ക്രിപ്റ്റോ കറൻസിയുടെ ലോകം നിങ്ങൾക്ക് അറിയാമോ? അത് സുരക്ഷിതമാണോ? ലാഭം കിട്ടുമോ? തട്ടിപ്പുകാരെ എങ്ങനെ തിരിച്ചറിയാം? ക്രിപ്റ്റോ ഭാവിയിലെ നയമായി മാറുമോ? ക്രിപ്റ്റോ കറൻസി തട്ടിപ്പുകൾ പതിവായപ്പോൾ നിങ്ങളറിയാൻ ചില കാര്യങ്ങൾ
- Share
- Tweet
- Telegram
- LinkedIniiiii
സമ്പൂർണ്ണ ഡിജിറ്റൽ യുഗത്തിലേക്ക് ലോകം മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ക്രിപ്റ്റോ കറൻസിക്ക് പ്രാധാന്യം വർദ്ധിക്കുന്നത്. എന്നാൽ, ഇതിന്റെ പേരിൽ ഏറെ തട്ടിപ്പുകളും നടക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഭാവിയിലെ കറൻസി ക്രിപ്റ്റോ ആയിരിക്കുമെന്ന് സാമ്പത്തിക രംഗത്തെ പല പ്രമുഖരും പ്രസ്താവിച്ചിരിക്കുന്ന സാഹചര്യത്തിൽ അതിനെ കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ക്രിപ്റ്റോ കറൻസ്, (ക്രിപ്റ്റോ എന്നും അറിയപ്പെടുന്നു) ഒരു ഡിജിറ്റൽ കറൻസിയാണ്. വിവിധ ഇടപാടുകൾ നടത്തുന്നതിനുള്ള ഒരു മാധ്യമമായിട്ടാണ് ഇതിനെ രൂപകൽപന ചെയ്തിരിക്കുന്നത്. ബീജക്ഷര ലേഖന വിദ്യ എന്നോ ഗോപ്യഭാഷ എന്നോ ഒക്കെ മലയാളത്തിൽ പറയാവുന്ന, കോഡുകൾ ഉപയോഗിച്ച് വിവരങ്ങൾ സൂക്ഷിക്കപ്പെടുന്ന ക്രിപ്റ്റോഗ്രഫി എന്ന സങ്കേതമുപയോഗിച്ചാണ് ഇതിനെ സംരക്ഷിക്കുന്നതും, ഇടപാടുകൾ പരിശോധിക്കുന്നതും. അതുപോലെ ഒരുനിശ്ചിത ഡിജിറ്റൽ കറൻസിയുടെ പുതിയ യൂണിറ്റുകൾ സൃഷ്ടിക്കുന്നതിനും ഈ സങ്കേതം ഉപയോഗിക്കുന്നു.
കമ്പ്യുട്ടറുകളുടെ ഒരു ഡിസ്ട്രിബ്യുട്ടഡ് നെറ്റ്വർക്ക് ഉപയോഗിച്ച് പ്രാവർത്തികമാക്കുന്ന ഡിസ്ട്രിബ്യുട്ടഡ് ലെഡ്ജർ എന്ന് പറയാവുന്ന ബ്ലോക്ക്ചെയിൻ സാങ്കേതിക വിദ്യയിലാണ് മിക്കവാറും ക്രിപ്റ്റോ കറൻസികൾ വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ രൂപ, ബ്രിട്ടീഷ് പൗണ്ട് എന്നൊക്കെ പോലുള്ള നിലവിലെ കറൻസികളിൽനിന്നും ക്രിപ്റ്റോ കറൻസിക്കുള്ള പ്രധാന വ്യത്യാസം ഇത് ഏതെങ്കിലും കേന്ദ്രീകൃതമായ അധികരകേന്ദ്രത്തിൽ നിന്നും വിതരണം ചെയ്യപ്പെടുന്നതല്ല എന്നതാണ്.
ഒരു കേന്ദ്ര ബാങ്കിന്റെയോ, സർക്കാരുകളുടെയൊ പിന്തുണയില്ലാതെയണ് ഭൂരിഭാഗം ക്രിപ്റ്റോ കറൻസികളും പ്രവർത്തിക്കുന്നത്. നോട്ടോകളായിട്ടോ, നാണയങ്ങൾ ആയിട്ടോ ക്രിപ്റ്റോ കറൻസി കാണാൻ ആകില്ല, അവ സ്ഥിതി ചെയ്യുന്നത് ഇന്റർനെറ്റിൽ മാത്രമാണ്. ഒരു വെർച്വൽ ടോക്കൺ എന്ന് ഇതിനെ വിളിക്കാം. ഇത് വാങ്ങുന്നവരും വിൽക്കുന്നവരുംഒക്കെ തീരുമാനിക്കുന്നതുപോലെ ഇതിന്റെ മൂല്യത്തിൽ വ്യത്യാസം വന്നുകൊണ്ടിരിക്കും.
