗർ ഗ്ലോബൽ, ജനറൽ അറ്റ്ലാന്റിക് എന്നിവയും ഇതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്
മറുനാടന് മലയാളി ബ്യൂറോ