താരതമ്യേന പുതിയ നിക്ഷേപോപാധി ആയതിനാൽ ക്രിപ്റ്റോ കറൻസിയുടെ ലോകത്ത് പ്രകടമായ അസ്ഥിരത നിലനിൽക്കുന്നുണ്ട്. പലരും പെട്ടെന്ന് ധനികരാകാനും, എന്തെങ്കിലും വാങ്ങാനുമൊക്കെയായി ക്രിപ്റ്റോ കറൻസിയിൽ പരീക്ഷണാർത്ഥം പണം നിക്ഷേപിക്കുന്നുണ്ട്. ആളുകൾ ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുമ്പോൾ അതിന്റെ മൂല്യം ഉയരും. അതുപോലെ വിപണിയിൽ ക്രിപ്റ്റോ കറൻസിക്ക് ക്ഷാമം നേരിടുമ്പോഴും അതിന്റെ മൂല്യം ഉയരും.
ക്രിപ്റ്റോ കറൻസിയുടെത് ഒരു സുനിശ്ചിതമായ മെക്കാനിസമാണ്. ഒരു നിശ്ചിത തുകയിൽ കൂടുതൽ കറൻസികൾ ലഭ്യമാകില്ല. ഉദാഹരണത്തിന് ബിറ്റ്കോയിൻ 21 മില്യൺ ആണ് അവരുടെ പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ആവശ്യക്കാർ കൂടുമ്പോൾ സ്വാഭാവികമായും അതിന്റെ മൂല്യം വർദ്ധിക്കും. ചില ക്രിപ്റ്റോ കറൻസികൾ വിപണിയിൽ ലഭ്യമായ ക്രിപ്റ്റോ കറൻസികളിൽ കുറച്ച് ഇല്ലാതെയാക്കിയും അതിന്റെ മൂല്യം വർദ്ധിപ്പിക്കാൻ ശ്രമിക്കും. ബേണിങ് മെക്കാനിസം എന്നാണ് അതിനെ പറയുന്നത്.അതുപോലെ അക്കൗണ്ടിൽ ധാരാളം ക്രിപ്റ്റോ കറൻസിയുള്ളവർ അത് വിറ്റഴിക്കാൻ കൂട്ടത്തോടെ ശ്രമിക്കുമ്പോൾ അതിന്റെ മൂല്യം കുറയുകയും ചെയ്യും.
ക്രിപ്റ്റോ കറൻസി പെരുകാൻ തുടങ്ങിയതോടെ ലോക വ്യപകമായി തന്നെ പല നിയന്ത്രണങ്ങളും അതിന്മേൽ വന്നു തുടങ്ങിയിട്ടുണ്ട്. 2017-ലും 2018 ലും കണ്ട അമിതാവേശത്തെ തുടർന്ന് അമേരിക്കയിൽ സെക്യുരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ഇനിഷ്യൽ കോയിൻ ഓഫറിങ്സ് തടയാൻ ശ്രമിച്ചു തുടങ്ങിയിട്ടുണ്ട്. മറ്റു പല സർക്കർ ഏജൻസികളും ക്രിപ്റ്റോ കറൻസിക്കെതിരെ കർശന നിലപാടുകൾ എടുത്തിട്ടുണ്ട്.
അമേരിക്കയ്ക്ക് പുറത്തും പല നിയന്ത്രണങ്ങൾ വന്നിട്ടുണ്ട് ക്രിപ്റ്റോ കറൻസിയുടെ ഇടപാടുകൾക്ക് യൂറോപ്യൻ യൂണിയൻ കൃത്യമായ മനദണ്ഡങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാലും, ക്രിപ്റ്റോ കറൻസി എന്നത് താരതമ്യേന പുതിയൊരു വ്യവസായ മേഖല ആയതിനാൽ പലയിടങ്ങളിലും നിയമപരമായ വ്യക്തത ഇനിയും കൈവന്നിട്ടില്ല.
മറുനാടന് ഡെസ്ക്